ADVERTISEMENT

തിരുവനന്തപുരം∙ കേരള രാഷ്ട്രീയത്തില്‍ അടിയൊഴുക്കുകളുടെ തലസ്ഥാനം കൂടിയാണ് തിരുവനന്തപുരം ലോക്സഭാ മണ്ഡലം. 2009 ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശശിതരൂരിന് 99,998 വോട്ടുകളുടെ വിജയം സമ്മാനിച്ചശേഷം 2014 ല്‍ 15,470 വോട്ടുകളായി ഭൂരിപക്ഷം കുറച്ച്, ഒരു ഘട്ടത്തില്‍ ബിജെപി സ്ഥാനാര്‍ഥി ഒ.രാജഗോപാലിന് വലിയ വിജയപ്രതീക്ഷ നല്‍കിയ മണ്ഡലം.

1977ല്‍ സിപിഐയുടെ സമുന്നതനായ നേതാവ് എം.എന്‍.ഗോവിന്ദന്‍നായര്‍ക്ക് 69,822 വോട്ടുകളുടെ ഭൂരിപക്ഷം നല്‍കി തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെടുത്തി കോണ്‍ഗ്രസിലെ നീലലോഹിതദാസന്‍ നാടാര്‍ക്ക് 1,07,057 വോട്ടുകളുടെ ഭൂരിപക്ഷം നല്‍കിയ മണ്ഡലം. കെ.കരുണാകരന്‍ മത്സരരംഗത്തേക്ക് കൊണ്ടുവന്ന എ.ചാള്‍സിനെ മൂന്നുതവണ വിജയിപ്പിച്ച മണ്ഡലം. മണ്ഡലം പിടിക്കാന്‍ കവി ഒ.എന്‍.വി കുറുപ്പിനെ പോലും എല്‍ഡിഎഫ് രംഗത്തിറക്കിയ മണ്ഡലത്തെ ശ്രദ്ധേയമാക്കുന്നത് രണ്ട് പ്രധാന ഘടകങ്ങളാണ്: ഒന്ന്, ശക്തമായ ഒപ്പം മാറുന്ന ജാതീയ സമവാക്യങ്ങള്‍. രണ്ട്, സ്ഥാനാര്‍ഥിയുടെ വ്യക്തിപ്രഭാവം.

തിരുവനന്തപുരം മണ്ഡലത്തില്‍ ജാതീയ ഘടകങ്ങള്‍ നിര്‍ണായകമാണെങ്കിലും ഏതെങ്കിലും ജാതിയുടെയോ സ്ഥാനാര്‍ഥിയുടേയോ കുത്തകയല്ല. ദേശീയ - സംസ്ഥാന രാഷ്ട്രീയത്തിലെ ചലനങ്ങള്‍ക്ക് അനുസരിച്ച് ജാതീയ വോട്ടുകള്‍ വിവിധ സ്ഥാനാര്‍ഥികളിലേക്ക് കേന്ദ്രീകരിക്കും. രാഷ്ട്രീയ സമവാക്യങ്ങള്‍ സ്ഥിരമല്ലാത്ത ഈ അന്തരീക്ഷമാണ് മണ്ഡലത്തെ വേറിട്ട കാഴ്ചയാക്കുന്നത്. അതിനൊപ്പം, ശബരിമലയിലെ യുവതീ പ്രവേശന വിഷയം കൂടി വരുമ്പോള്‍ പ്രവചനങ്ങള്‍ അസാധ്യം.

∙ ജാതി സമവാക്യങ്ങളുടെ തലസ്ഥാനം

തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ ഏഴു നിയമസഭാ മണ്ഡലങ്ങളാണ്. തിരുവനന്തപുരം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, നേമം, കോവളം, നെയ്യാറ്റിന്‍കര, പാറശാല. അതില്‍ നെയ്യാറ്റിന്‍കര, പാറശാല, കഴക്കൂട്ടം മണ്ഡലങ്ങള്‍ സിപിഎമ്മും തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ്, കോവളം മണ്ഡലങ്ങള്‍ കോണ്‍ഗ്രസും നേമം മണ്ഡലം ബിജെപിയും ഭരിക്കുന്നു. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ മൂന്നു നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന കോര്‍പ്പറേഷന്റെ ഭരണം എല്‍ഡിഎഫിനാണ്. നൂറു സീറ്റുകളില്‍ 43 സീറ്റ് എല്‍ഡിഎഫിന്, 35 സീറ്റ് ബിജെപിക്ക്, 21 സീറ്റ് യുഡിഎഫിന്.

