ADVERTISEMENT

അഞ്ചു സംസ്ഥാനങ്ങളും രണ്ടു കേന്ദ്രഭരണപ്രദേശങ്ങളും ഉൾപ്പെടുന്നതാണു ദക്ഷിണേന്ത്യ. രാജ്യത്തെ ഇതരമേഖലകളുമായി തട്ടിച്ചു നോക്കുമ്പോൾ ബിജെപി ഇതരകക്ഷികൾക്കു മേൽക്കയ്യുള്ള മേഖല. ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്നാട് സംസ്ഥാനങ്ങളിൽ പ്രാദേശിക പാർട്ടികൾക്കാണു മേൽക്കൈ. കർണാടകയിൽ മാത്രം ബിജെപിയും കോൺഗ്രസും നേരിട്ടു മത്സരിക്കുന്നു. കേരളത്തിൽ സിപിഎം നേതൃത്വത്തിലുള്ള എൽഡിഎഫും കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫും തമ്മിലാണു പ്രധാന മത്സരം.

മൊത്തം 131 സീറ്റാണു തെക്കൻമേഖലയിൽ. ഇതിൽ കഴിഞ്ഞ തവണ എൻഡിഎ 39 സീറ്റു നേടി. യുപിഎ 24 ഇടത്തും ജയിച്ചു. ഇടതുപക്ഷം എട്ടിടത്തും മറ്റുള്ളവർ 60 സീറ്റിലും ജയിച്ചു. തിരഞ്ഞെടുപ്പു സർവേകളിൽ ജനപ്രീതിയിൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിയേക്കാൾ മുന്നിട്ടു നിൽക്കുന്ന ഏക മേഖലയാണ്. ഇത്തവണ കോൺഗ്രസും യുപിഎയും നില മെച്ചപ്പെടുത്തുമെന്നാണു പൊതുവേയുള്ള വിലയിരുത്തൽ. തമിഴ്നാട്ടിൽ കോൺഗ്രസ്–ഡിഎംകെ സഖ്യം മികച്ച വിജയം നേടിയാൽ കഴിഞ്ഞ തവണത്തെ സീറ്റുനിലയിൽ വലിയ മാറ്റമുണ്ടാക്കും. 

ആന്ധ്രാപ്രദേശ്: വിഭജിക്കപ്പെട്ട സംസ്ഥാനം

തെക്കേ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലോക്സഭാ മണ്ഡലങ്ങളുള്ള സംസ്ഥാനമായിരുന്നു ആന്ധ്രാപ്രദേശ്. 42 എംപിമാരെ ഇവിടെ നിന്നു ലോക്സഭയിലേക്കു അയച്ചിരുന്നു. ലോക്സഭാ എംപിമാരുടെ എണ്ണത്തിൽ രാജ്യത്തു മൂന്നാം സ്ഥാനമായിരുന്നു ആന്ധ്രയ്ക്ക്. 2014ലെ വിഭജനത്തെ തുടർന്ന് എംപിമാരുടെ എണ്ണം ആന്ധ്രയിൽ 25 ആയി കുറഞ്ഞു. സംസ്ഥാനം വിഭജിച്ചുണ്ടാക്കായ തെലങ്കാനയിൽ 17 ലോക്സഭാ സീറ്റുകളും. 

ഒരിക്കൽ കോൺഗ്രസിന്റെ ശക്തി കേന്ദ്രം

14-ാം, 15-ാം ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയത് ആന്ധ്രാപ്രദേശിലെ പാർട്ടിയുടെ മിന്നുന്ന പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. 2004–ൽ കോൺഗ്രസിന് 29 സീറ്റും ലഭിച്ചു. 2009–ൽ 33 സീറ്റും. എന്നാൽ സംസ്ഥാന വിഭജനത്തെ തുടർന്നുണ്ടായ രാഷ്ട്രീയ ധ്രുവീകരണത്തിൽ കോൺഗ്രസ് തകർന്നു തരിപ്പണമായി; ഒരൊറ്റ സീറ്റു പോലും ലഭിച്ചില്ല.

