വിഎസ് പക്ഷത്തിന് അവസാന ഏരിയ കമ്മിറ്റിയും നഷ്ടമായി ; കാർത്തികപ്പള്ളിയിൽ പിണറായി പക്ഷം
Mail This Article
ആലപ്പുഴ∙ സംസ്ഥാനത്തു സിപിഎമ്മിലെ വിഎസ് പക്ഷത്തിന്റെ സ്വന്തമായിരുന്ന അവസാന ഏരിയ കമ്മിറ്റിയും പിണറായി പക്ഷം പിടിച്ചെടുത്തു. സംസ്ഥാന, ജില്ലാ തലങ്ങളിൽ ഗ്രൂപ്പ് സമവാക്യങ്ങൾ മാറിയിട്ടും വർഷങ്ങളായി വിഎസ് പക്ഷത്ത് ഉറച്ചുനിന്ന കാർത്തികപ്പള്ളി ഏരിയ കമ്മിറ്റിയാണു മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ പിണറായി പക്ഷത്തിന്റെ കയ്യിലായത്. സജി ചെറിയാൻ പക്ഷവുമായി അടുപ്പമില്ലാത്ത ജില്ലാ നേതൃത്വം ഒത്തുതീർപ്പ് നിലപാടെടുത്തതും ഈ മാറ്റത്തിനു കാരണമായി. ഇന്നലെ സമാപിച്ച ഏരിയ സമ്മേളനത്തിൽ ജില്ലാ സമ്മേളന പ്രതിനിധികളെയും ഏരിയ സെക്രട്ടറിയെയും തിരഞ്ഞെടുക്കുമ്പോൾ തർക്കമുണ്ടായിരുന്നു. വിഎസ്, പിണറായി പക്ഷങ്ങൾ വിട്ടുവീഴ്ചയില്ലാതെ വാശിയോടെ നിന്നപ്പോൾ മത്സരത്തിലേക്കു നീങ്ങിയെങ്കിലും ഒടുവിൽ വിഎസ് പക്ഷം വഴങ്ങി.
മുഖ്യമന്ത്രിയെയും മന്ത്രി മുഹമ്മദ് റിയാസിനെയും രൂക്ഷമായി വിമർശിച്ചതിലൂടെ സമ്മേളനത്തിലെ ചർച്ച ശ്രദ്ധ നേടിയിരുന്നു. പിണറായിയാണു പാർട്ടി എന്ന തോന്നൽ ശരിയല്ലെന്നും ഏതു വിഷയത്തിലും അഭിപ്രായം പറയാൻ റിയാസിനെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്നും വിമർശനം ഉയർന്നിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ മന്ത്രിമാർ ഏതെങ്കിലും ഒരു സ്ഥാനം ഒഴിയണമെന്ന ആവശ്യവും ഇവർ ഉന്നയിച്ചു. ഏരിയ കമ്മിറ്റി പിടിച്ചെടുക്കാൻ നേതൃത്വം നൽകിയ സജി ചെറിയാനെ ഉന്നം വച്ചായിരുന്നു ഇത്. പാർട്ടി വാർത്തകൾ ചോരുന്നത് അന്വേഷിക്കണമെന്ന ആവശ്യവും ഉയർന്നു.