ആധാരങ്ങളിലെ അണ്ടർ വാല്യുവേഷൻ; കേസുകൾ തീർപ്പാക്കാൻ സെറ്റിൽമെന്റ് കമ്മിഷൻ
Mail This Article
തിരുവനന്തപുരം∙ ആധാരങ്ങളിലെ അണ്ടർ വാല്യുവേഷൻ കേസുകൾ തീർപ്പാക്കാൻ സർക്കാർ പുതിയ സെറ്റിൽമെന്റ് കമ്മിഷൻ രൂപീകരിച്ചു. 1986 മുതൽ 2017 മാർച്ച് വരെ ആധാരങ്ങളിൽ വില കുറച്ച് റജിസ്റ്റർ ചെയ്തതായി റിപ്പോർട്ട് ചെയ്ത കേസുകൾ തീർപ്പാക്കലാണു ലക്ഷ്യം. ജില്ലാ തലത്തിലും സെറ്റിൽമെന്റ് കമ്മിഷനുകളും രൂപീകരിക്കും. അടുത്ത വർഷം മാർച്ച് 31 വരെയാണ് സെറ്റിൽമെന്റ് കമ്മിഷനുകളുടെ കാലാവധി. ഓരോ റവന്യു ജില്ലയിലും റജിസ്ട്രാർമാർ ജില്ലാ ചെയർമാന്മാരാകും. ഒരു മാസത്തിനകം ബാക്കിയുള്ള തുക അടയ്ക്കാനായി നോട്ടിസ് നൽകുകയും തീർപ്പാകാത്ത കേസുകളിൽ റവന്യു റിക്കവറി നടപടികളിലൂടെ തുക ഈടാക്കുകയും ചെയ്യും. നടപടികളിലെ പുരോഗതി റജിസ്ട്രേഷൻ ഡപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ വിലയിരുത്തും.
-
Also Read
പ്രത്യേക നിക്ഷേപമേഖല: പൂർണ ഭരണം ബോർഡിന്
കോംപൗണ്ടിങ് സ്കീമും പ്രഖ്യാപിച്ചു
2017 ഏപ്രിൽ 1 മുതൽ 2023 മാർച്ച് 31 വരെയുള്ള കാലയളവിലെ അണ്ടർ വാല്യുവേഷൻ കേസുകൾക്കായി കോംപൗണ്ടിങ് സ്കീം പ്രഖ്യാപിച്ചു. ഈ കാലയളവിൽ 1959 ലെ കേരള സ്റ്റാംപ് നിയമപ്രകാരം റിപ്പോർട്ട് ചെയ്ത അണ്ടർ വാല്യുവേഷൻ കേസുകൾ തീർപ്പാക്കാനാണു പദ്ധതി.
അണ്ടർ വാല്യുവേഷന് റിപ്പോർട്ട് ചെയ്ത കുറവ് മുദ്രപ്പത്ര വിലയുടെ 50% മാത്രം അടച്ചാൽ തുടർ നടപടികളിൽ നിന്നു പൂർണമായും ഒഴിവാകാം. നിലവിൽ റവന്യു റിക്കവറി നടപടികളിൽ ഉൾപ്പെടുത്തിയിട്ടുള്ള കേസുകൾക്കും കുറവ് മുദ്രപ്പത്ര വിലയുടെ 50% അടച്ച് നടപടികളിൽ നിന്നു പൂർണമായും ഒഴിവാകാം. കോടതികളിൽ അടക്കം അപ്പീൽ നൽകിയിട്ടുള്ള കേസുകൾക്കും ഈ സ്കീമിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്താം. 2025 മാർച്ച് 31 വരെ പ്രാബല്യത്തിലുള്ള സ്കീമിൽ ഉൾപ്പെടുന്ന കേസുകൾക്ക് തുടർന്ന് സ്കീമിന്റെ ആനുകൂല്യം ലഭിക്കില്ല.