Andhra-Pradesh-Loksabha-Constituency-seats-2014-map

10 വർഷം അധികാരത്തിനു പുറത്തിരുന്ന ടിഡിപി ലോക്സഭാ തിരഞ്ഞെടുപ്പിനോടൊപ്പം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണത്തിലെത്തി. ടിഡിപിയും  ബിജെപിയും സഖ്യത്തിലാണു മത്സരിച്ചത്. സംഖ്യം 17 സീറ്റ് നേടി. മൊത്തം വോട്ടിന്റെ 45.88 ശതമാനം ഇരുപാർട്ടികളും ചേർന്നു സ്വന്തമാക്കി. കോൺഗ്രസിന്റെ പരമ്പരാഗത വോട്ടു ബാങ്കിൽ വൈഎസ്ആർ കോൺഗ്രസ് കടന്നു കയറി. എട്ടു സീറ്റും 43.63 % വോട്ടും ജഗൻമോഹന്റെ പാർട്ടിക്കു ലഭിച്ചു. കോൺഗ്രസിന് ലഭിച്ചതു വെറും 2.73 % വോട്ടുമാത്രം. വിസിയാനഗരം, കുർനൂൽ മണ്ഡലങ്ങളിൽ മാത്രമാണു കോൺഗ്രസിന് ഒരു ലക്ഷത്തിലേറെ വോട്ടു ലഭിച്ചത്. 

സർവേകളിൽ ജഗൻമോഹൻ മുന്നിൽ

വിഭജനവേളയിൽ ആന്ധ്രയ്ക്കു കേന്ദ്ര സർക്കാർ വാഗ്ദാനം ചെയ്തിരുന്ന പ്രത്യക പദവി നിഷേധിക്കപ്പെട്ടതാണ് ഇത്തവണത്തെ പ്രധാന തിരഞ്ഞെടുപ്പ് വിഷയം. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണു സംസ്ഥാനം നേരിടുന്നത്. ചന്ദ്രബാബു സർക്കാരിനെതിരായ ശക്തമായ ഭരണവിരുദ്ധവികാരം നിലവിലുണ്ട്. വൈഎസ്ആർ കോൺഗ്രസ് മേൽക്കൈ നേടുമെന്നാണ് എല്ലാ സർവേഫലങ്ങളും പ്രവചിക്കുന്നത്.

എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പാർട്ടി  പുതുജീവൻ തേടുന്ന കഠിനപ്രയത്നത്തിലാണ്. വൈഎസ്ആർ കോൺഗ്രസ് നേതാവ്  വൈ.എസ്. ജഗമോഹൻ  റെഡ്ഡി സംസ്ഥാന വ്യാപകമായി നടത്തുന്ന കാൽനട പ്രചാരണം പാർട്ടിക്കു കരുത്തുനൽകും. ബിജെപി, കോൺഗ്രസ്, ടിഡിപി, വൈഎസ്ആർ കോൺഗ്രസ് പാർട്ടികൾ ഒറ്റയ്ക്കാണു മത്സരിക്കുന്നത്. നടൻ പവൻ കല്യാണിന്റെ ജനസേന പാർട്ടി ഇടതുപാർട്ടികളുമായി സഖ്യത്തിലാണ്. കേന്ദ്രം ആരു ഭരിക്കണമെന്നു തീരുമാനിക്കുന്നതിൽ ആന്ധ്രപ്രദേശ് ഫലങ്ങൾ നിർണായകമാകും. 

