വെർച്വൽ ക്യു പരിധി: ഹൈക്കോടതി നിർദേശം കാത്ത് ദേവസ്വം ബോർഡ്
Mail This Article
ശബരിമല ∙ വെർച്വൽ ക്യു പരിധി കൂട്ടുന്ന കാര്യം ദേവസ്വം ബോർഡ് യോഗത്തിൽ തീരുമാനമായില്ല. ദർശനം നടത്തുന്ന തീർഥാടകരുടെ എണ്ണം കുറഞ്ഞതിനാൽ വെർച്വൽ ക്യു പരിധി 80,000 ആയി ഉയർത്തണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ഇതരസംസ്ഥാനങ്ങളിലെ തീർഥാടക സംഘങ്ങൾ ദേവസ്വം ഓഫിസിൽ വിളിച്ച് വെർച്വൽ ക്യു കിട്ടാത്തതിനാൽ തീർഥാടനത്തിന് എത്താൻ കഴിയാത്തതിന്റെ പ്രയാസങ്ങൾ പങ്കുവയ്ക്കുന്നുണ്ട്. സ്പെഷൽ കമ്മിഷണർ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചിരുന്നു.
ഇക്കാര്യങ്ങൾ ഇന്നലെ ചേർന്ന ദേവസ്വം ബോർഡ് യോഗം ചർച്ച ചെയ്തെങ്കിലും ഹൈക്കോടതിയുടെ നിർദേശം വരുമോ എന്നു നോക്കാമെന്നാണു ബോർഡിലെ ധാരണ. 24നു സന്നിധാനത്ത് പത്രസമ്മേളനം നടത്തി ബോർഡിന്റെ നിലപാട് വിശദീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇന്നലെ തത്സമയ ബുക്കിങ് വഴി ദർശനത്തിന് എത്തിയത് 2350 പേർ മാത്രമാണ്. ചൊവ്വാഴ്ച 4435 പേർ സ്പോട് ബുക്കിങ് പ്രയോജനപ്പെടുത്തി. ഇന്നലെ വൈകിട്ട് 7 വരെ ദർശനം നടത്തിയത് 50,223 പേർ മാത്രമാണ്.