സി.കെ.പി.പത്മനാഭൻ ഇനി പാർട്ടി അംഗം മാത്രം
Mail This Article
കണ്ണൂർ ∙ പാർട്ടിയുമായി പരിഭവത്തിലായിരുന്ന മുൻ എംഎൽഎ സി.കെ.പി.പത്മനാഭനെ സിപിഎം മാടായി ഏരിയ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കി. ഇനി പാർട്ടി അംഗം മാത്രം. ഇന്നലെ ഏരിയ സമ്മേളനത്തിൽ അവതരിപ്പിച്ച ഔദ്യോഗിക പാനലിൽ സികെപിയുടെ പേരുണ്ടായിരുന്നില്ല. സികെപി ഉൾപ്പെടെ 4 പേരെ ഒഴിവാക്കി പകരക്കാരെ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. ജില്ലാ സമ്മേളന പ്രതിനിധിപ്പട്ടികയിലും സികെപി ഉൾപ്പെട്ടില്ല. വൃക്കരോഗത്തിനു ചികിത്സയിലുള്ള അദ്ദേഹം സമ്മേളനത്തിൽ ആദ്യ ദിവസം പങ്കെടുത്തില്ലെങ്കിലും ഇന്നലെ എത്തിയിരുന്നു.
തന്റെ ആരോഗ്യം തകർത്തതു പാർട്ടിയാണെന്ന് ഈയിടെ പരിഭവിച്ച സികെപിയെ, ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിത്തന്നെയാണ് ഇപ്പോൾ സിപിഎം ഒഴിവാക്കുന്നത്. സിപിഎം സംസ്ഥാനസമിതി അംഗവും കർഷകസംഘം സംസ്ഥാന പ്രസിഡന്റുമായിരുന്ന അദ്ദേഹത്തെ 2011 സെപ്റ്റംബർ 18ന് തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽനിന്നും പാർട്ടി നീക്കി. കർഷകസംഘം സംസ്ഥാന പ്രസിഡന്റായിരിക്കെ ഫണ്ട് കൈകാര്യം ചെയ്തതിൽ വീഴ്ചവരുത്തിയെന്നു പറഞ്ഞായിരുന്നു നടപടി. ഓഫിസ് സെക്രട്ടറി നടത്തിയ തിരിമറിക്ക് തന്നെ ബലിയാടാക്കിയെന്നാണ് അദ്ദേഹത്തിന്റെ വാദം. കള്ളനെന്നു വരുത്തിത്തീർത്ത് വിഭാഗീയതയുടെ ഇരയാക്കിയെന്നും അതിന്റെ മാനസികസംഘർഷത്തിലാണു താൻ രോഗിയായതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി.ശശിക്കെതിരെ പെരുമാറ്റദൂഷ്യത്തിനു പരാതി നൽകിയതിന്റെ പ്രതികാരമായാണ് സികെപിക്ക് എതിരെ നടപടിയെടുത്തതെന്ന് ആരോപണമുയർന്നിരുന്നു. പിണറായി വിജയന്റെ അടുപ്പക്കാരനായ ശശിക്കെതിരെ പരാതി ഉന്നയിച്ചതിന് വിഎസ് പക്ഷക്കാരനായ സികെപിയോട് പകരംവീട്ടിയെന്നായിരുന്നു ആരോപണം. 2006–2011ൽ തളിപ്പറമ്പ് എംഎൽഎയായിരുന്ന അദ്ദേഹത്തിന് പിന്നീടു മത്സരിക്കാനും അവസരം കിട്ടിയില്ല.