വിദ്വേഷപരസ്യത്തിന്റെ ഉത്തരവാദി മന്ത്രി രാജേഷ്: വി.ഡി.സതീശൻ
Mail This Article
കാസർകോട് ∙ പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 2 പത്രങ്ങളിൽ വിദ്വേഷപരസ്യം നൽകിയതിന്റെ ഉത്തരവാദി മന്ത്രി എം.ബി.രാജേഷെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. എന്നിട്ടും മന്ത്രി ന്യായീകരിക്കുകയാണ്. മന്ത്രി കണ്ട ശേഷമാണ് പരസ്യം നൽകിയത്. സിപിഎം സംഘപരിവാറിന്റെ വഴികളിലൂടെ യാത്ര ചെയ്യുകയാണ്. പാർട്ടിപ്പത്രത്തിൽ പോലും കൊടുക്കാൻ പറ്റാത്ത പരസ്യം മുസ്‌ലിം സംഘടനകളുടെ പത്രത്തിൽ കൊടുത്താണ് വിദ്വേഷം ജനിപ്പിക്കാൻ ശ്രമിച്ചത്. യുഡിഎഫ് ഇതിനെ നിയമപരമായി നേരിടും.
പാണക്കാട് തങ്ങളെ വിമർശിക്കാൻ പാടില്ലെന്ന് ആരും പറഞ്ഞിട്ടില്ല. ഇവരെല്ലാം കേരളത്തിന്റെ മതനിരപേക്ഷതയെ കളങ്കപ്പെടുത്താൻ ശ്രമിക്കുമ്പോഴാണ് പാണക്കാട് സാദിഖലി തങ്ങൾ മുനമ്പം വിഷയത്തിൽ ബിഷപ്പുമാർ ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തിയത്. ആ മനുഷ്യനെയാണ് വർഗീയവാദിയെന്നു പറഞ്ഞ് വേട്ടയാടുന്നത്. ഒ.കെ.വാസുവിനെ ചുവന്ന മാലയിട്ട് സ്വീകരിച്ച് മലബാർ ദേവസ്വത്തിന്റെ പ്രസിഡന്റാക്കിയ ആളാണ് പിണറായി വിജയൻ. അങ്ങനെയുള്ള ആളാണ് സന്ദീപ് വാരിയർ കോൺഗ്രസിൽ ചേർന്നതിനെ പരിഹസിക്കുന്നത്. പൂരം കലക്കിയതുമായി ബന്ധപ്പെട്ട പ്രതിപക്ഷ ആരോപണത്തിന് അടിവരയിടുന്ന റിപ്പോർട്ടാണ് കൊച്ചിൻ ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ നൽകിയത്. അജിത് കുമാറാണ് പൂരം അലങ്കോലമാക്കിയതെന്നാണ് റിപ്പോർട്ടിൽ പറയുന്നത് – സതീശൻ പറഞ്ഞു.