എഴുന്നള്ളിപ്പ് നിലനിർത്തും ; ആനകളുടെ ആരോഗ്യം ഉറപ്പാക്കും : മന്ത്രി ശശീന്ദ്രൻ
Mail This Article
തിരുവനന്തപുരം ∙ ആചാരങ്ങളിലും ഉത്സവങ്ങളിലും ആന എഴുന്നള്ളിപ്പ് നിലനിർത്തുന്നതിനൊപ്പം നാട്ടാനകളുടെ ആരോഗ്യവും സംരക്ഷണവും ഉറപ്പുവരുത്തുമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ. നാട്ടാന പരിപാലന കരടുചട്ടം സംബന്ധിച്ച് ആന ഉടമകൾ, മൃഗസ്നേഹികൾ, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആന ഉടമകൾ, ഉത്സവ നടത്തിപ്പുകാർ, ആന പരിപാലന സംഘടനകൾ എന്നിവരുടെ നിർദേശം കൂടി പരിഗണിച്ച് ചട്ടം നടപ്പിലാക്കും.
നിലവിൽ സംസ്ഥാനത്ത് 381 നാട്ടാനകൾ ഉള്ളതിൽ 39 എണ്ണം വനം വകുപ്പിന്റെ സംരക്ഷണയിലാണ്. 2018ൽ 521 ആനകൾ ഉണ്ടായിരുന്നു. എണ്ണം കുറയുകയും ഉത്സവങ്ങളിലടക്കം ആനകൾക്ക് ആവശ്യം കൂടുകയും ചെയ്യുന്ന സാഹചര്യമാണ് കേരളത്തിലെന്നു മന്ത്രി പറഞ്ഞു. മന്ത്രി കെ. ബി. ഗണേഷ് കുമാർ , വനം മേധാവി ഗംഗാ സിങ്, അഡീഷനൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർമാരായ പ്രമോദ് ജി. കൃഷ്ണൻ, രാജേഷ് രവീന്ദ്രൻ, പി. പുകഴേന്തി, എൽ. ചന്ദ്രശേഖർ, ജസ്റ്റിൻ മോഹൻ തുടങ്ങിയവർ പ്രസംഗിച്ചു.