ADVERTISEMENT

കാസർകോട്∙ പെരിയയിൽ രണ്ടു യൂത്ത് കോൺഗ്രസുകാരെ കൊലപ്പെടുത്തിയതിനു പിന്നിൽ ക്വട്ടേഷൻ സംഘമല്ലെന്നു മൊഴി. കൊല നടത്തിയത് സിപിഎം ലോക്കൽ കമ്മിറ്റി അംഗം എ.പീതാംബരനും കസ്റ്റഡിയിലുള്ള മറ്റു രണ്ടുപേരും ചേർന്നാണെന്നാണു മൊഴി. പീതാംബരനും കസ്റ്റഡിയിലുള്ള ആറുപേരും മൊഴിയിലുറച്ചു നിൽക്കുകയാണ്. അതേസമയം, മൊഴി പൂര്‍ണമായി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ചോദ്യംചെയ്യല്‍ ഇന്നും തുടരും.

ഇരട്ടക്കൊലപാതകക്കേസില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടാകുമെന്നാണു സൂചന. കസ്റ്റഡിയിലുള്ള ആറുപേരെ അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്യുകയാണ്. സംഭവുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ ലഭിക്കാത്തതും അന്വേഷണത്തിന് വിലങ്ങുതടിയാകുന്നു. അതേസമയം കേസില്‍ അറസ്റ്റിലായ എ.പീതാംബരനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

കസ്റ്റഡിയിലുള്ള പത്തൊന്‍പതുകാരനടക്കം ആറുപേരും പെരിയ സ്വദേശികളും പീതാംബരനുമായി അടുത്ത ബന്ധമുള്ളവരുമാണ്. ഇവര്‍ക്കപ്പുറം സംഭവത്തില്‍ കൂടുതല്‍ പേരുടെ പങ്കാളിത്തം കണ്ടെത്താന്‍ ഇതുവരെ പൊലീസിന് സാധിച്ചിട്ടില്ല. കൊല്ലപ്പെട്ട ഇരുവരുടേയും ശരീരത്തിലെ മുറിവുകളുടെ സ്വഭാവം, കൃത്യത്തിന് പിന്നില്‍ ക്വട്ടേഷന്‍ സംഘമാണെന്ന സൂചന നല്‍കുമ്പോഴും ഇതുസംബന്ധിച്ച് അന്വേഷണസംഘത്തിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചില്ല.

കസ്റ്റഡിയിലുള്ള പെരിയയിലെ ഓട്ടോറിക്ഷ ഡ്രൈവറാണ് പീതാംബരന്റെ നിര്‍ദ്ദേശമനുസരിച്ച് കൃത്യം നടത്തിയെന്നാണ് പിടിയിലായവരുടെ മൊഴി. തെളിവുകള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ ക്വട്ടേഷന്‍ സംഘം എന്ന നിഗമനം ഉപേക്ഷിക്കാന്‍ അന്വഷണസംഘം നിര്‍ബന്ധിതമാകുന്നു എന്നാണ് സൂചന. ഇന്ന് കാഞ്ഞങ്ങാട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുന്ന പീതാബരനെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാന്‍ പൊലീസ് തയ്യാറെടുക്കുന്നതും ഈ കുരുക്കുകള്‍ അഴിക്കാന്‍ തന്നെ.

സംഭവദിവസം കല്ലിയോട് എത്തിയ കണ്ണൂര്‍ റജിസ്ട്രേഷനുള്ള വാഹനങ്ങള്‍ സംബന്ധിച്ചും പൊലീസിന് കാര്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ല. അതേസമയം സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കാസര്‍കോട് നഗരത്തില്‍ ഇന്ന് ഉപവാസസമരം നടത്തും. എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com