തെലങ്കാന: പോരാട്ടം കോൺഗ്രസും ടിആർഎസും തമ്മിൽ

സംസ്ഥാനത്ത് 17 ലോക്സഭ സീറ്റുകൾ. മാസങ്ങൾക്കു മുൻപു മാത്രം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ടിആർഎസ് മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെയാണ് അധികാരത്തിലെത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു മത്സരിച്ച ടിആർഎസ്, കോൺഗ്രസ്–ടിഡിപി സംഖ്യത്തെയാണു പരാജയപ്പെടുത്തിയത്. സഖ്യം പ്രതീക്ഷിച്ചതു പോലെ പ്രവർത്തിക്കാതിരുന്നതിനാൽ ഇത്തവണ ഇരുപാർട്ടികളും ഒറ്റയ്ക്കായിരിക്കും മത്സരിക്കുമെന്നാണു സൂചന. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ടിഡിപിയും ബിജെപിയും സഖ്യത്തിലാണു മത്സരിച്ചത്. സഖ്യത്തിനു രണ്ടു സീറ്റു ലഭിച്ചിരുന്നു. മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ ബിജെപിയും ഒറ്റയ്ക്കുതന്നെയാവും മത്സരിക്കുക. 

Telangana-Constituency-seats-2014-map

പതിവുപോലെ മത്സരം ടിആർഎസും കോൺഗ്രസും തമ്മിലായിരിക്കും. നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രകടനം ആവർത്തിക്കാൻ കഴിഞ്ഞാൽ ടിആർഎസ് ബഹുഭൂരിപക്ഷം സീറ്റുകളും സ്വന്തമാക്കും. എന്നാൽ നിയമസഭ, ലോക്സഭ തിരഞ്ഞെടുപ്പുകളെ വ്യത്യസ്തമായി കാണണമെന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചിരിക്കുന്നത്. ബിജെപിയും നിയമസഭാ തിരഞ്ഞെടുപ്പിനേക്കാൾ മികച്ച പ്രകടനം പ്രതീക്ഷിക്കുന്നു.  ഉവൈസിയുടെ എഐഎംഐഎം (ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ) സ്വന്തം തട്ടകത്തിൽ വിജയം ആവർത്തിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിൽ ടിആർഎസ് 46.9% വോട്ടു നേടിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിനെക്കാൾ 9.33 % അധികമായിരുന്നു അത്. കോൺഗ്രസിന് 1.88 % വോട്ടാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ അധികമായി ലഭിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ  കോൺഗ്രസിന് 26.52 % വോട്ടു ലഭിച്ചിരുന്നു. മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായിരിക്കും സംസ്ഥാനത്തു തിരഞ്ഞെടുപ്പു പ്രചാരണങ്ങൾക്കു നേതൃത്വം നൽകുക. 

കരുണാനിധിയും ജയലളിതയും ഇല്ലാതെ തമിഴ്നാട്

സംസ്ഥാനത്തു മൊത്തം 39 സീറ്റ്. 2014–ൽ അണ്ണാഡിഎംകെ 37 സീറ്റ് നേടി മികച്ച പ്രകടനം നടത്തി. പിഎംകെ–ബിജെപി സഖ്യം രണ്ടു സീറ്റു സ്വന്തമാക്കിയിരുന്നു. മറ്റു പാർട്ടികൾക്കു സീറ്റൊന്നു ലഭിച്ചില്ല. പിഎംകെ നേതാവ് അൻപുമണി രാംദോസ് ധർമപുരിയിലും ബിജെപി നേതാവ് പൊൻ രാധാകൃഷ്ണൻ കന്യാകുമാരിയിലും ജയിച്ചു. മുഖ്യമന്ത്രി ജയലളിതയും മുൻമുഖ്യമന്ത്രി എം.കരുണാനിധിയും ഇല്ലാത്ത തിരഞ്ഞെടുപ്പെന്ന പ്രത്യേക കൂടി ഇത്തവണയുണ്ട്. ജയലളിതയുടെ മരണത്തിനു ശേഷം  അണ്ണാഡിഎംകെ രണ്ടായി പിളർന്നു. ടി.ടി.വി.ദിനകരന്റെ അമ്മ മക്കൾ മുന്നേറ്റ കഴകം അണ്ണാഡിഎംകെ വോട്ടുകളിൽ കടന്നുകയറും.