ജില്ലയില്‍ ഹിന്ദു വോട്ടര്‍മാരാണ് കൂടുതല്‍. 66.4%. ക്രിസ്ത്യാനികള്‍ 19.10%, മുസ്‌ലിംങ്ങൾ 13.72%. തിരുവനന്തപുരം മണ്ഡലത്തിലും ഹിന്ദുവോട്ടുകളാണ് കൂടുതല്‍. അതില്‍ നായര്‍ സമുദായത്തിന് നിര്‍ണായക സ്വാധീനം. തൊട്ടുപിന്നില്‍ നാടാര്‍ സമുദായവും ഈഴവ സമുദായവും. തിരുവനന്തപുരം നഗരത്തിലും വട്ടിയൂര്‍ക്കാവ്, നേമം, നെയ്യാറ്റിന്‍കര മണ്ഡലങ്ങളിലുമാണ് നായര്‍ സമുദായത്തിനു കൂടുതല്‍ വോട്ടര്‍മാർ. പാറശാല, നേമം, കോവളം, നെയ്യാറ്റിന്‍കര ഭാഗങ്ങളില്‍ നാടാര്‍ സമുദായം നിര്‍ണായക ശക്തിയാണ്. തീരദേശ മേഖലകളില്‍ ക്രിസ്ത്യന്‍, മുസ്‌ലിം വിഭാഗത്തിന് ആധിപത്യം. ഈ വോട്ടുകളെല്ലാം സ്ഥാനാര്‍ഥിയുടെ പ്രഭാവത്തിന് അനുസരിച്ച് മാറുന്നതാണ് ചരിത്രം.

1977ല്‍ സിപിഐ നേതാവ് എം.എന്‍.ഗോവിന്ദന്‍നായര്‍ 69,822 വോട്ടുകള്‍ക്കാണ് വിജയിച്ചത്. ജാതീയ ഘടകങ്ങള്‍ക്കൊപ്പം പാര്‍ട്ടി സംവിധാനം ഒന്നാകെ ഉണര്‍ന്നു പ്രവര്‍ത്തിച്ചത് വിജയം ഉറപ്പിച്ചു. 1980ല്‍ കോണ്‍ഗ്രസിലെ എ.നീലലോഹിത ദാസന്‍ നാടാര്‍ 1,07,057 വോട്ടുകള്‍ക്ക് ഗോവിന്ദന്‍നായരെ തോല്‍പിച്ചു. നാടാര്‍ സമുദായത്തില്‍ നീലലോഹിതദാസന്‍ നാടാര്‍ക്കുള്ള ബന്ധങ്ങളും കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനവും തുണയായി.

1984, 1989, 1991 വര്‍ഷങ്ങളില്‍ എ.ചാള്‍സിനെ വിജയിപ്പിച്ചതും സംഘടനാ സംവിധാനത്തോടൊപ്പം ജാതീയ ഘടകങ്ങളാണ്. ചാള്‍സിനെ കരുണാകരന്‍ അപ്രതീക്ഷിതമായി സ്ഥാനാര്‍ഥിയാക്കിയതോടെ നാടാര്‍ വോട്ടുകള്‍ വിഭജിച്ചു. സിഎസ്ഐ ദക്ഷിണകേരള മഹായിടവക കൗണ്‍സില്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചതും അദ്ദേഹത്തിനു ഗുണകരമായി. 1996ല്‍ സിപിഐയുടെ കെ.വി.സുരേന്ദനാഥിലൂടെ എല്‍ഡിഎഫ് മണ്ഡലം തിരിച്ചു പിടിച്ചു.

1998ല്‍ കെ.കരുണാകരനിലൂടെയും 1999ല്‍ വി.എസ്.ശിവകുമാറിലൂടെയും മണ്ഡലം കോണ്‍ഗ്രസ് നിലനിര്‍ത്തി. 2004 ല്‍ സിപിഐയുടെ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ പി.കെ.വാസുദേവൻ നായരാണ് വിജയിച്ചത്. മത്സര രാഷ്ട്രീയത്തില്‍നിന്ന് ഒഴിഞ്ഞുനിന്ന അദ്ദേഹത്തെ എല്‍ഡിഎഫ് രംഗത്തിറക്കിയതിനു പിന്നിലും വ്യക്തിപ്രഭാവവും ജാതീയഘടകങ്ങളുമായിരുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തെത്തുടര്‍ന്നുണ്ടായ ഉപതിരഞ്ഞെടുപ്പില്‍ സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രൻ വിജയിച്ചു.

