ADVERTISEMENT

തിരുവനന്തപുരം ∙ കഴിഞ്ഞ 3 പതിറ്റാണ്ട് ജമാഅത്തെ ഇസ്‌ലാമിയുമായി സംസാരിക്കുകയും പിന്തുണ വാങ്ങുകയും അതുവഴിയുള്ള വോട്ടിന്റെ പിൻബലത്തിൽ ജയിക്കുകയും ചെയ്ത പ്രസ്ഥാനമാണ് സിപിഎമ്മെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി.മുജീബ് റഹ്മാൻ. കഴിഞ്ഞ കാലങ്ങളിൽ ‘ജെന്റിൽമാൻ കരാർ’ ഒപ്പുവച്ച് നടത്തിയ ചർച്ചകളിലൂടെ സംഘടനയുടെ പിന്തുണ സിപിഎം നേടിയിട്ടുണ്ട്. ജമാഅത്തെ ഇസ്‌ലാമിയുടെ വോട്ടു വാങ്ങിയാണ് കഴിഞ്ഞ ലോക്സഭാ തിര‍ഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ രണ്ടിടത്തും രാജസ്ഥാനിലെ ഒരു സീറ്റിലും സിപിഎം ജയിച്ചത്. ഈ തിരഞ്ഞെടുപ്പിനു ശേഷമാണോ ജമാഅത്തെ ഇസ്‌ലാമിയെ ഭീകരപ്രസ്ഥാനമായി സിപിഎം കണ്ടത്?

മതനിരപേക്ഷതയുടെ പാരമ്പര്യമാണ് ഇടതുപക്ഷത്തിന്റേത്. പക്ഷേ, കുറച്ചുകാലമായി അവർ കളിക്കുന്നത് അപകടകരമായ രാഷ്ട്രീയമാണ്. വർഗീയ ധ്രുവീകരണത്തിന്റെ രാഷ്ട്രീയമാണത്. പാലക്കാട് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിലെ മതനിരപേക്ഷ പാർട്ടികളിൽനിന്ന് ധ്രുവീകരണ ശ്രമമുണ്ടായി. ഇത് അത്യന്തം അപകടകരമായ പ്രവണതയാണ്. മുനമ്പം വിഷയം മുൻനിർത്തി സംസ്ഥാനത്തു വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള ഹിന്ദുത്വ ഫാഷിസ്റ്റ് നീക്കത്തിനേറ്റ പ്രഹരമാണ് പാലക്കാട്ടെ ഫലം. കേരളം പ്രബുദ്ധമാണെന്നു വിളംബരം ചെയ്ത ഫലമാണത്.

തിരഞ്ഞെടുപ്പിൽ സിപിഎം പരാജയപ്പെട്ടപ്പോൾ അതിനുപിന്നിൽ ജമാഅത്തെ ഇസ്‌ലാമിയാണെന്നു പറയുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ 3 മാസത്തിനിടെ നടത്തിയ പ്രസ്താവനകളിൽ എത്രതവണ ആർഎസ്എസ്സിനെയും ജമാഅത്തെ ഇസ്‌ലാമിയെയും കുറിച്ചു പറഞ്ഞുവെന്നു പരിശോധിക്കണം. ബിജെപിക്കെതിരെ പ്രവർത്തിക്കുന്നതിന് സിപിഎം എന്തിനാണ് അസ്വസ്ഥതപ്പെടുന്നത്?

ഒരാൾക്കു സ്വയം രക്ഷപ്പെടാനും സ്വന്തം കുടുംബത്തെ രക്ഷിക്കാനും പാർട്ടിയെ ബലികൊടുക്കേണ്ടി വന്നേക്കാം. പക്ഷേ, അതിനു വേണ്ടി ഒരു സമുദായത്തിലെ സംഘടനകളെ ഭീകരവൽക്കരിക്കരുത്. സമുദായത്തെ അപരവൽക്കരിക്കാനാണു ശ്രമമെങ്കിൽ പഴയ സമുദായമല്ല ഇപ്പോഴുള്ളതെന്നു പത്രപ്പരസ്യത്തിനു ലഭിച്ച പ്രതികരണത്തിൽ നിന്നെങ്കിലും സിപിഎം മനസ്സിലാക്കണം.

മുനമ്പത്ത് ഭൂമി വിലകൊടുത്തു വാങ്ങിയ സാധാരണക്കാരിൽ ഒരാളെ പോലും കുടിയൊഴിപ്പിക്കരുതെന്നത് മുസ്‌ലിം സംഘടനകളുടെ ഒറ്റക്കെട്ടായുള്ള നിലപാടാണ്. ഇതിന്റെ പേരിലുള്ള വർഗീയ ധ്രുവീകരണ ശ്രമങ്ങൾ ഇനിയെങ്കിലും അവസാനിപ്പിക്കണം. കേരളത്തിൽ വിവിധയിടങ്ങളിൽ കയ്യേറിയ വഖഫ് ഭൂമി സ്വന്തമാക്കാമെന്ന കാഴ്ചപ്പാട് ഭൂമാഫിയയും കയ്യേറ്റക്കാരും വച്ചുപുലർത്തരുതെന്നും അദ്ദേഹം പറഞ്ഞു.

English Summary:

CPM has been receiving support from Jamaat-e-Islami for three decades: Kerala Amir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com