Tamil-Nadu-Constituency-seats-2014-map

ജയലളിതയുടെ മണ്ഡലമായിരുന്ന ആർ.കെ.നഗറിലെ ഉപതിര‍ഞ്ഞെടുപ്പിൽ  ദിനകരൻ നാൽപതിനായിരത്തിൽ പരം വോട്ടിനാണ് ജയിച്ചത്. കഴിഞ്ഞ തവണ കോൺഗ്രസും ഡിഎംകെയും സഖ്യമില്ലാതെയാണു തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഇത്തവണ സഖ്യസാധ്യത ഇരുപാർട്ടികളും പ്രഖ്യാപിച്ചു കഴിഞ്ഞു. തെന്നിന്ത്യയിലെ പ്രധാന നടനായ കമൽഹാസൻ മക്കൾ നീതി മയ്യം എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിച്ചെങ്കിലും സഖ്യത്തിലേർപ്പെടുമോയെന്ന്  ഇതുവരെ വ്യക്തമാക്കിയിട്ടില്ല. പിഎംകെ, ബിജെപി പാർട്ടികളെ ഉൾപ്പെടുത്തി മാഹാസഖ്യത്തിലാണ് അണ്ണാഡിഎംകെ ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. 

കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക ജാതി സംവരണത്തിന് അനുകൂലമായ പ്രതികരണമല്ല സംസ്ഥാനത്തുള്ളതെന്നതാണ് ഈ സഖ്യത്തിനു മുന്നിലുള്ള വെല്ലുവിളി. കഴിഞ്ഞ തവണ അണ്ണാഡിഎംകെയ്ക്ക് 44.92% വോട്ടു ലഭിച്ചിരുന്നു. ബിജെപി 5.56% വോട്ടും നേടി. ഡിഎംകെയ്ക്ക് 23.91% വോട്ടും. കോൺഗ്രസിനു ലഭിച്ചത് 4.37 % വോട്ടു മാത്രം. തിരഞ്ഞെടുപ്പിനു മുന്നേടിയായുള്ള സർവേകൾ ഡിഎംകെ–കോൺഗ്രസ് സഖ്യം മികച്ച ജയം നേടുമെന്നാണു പ്രവചിക്കുന്നത്.

കർണാടക: വിധി നിർണയിക്കുക ജനതാദൾ–കോൺഗ്രസ് സഖ്യം

കോൺഗ്രസും ബിജെപിയും നേരിട്ട‌് ഏറ്റുമുട്ടുന്ന ദക്ഷിണേന്ത്യയിലെ  ഏക സംസ്ഥാനം. ആകെ 28 ലോക്സഭാ സീറ്റുകൾ. 2014ൽ ബിജെപി 17 സീറ്റു സ്വന്തമാക്കിയിരുന്നു.  കോൺഗ്രസിന് 9 സീറ്റും. ജനതാദൾ (എസ്) രണ്ടു സീറ്റും നേടി. കഴിഞ്ഞ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും രണ്ടാമത്തെ വലിയ കക്ഷിയായ കോൺഗ്രസ് മൂന്നാം കക്ഷിയായ ജനതാദൾ എസിന് സർക്കാർ രൂപീകരിക്കാൻ പിന്തുണ നൽകി. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഈ സഖ്യം തുടരുമോ എന്ന കാര്യത്തിൽ ഇതുവരെ ഇരുപാർട്ടികൾക്കിടയിൽ വ്യക്തമായ ധാരണയായിട്ടില്ല.  ജനതാദൾ(എസ്) 12 സീറ്റാണ് കോൺഗ്രസ് നേതൃത്വത്തിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. 