2009 ലും 2014 ലും ജയം കോണ്‍ഗ്രസ് നേതാവ് ശശിതരൂരിനൊപ്പം. 2009 ല്‍ തരൂര്‍ വലിയ ഭൂരിപക്ഷം നേടിയതിലും 2014ല്‍ തോല്‍വിയില്‍നിന്ന് രക്ഷപ്പെട്ടതിലും ജാതീയ ഘടകങ്ങള്‍ക്ക് വലിയ പങ്കുണ്ട്. 2014 ല്‍ ബിജെപി സ്ഥനാര്‍ഥിയായി ഒ.രാജഗോപാല്‍ എത്തുകയും നായര്‍ വോട്ടുകള്‍ വിഭജിക്കുകയും ചെയ്തപ്പോള്‍ കോണ്‍ഗ്രസിന്റെ രക്ഷയ്ക്കെത്തിയത് തീരദേശ മേഖലയിലെ ന്യൂനപക്ഷവോട്ടുകളാണ്. ബിജെപിയുടെ വിജയം ഒഴിവാക്കാന്‍ ആഗ്രഹിച്ച ന്യൂനപക്ഷ വിഭാഗം കോണ്‍ഗ്രസിന് ഒപ്പം നിന്നപ്പോള്‍ തരൂർ ജയിച്ചു കയറി.

∙ ഒ.രാജഗോപാല്‍ – പാർട്ടിക്കതീതമായ വ്യക്തിപ്രഭാവം

rajagopal-suresh-gopi
നേമം നിയമസഭാ തിരഞ്ഞെടുപ്പു വേളയിൽ പ്രചാരണത്തിനിടെ ഒ.രാജഗോപാലും സുരേഷ് ഗോപിയും. ചിത്രം – മനോരമ

തിരുവനന്തപുരം മണ്ഡലത്തിലെ തിരഞ്ഞെടുപ്പുകളിലെല്ലാം ബിജെപി നിര്‍ണായക ശക്തിയായിരുന്നോ? അല്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. ബിജെപി തിരുവനന്തപുരം മണ്ഡലത്തില്‍ ആദ്യമായി മത്സരിച്ച 1989ലെ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി പി.അശോക് കുമാറിനു ലഭിച്ചത് 56,046 വോട്ടുകളാണ്. 1991ല്‍ ഒ.രാജഗോപാല്‍ മത്സരിച്ചപ്പോള്‍ വോട്ടുകള്‍ 80,566 ആയി. 1996ല്‍ കെ.രാമന്‍പിള്ളയിലൂടെ 74,904 വോട്ടുകള്‍. 1998ല്‍ കേരള വര്‍മ രാജയിലൂടെ 94,303 വോട്ടുകള്‍.

1999ല്‍ ഒ.രാജഗോപാലിലൂടെ 1,58,221 വോട്ട്. 2004ല്‍ ഒ.രാജഗോപാല്‍ വോട്ട് 2,28,052 ആയി ഉയര്‍ത്തി. 2009ല്‍ പി.കെ.കൃഷ്ണദാസ് എത്തിയപ്പോള്‍ വോട്ട് 84,094 ആയി കുറഞ്ഞു. 2014ല്‍ ഒ.രാജഗോപാല്‍ 2,82,336 വോട്ടുകള്‍ നേടി വിജയത്തിനടുത്തെത്തി. കേന്ദ്രത്തില്‍ ബിജെപി തരംഗം നിലനിന്നപ്പോഴും രാജഗോപാല്‍ മത്സരിച്ചപ്പോഴുമാണ് മണ്ഡലത്തില്‍ ബിജെപിക്ക് നേട്ടമുണ്ടായത്. കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിലും കേന്ദ്രഭരണം അനുകൂലഘടകമായി. നായര്‍ സമുദായത്തിലും മണ്ഡലത്തിലും ഒ.രാജഗോപാലിനുള്ള ബന്ധങ്ങളാണ് അദ്ദേഹത്തിന് തുണയായത്. നേമത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിലും ഈ ബന്ധം അദ്ദേഹത്തെ സഹായിച്ചു.

തിരുവനന്തപുരം നഗരത്തിലെ നായര്‍, ബ്രാഹ്മണ വോട്ടുകളില്‍ ഒരു ഭാഗം സ്ഥിരമായി ബിജെപിക്കാണ് ലഭിക്കുന്നത്. ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ വരുന്നതിനു മുന്‍പുതന്നെ ബിജെപിക്ക് വോട്ടുചെയ്തിരുന്ന വിഭാഗമാണിത്. മാറുന്ന രാഷ്ട്രീയ സാഹചര്യത്തിനനുസരിച്ച് ഈ വോട്ട് ബാങ്കില്‍ കൂടലും കുറവും വന്നു. ബിജെപിയുടെ വിജയ സാധ്യത വര്‍ധിക്കണമെങ്കില്‍ മണ്ഡലത്തിലെ നായര്‍ സമുദായത്തില്‍ സിംഹഭാഗവും പാര്‍ട്ടിക്കു വോട്ടു ചെയ്യേണ്ടതുണ്ട്.

