ADVERTISEMENT

തിരുവനന്തപുരം∙ കഴിഞ്ഞ ദിവസം സെനഗലിൽനിന്നു പിടിയിലായ അധോലോക കുറ്റവാളി രവി പൂജാരി പി.സി. ജോർജ് എംഎൽഎയെ ഭീഷണിപ്പെടുത്തിയതിനു തെളിവ്. ഇന്റലിജൻസ് ബ്യൂറോ ശേഖരിച്ച പൂജാരിയുടെ കോൾ രേഖകളിൽ ജോര്‍ജിന്റെയും നമ്പരുണ്ട്. ഭീഷണിപ്പെടുത്തിയതടക്കം ആറു തവണ രവി പൂജാരി ജോർജിനെ വിളിച്ചിരുന്നു. ജനുവരി 11,12 തീയതികളിലാണ് ഫോൺവിളികൾ എത്തിയത്.

സെനഗലിൽ‌നിന്നാണ് ഇന്റർനെറ്റ് ഫോൺ എത്തിയതെന്നും കണ്ടെത്തി. ബിഷപ് ഫ്രാങ്കോ കേസുമായി ബന്ധപ്പെട്ടു തനിക്ക് രവി പൂജാരിയുടെ ഭീഷണി വന്നതായി പി.സി. ജോർജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ വെളിപ്പെടുത്തൽ സമൂഹമാധ്യമങ്ങളിൽ പരിഹാസ രൂപത്തിലാണു സ്വീകരിക്കപ്പെട്ടത്. ഇതിനു പിന്നാലെയാണ് രവി പൂജാരിയുടെ ഫോൺ വിളിയുടെ വിശദാംശങ്ങള്‍ പുറത്തുവരുന്നത്.

ഭയമില്ല; ഇപ്പോൾ വന്നാലും നേരിടും: പി.സി. ജോര്‍ജ്

രവി പൂജാരിയെ ഭയമില്ലെന്നും ഇപ്പോള്‍ വന്നാലും നേരിടുമെന്നും പി.സി. ജോർജ പറഞ്ഞു. രണ്ടു തവണയാണു താൻ ഫോണെടുത്തത്. ആറു തവണ വിളിച്ചതായി പൊലീസ് പറഞ്ഞു. ഏതോ ഗുണ്ട വിളിച്ചതെന്നാണു കരുതിയത്. താൻ പരാതിപ്പെട്ടിട്ടില്ല. പൊലീസ് തന്റെ അടുത്തെത്തി വിവരങ്ങൾ ശേഖരിച്ചതാണ്. 

സംഭവത്തിൽ പി.സി. ജോർജ് നേരത്തേ പറഞ്ഞത് ഇങ്ങനെ– രണ്ടാഴ്ച മുൻപ് ആഫ്രിക്കയിൽ നിന്നാണ് എനിക്ക് ഒരു നെറ്റ് കോൾ വരുന്നത്. ആദ്യം അയാൾ നിങ്ങൾക്കയച്ച സന്ദേശം കണ്ടില്ലേ? എന്നാണു ചോദിച്ചത്. ഞാൻ കണ്ടില്ല, വായിക്കാൻ സമയം കിട്ടിയില്ല, ക്ഷമിക്കണം എന്നുപറഞ്ഞപ്പോഴാണു വിളിച്ചയാൾ താൻ രവി പൂജാരിയാണെന്നു വെളിപ്പെടുത്തുന്നത്. എന്നെയും രണ്ടു മക്കളിൽ ഒരാളെയും തട്ടിക്കളയുമെന്നായിരുന്നു ഭീഷണി. നീ പോടാ റാസ്കൽ നിന്റെ വിരട്ടല്‍ എന്റെ അടുത്തു നടക്കില്ലെടാ ഇഡിയറ്റ്’ എന്ന് അറിയാവുന്ന ഭാഷയിൽ ഞാനും പറഞ്ഞു. വീണ്ടും ഇതേ നമ്പരിൽ‌നിന്നു തന്നെ വിളിച്ചിരുന്നു. പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ടെന്നും പി.സി. ജോർജ് പറഞ്ഞു.

പശ്ചിമ ആഫ്രിക്കൻ രാജ്യമായ സെനഗലിൽ നിന്നാണ് രവി പൂജാരി അറസ്റ്റിലാകുന്നത്. ഗിനിയ, ഐവറികോസ്റ്റ്, സെനഗല്‍, ബുര്‍ക്കിന ഫാസോ എന്നീ രാജ്യങ്ങളിൽ മാറിമാറി ഒളിവില്‍ കഴിയവേയാണു രവി പൂജാരി അറസ്റ്റിലാകുന്നത്. സെനഗല്‍ പൊലീസിന്റെ മൂന്ന് ബസ് സായുധസേന നടത്തിയ ഓപ്പറേഷനിലാണ് രവി കുടുങ്ങിയത്. ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പം ആന്റണി ഫെര്‍ണാണ്ടസ് എന്ന പേരിലായിരുന്നു പൂജാരിയുടെ ഒളിവു ജീവിതം. പിടിയിലായതിനു പിന്നാലെയാണു വധഭീഷണി പരാതിയുമായി പി.സി. ജോർജ് രംഗത്തെത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com