ADVERTISEMENT

തിരുവനന്തപുരം∙ കൊലക്കേസ് പ്രതികളുടെ നേതൃത്വത്തിൽ പൊലീസിനു നേരെയുണ്ടായ ആക്രമണത്തിൽ ഗ്രേഡ് എസ്ഐ അടക്കം മൂന്നു പേർക്കു പരുക്കേറ്റു. കരമന പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ബിനിൽ കുമാർ,സിപിഒ ശരത്,ഹോംഗാർഡ് ചന്ദ്രകുമാർ എന്നിവർക്കാണു പരുക്കേറ്റത്. ഇരുമ്പ് കമ്പി കൊണ്ടുള്ള അടിയിൽ കൈയ്ക്കു പരുക്കേറ്റ ബിനിൽ കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

സംഭവത്തിൽ ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ കൈമനം പൂന്തോപ്പ് കോളനി സ്വദേശി സൂരജിനെ പൊലീസ് അറസ്റ്റ് ചെയ്തു. 2019ൽ കരമനയിൽ അനന്തു ഗിരീഷ് എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി വിചാരണ ചെയ്തു ക്രൂരമായി കൊലപ്പെടുത്തിയ പ്രതികളും, സഹോദരങ്ങളുമായ വിഷ്ണുരാജ്, വിജയരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. ഇവർ പൊലീസിനെ വെട്ടിച്ചു കടന്നു. വെള്ളിയാഴ്ച രാത്രി കൈമനം പൂന്തോപ്പ് കോളനിയിലായിരുന്നു സംഭവം. 

സൂരജിന്റെ വീട്ടിൽ ആയുധങ്ങളുമായി ഒത്തുകൂടിയ പ്രതികൾ മദ്യപിച്ചു ബഹളം വച്ച് പരസ്പരം പോർവിളി നടത്തി. ഇവരുടെ ശല്യം സഹിക്കാനാകാതെ സൂരജിന്റെ അമ്മയാണു പൊലീസിൽ വിവരമറിയിച്ചത്. പൊലീസ് എത്തിയപ്പോൾ വിഷ്ണുരാജും വിജയരാജും ഓടി. സൂരജിനെ പിടികൂടാൻ ശ്രമിച്ച ബിനിൽ കുമാറിനെ, സൂരജ് ആക്രമിച്ചു. ഈ സമയം വിഷ്ണുരാജും വിജയരാജും എത്തി പൊലീസുകാരായ ശരത്, ചന്ദ്രകുമാർ എന്നിവരെ മർദിച്ചു. ഒടുവിൽ, കരമന എസ്എച്ച്ഒയും സംഘവും സ്ഥലത്തെത്തി സൂരജിനെ വളഞ്ഞിട്ടു പിടികൂടി. വിഷ്ണുവും വിജയരാജും കടന്നു. 

2019 മാർച്ചിൽ അനന്തുവിനെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ വിഷ്ണുരാജും വിജയരാജും പങ്കാളിയായിരുന്നു. ആളൊഴിഞ്ഞ കുറ്റിക്കാട്ടിൽ എത്തിച്ച് ഒരു ദിവസം മുഴുവൻ പീഡിപ്പിച്ചായിരുന്നു ക്രൂര കൊലപാതകം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതിന് ഇവർക്കെതിരെ പോക്സോ കേസും ഉണ്ട്. അനന്തു വധക്കേസിലും കരമന മരുതൂർകടവ് പഞ്ചിപ്ലാവിള വീട്ടിൽ അഖിലിനെ(26) നടുറോഡിൽ ക്രൂരമായി അടിച്ചുകൊന്ന കേസിലും ഇവരുടെ സഹോദരൻ വിനീഷ് രാജ്(വിനീത്–25) പ്രതിയാണ്. 

അഖിൽ കൊലക്കേസിൽ ജയിലിൽ കഴിയുന്ന വിനീതിന്റെ പേരിൽ വിജയരാജും വിഷ്ണുരാജും ഗുണ്ടാപ്പിരിവ് നടത്തുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.

English Summary:

Attack by murder case accused: 3 policemen injured

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com