ശബരിമലയിലെ യുവതീപ്രവേശ വിഷയത്തോടെ ഈ സാധ്യത നിലനില്‍ക്കുന്നതായാണ് ബിജെപിയുടെ വിലയിരുത്തല്‍. അപ്പോഴും ന്യൂനപക്ഷ വോട്ടു ചോര്‍ച്ച എങ്ങനെ പരിഹരിക്കാമെന്ന ചോദ്യം അവശേഷിക്കുന്നു. ഒപ്പം, വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ കഴിയുന്ന വ്യക്തിപ്രഭാവമുള്ള നേതാവാരാണെന്നും. വിജയത്തിനായി ഒ.രാജഗോപാലിനെ തന്നെ സ്ഥിരമായി ആശ്രയിച്ചത് തിരിച്ചടിയായെന്ന വിലയിരുത്തല്‍ പാര്‍ട്ടിക്കുണ്ട്.

തിരുവനന്തപുരം മണ്ഡലത്തില്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഇത്രത്തോളം ജനസമ്മതിയുള്ള മറ്റൊരു നേതാവ് പാർട്ടിക്കില്ല. കുമ്മനം രാജശേഖരന്‍, പി.എസ്.ശ്രീധരന്‍‌പിള്ള, സുരേഷ് ഗോപി എന്നിവരെയാണ് സ്ഥാനാര്‍ഥിയായി ബിജെപി പരിഗണിക്കുന്നത്. മൽസരിക്കാനില്ലെന്നു ആവർത്തിക്കുന്നെങ്കിലും മോഹൻലാലിനെ അനുനയിപ്പിച്ച് സ്ഥാനാർഥിയാക്കാനും നീക്കങ്ങൾ പുരോഗമിക്കുന്നു.

∙ സ്ഥാനാര്‍ഥിയെ കിട്ടാനില്ലാതെ ഇടതുപക്ഷം

ജനസമ്മതിയുള്ള, സാമുദായിക ഘടകങ്ങള്‍ അനുയോജ്യമായ നേതാവ് - അങ്ങനെ ഒരാളെ കണ്ടെത്താന്‍ ഇനിയും എല്‍ഡിഎഫിന് കഴിഞ്ഞിട്ടില്ല. സിപിഐക്കാകട്ടെ അങ്ങനെയൊരു പേര് നിര്‍ദേശിക്കാനുമില്ല. പന്ന്യന്‍ രവീന്ദ്രനെയാണ് പാര്‍ട്ടി പ്രധാനമായും പരിഗണിക്കുന്നത്. എന്നാൽ ശബരിമല വിഷയത്തില്‍ എന്‍എസ്എസ് ഇടഞ്ഞത് മുന്നണിക്ക് തിരിച്ചടിയാണ്.

നായര്‍ സമുദായത്തിലെ സ്ത്രീവോട്ടുകള്‍ നഷ്ടപ്പെടുമോയെന്ന ആശങ്കയാണ് നിലവിൽ എല്‍ഡിഎഫ് നേതൃത്വത്തിന്. ശബരിമല വിഷയം എല്‍ഡിഎഫിനെ തിരുവനന്തപുരം മണ്ഡലത്തില്‍ എങ്ങനെ ബാധിക്കുമെന്നതു കാത്തിരുന്ന് കാണേണ്ടതാണെന്ന് സിപിഎം സഹയാത്രികനും മുന്‍ കോണ്‍ഗ്രസ് നേതാവുമായ ചെറിയാന്‍ ഫിലിപ്പ് പറയുന്നു. ‘പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ എല്‍ഡിഎഫിന് മുന്‍തൂക്കമുണ്ട്. അതു പക്ഷെ സ്ഥാനാര്‍ഥിയെ ആശ്രയിച്ചിരിക്കും’ - ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.

∙ ചോരുമോ നായര്‍ വോട്ടുകള്‍?

tharoor-gives-hand-elections-2014
2014 ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ശശി തരൂർ.

കോണ്‍ഗ്രസിനൊപ്പം അടിയുറച്ചു നില്‍ക്കുന്നവരാണ് മണ്ഡലത്തിലെ വലിയൊരു വിഭാഗം നായര്‍ സമുദായാംഗങ്ങള്‍. പാര്‍ട്ടിയുടെ വോട്ട് ബാങ്ക്. ശബരിമല വിഷയത്തില്‍ ബിജെപി നിലപാടുകള്‍ക്ക് സമുദായത്തില്‍ സ്വീകാര്യത ഉണ്ടാകുകയും സമുദായവോട്ടുകള്‍ കൂട്ടത്തോടെ ചോരുന്നതുമായ സാഹചര്യം പാര്‍ട്ടി പരിശോധിക്കുന്നുണ്ട്. പ്രതിരോധിക്കാനുള്ള തയാറെടുപ്പുകള്‍ നടത്തുന്നു. ഇതിനൊപ്പം ന്യൂനപക്ഷവോട്ടുകള്‍ ഓരോന്നും ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടി. ശശി തരൂര്‍തന്നെ മത്സരിക്കാനാണ് എല്ലാ സാധ്യതയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com