നേരിട്ടു പട നയിക്കാൻ മോദിയും രാഹുലും

പ്രധാനമന്ത്രി നരേന്ദ്രമോദിയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും നേരിട്ടു തിരഞ്ഞെടുപ്പ് പ്രചാരണം നയിക്കാനെത്തുമെന്നതാണ് കർണാടകയുടെ പ്രത്യേകത. ബിജെപിക്കു സ്വാധീനമുള്ള ഏക ദക്ഷിണേന്ത്യൻ സംസ്ഥാനമാണു കർണാടക. അതുകൊണ്ടുതന്നെ അവിടെനിന്നു പരമാവധി സീറ്റ് ബിജെപി ലക്ഷ്യമിടുന്നു. കഴിഞ്ഞ തവണ രാജ്യത്ത് കോൺഗ്രസിന് ഏറ്റവും കൂടുതൽ സീറ്റു ലഭിച്ച സംസ്ഥാനമാണു കർണാടക. മലയാളിയായ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലാണ് കോൺഗ്രസ് തന്ത്രങ്ങൾക്കു ചുക്കാൻ പിടിക്കുന്നത്. 

Karnataka-Constituency-seats-2014-map

ഭരണപക്ഷ എംഎൽഎമാരെ സ്വാധീനിക്കാൻ ബിജെപി നടത്തുന്ന ശ്രമങ്ങൾ പൂർണമായി വിജയിച്ചിട്ടില്ലെങ്കിലും താമസിയാതെ സർക്കാരിനെ താഴെയിറക്കാൻ കഴിയുമെന്നാണ് ബിജെപി കണക്കു കൂട്ടുന്നത്. കുറഞ്ഞത് ലോക്സഭാ തിരഞ്ഞെടുപ്പു പൂർത്തിയാകുന്നതു വരെ സർക്കാരിനെ പിടിച്ചു നിർത്തേണ്ടത് കോൺഗ്രസ്–ജനതാദൾ(എസ്) നേതൃത്വങ്ങൾക്ക് അനിവാര്യമാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതിയിലുള്ള ഇടിവ് ബിജെപിയെ അലോസരപ്പെടുത്തുന്നുണ്ട്. പ്രത്യേകിച്ചു നഗര കേന്ദ്രീകൃതമായ മധ്യവർഗ വോട്ടർമാരിൽ ബിജെപിയുടെ പിന്തുണ കുറയുന്നു. കാർഷിക മേഖലയിലെ ഗുരുതരമായ പ്രതിസന്ധിക്കു മുട്ടുശാന്തിയെന്നോളം കുമാരസ്വാമി മന്ത്രിസഭ നടപ്പാക്കിയ കർഷികകടങ്ങൾ എഴുതിത്തള്ളുന്നതടക്കമുള്ള നടപടികൾ ഗുണകരമാകുമെന്നാണ് കോൺഗ്രസ്, ജനതാദൾ നേതൃത്വങ്ങളുടെ വിലയിരുത്തൽ. 

Kerala-Loksabha-Constituency-seats-2014-map

കേരളം കടക്കാൻ...

കേരളത്തിൽ 20 ലോക്സഭാ സീറ്റുകളാണുള്ളത്. കഴിഞ്ഞ തവണ 12 സീറ്റു നേടിയ യുഡിഎഫ് മേൽക്കൈ നേടിയിരുന്നു. എൽഡിഎഫിന് എട്ടു സീറ്റും ലഭിച്ചു. ബിജെപിക്കു സീറ്റൊന്നും ലഭിച്ചില്ല, എന്നാൽ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർഥി ഒ.രാജഗോപാൽ രണ്ടാം സ്ഥാനത്തെത്തി. 10.45% വോട്ടാണു പാർട്ടിക്ക് സംസ്ഥാനത്തു  ലഭിച്ചത്.

