തെളിവുകൾ സംരക്ഷിക്കണമെന്ന് ആവശ്യം; എഡിഎമ്മിന്റെ കുടുംബത്തിന്റെ ഹർജിയിൽ റിപ്പോർട്ട് തേടി കോടതി
Mail This Article
കണ്ണൂർ ∙ എഡിഎം കെ.നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തെളിവുകൾ നഷ്ടപ്പെടാതിരിക്കാൻ കോടതിയുടെ ഇടപെടൽതേടി ഭാര്യ മഞ്ജുഷ നൽകിയ ഹർജിയിൽ കോടതി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടറുടെ റിപ്പോർട്ട് തേടി. റിപ്പോർട്ട് 23ന് നൽകാനാണ് കണ്ണൂർ ചീഫ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി നിർദേശിച്ചത്.
ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യ, യാത്രയയപ്പ് യോഗത്തിന്റെ മുഖ്യസാക്ഷിയായ കലക്ടർ അരുൺ കെ.വിജയൻ, പെട്രോൾ പമ്പ് തുടങ്ങാൻ അപേക്ഷ നൽകിയ ടി.വി.പ്രശാന്ത് എന്നിവരുടെ മൊബൈൽ ഫോൺ വിളികളുടെ വിശദാംശങ്ങളും ടവർ ലൊക്കേഷൻ വിവരങ്ങളും നഷ്ടപ്പെടാതെ സൂക്ഷിക്കാൻ നിർദേശിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. പി.പി.ദിവ്യയുടെയും അരുൺ കെ.വിജയന്റെയും ഔദ്യോഗിക മൊബൈൽ നമ്പറുകൾക്കു പുറമേ പഴ്സനൽ നമ്പറുകളിൽനിന്നുള്ള ഫോൺ വിളികളുടെ വിവരങ്ങളും കേസുമായി ബന്ധപ്പെട്ട സിസി ടിവി ദൃശ്യങ്ങളും നഷ്ടപ്പെടാതെ സൂക്ഷിക്കാൻ നിർദേശിക്കണമെന്നും ഹർജിയിൽ പറയുന്നു.
പൊലീസ് അന്വേഷണം തൃപ്തികരമല്ലെങ്കിൽ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് കുടുംബം നേരത്തേ കോടതിയെ അറിയിച്ചിരുന്നു. ഇതിന് അനുമതി ലഭിച്ചാൽ തെളിവുകൾ നഷ്ടപ്പെടാതിരിക്കാനാണ് ഇവ സംരക്ഷിക്കാൻ ആവശ്യപ്പെടുന്നതെന്നും ഹർജിയിൽ പറയുന്നു.