ഇടതുപക്ഷത്തിന്റെ രാഷ്ട്രീയത്തുരുത്ത്

ഇടതുപക്ഷ ശക്തികൾ രാജ്യത്ത് അവശേഷിക്കുന്ന ഏക രാഷ്ട്രീയ തുരുത്തായി കേരളം മാറിക്കഴിഞ്ഞു. ഒരുപക്ഷേ അടുത്ത ലോക്സഭയിൽ ഇടതുപക്ഷ പ്രതിനിധികൾ കേരളത്തിൽ നിന്നു മാത്രമായിരിക്കും. 16–ാം ലോക്സഭയിലെ 12 ഇടത് എംപിമാരിൽ എട്ടു പേരും കേരളത്തിൽ നിന്നു ജയിച്ചവരായിരുന്നു. ബാക്കി രണ്ടു പേർ വീതം ബംഗാളിൽ നിന്നും ത്രിപുരയിൽ നിന്നുമാണു സഭയിലെത്തിയത്. ഈ രണ്ടു സംസ്ഥാനങ്ങളിലും സിപിഎമ്മിനു വിജയപ്രതീക്ഷ കുറവായതിനാൽ കേരളത്തിലെ വിജയം പാർട്ടിക്ക് അനിവാര്യം‌. 

ചർച്ച ചെയ്യപ്പെടാൻ ശബരിമല സ്ത്രീപ്രവേശവും

ദേശീയ പ്രധാന്യമുള്ള വിഷയങ്ങളേക്കാൾ ശബരിമല യുവതീപ്രവേശവുമായി  ബന്ധപ്പെട്ട വിവാദങ്ങളായിരിക്കും ഇത്തവണ സംസ്ഥാനത്തു കൂടുതൽ ചർച്ച ചെയ്യപ്പെടുക. ഇതുകൊണ്ട് ആർക്കു പ്രയോജനം ലഭിക്കും? മൂന്നു മുന്നണികളും ഇതിന്റെ പ്രയോജനം പ്രതീക്ഷിക്കുന്നു. വോട്ടർമാരിൽ 45 ശതമാനം ന്യൂനപക്ഷ സമുദായാംഗങ്ങളാണ്. അതുകൊണ്ടു തന്നെ കേന്ദ്രസർക്കാരിനെതിരായ ധ്രുവീകരണത്തിന്റെ പിൻബലം ബിജെപിക്കു ദേശീയ ബദലായ കോൺഗ്രസിനു ലഭിക്കുമെന്നു രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. പുറത്തുവന്ന സർവേകൾ യുഡിഎഫിനാണ് വ്യക്തമായ മുൻതൂക്കം പ്രവചിക്കുന്നത്.

ലക്ഷദ്വീപും പുതുച്ചേരിയും 

കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിലും പുതുച്ചേരിയിലും ഓരോ ലോക്സഭാ സീറ്റു വീതമാണുള്ളത്. രണ്ടു സീറ്റിലും വിജയ പ്രതീക്ഷയിലാണ് കോൺഗ്രസ്. പരമ്പരാഗതമായി കോൺഗ്രസ് സ്ഥാനാർഥികൾ ജയിച്ചുപോരുന്ന സീറ്റുകളാണെങ്കിലും കഴിഞ്ഞ തവണ രണ്ടിടത്തും പാർട്ടിക്കു കാലിടറി. ലക്ഷദ്വീപിൽ സിറ്റിങ് എംപി കോൺഗ്രസിലെ ഹംദുള്ള സെയ്തിനെ 1535 വോട്ടിനു പരാജയപ്പെടുത്തി  എൻസിപിയിലെ പി.പി.മുഹമ്മദ് ഫൈസൽ വിജയിച്ചു. പുതുച്ചേരിയിൽ എൻആർകോൺഗ്രസിലെ എൻ.രാധാകൃഷ്ണനാണു ജയിച്ചത്. ഇപ്പോഴത്തെ മുഖ്യമന്ത്രി കോൺഗ്രസിലെ വി.നാരായണസ്വാമിയാണ് അന്നു പരാജയപ്പെട്ടത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com