പെരിയ കൊലപാതകം ഹീനം; ജനങ്ങള്‍ക്കു മുന്നില്‍ തലകുനിക്കുന്നു: പിണറായി
Mail This Article
കാസർകോട്∙ പെരിയ ഇരട്ടക്കൊലപാതകം ചിലരുടെ വീണ്ടുവിചാരമില്ലാത്ത പ്രവൃത്തിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നല്ല രീതിയിൽ മുന്നോട്ടുപോകുന്ന സംസ്ഥാന സർക്കാരിനെയും പാർട്ടിയെയും അവഹേളിക്കുന്ന രീതിയിൽ കാര്യങ്ങളെത്തിച്ചത് ഇവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കാസർകോട് സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിനു തറക്കല്ലിട്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊലപാതകം ഹീനമായ ഒന്നാണ്. തെറ്റായ ഒന്നിനെയും പാർട്ടി ഏറ്റെടുക്കുന്നില്ല. ജനങ്ങള്‍ക്കു മുന്നില്‍ തലകുനിക്കുന്നു. ശക്തമായ നടപടിക്കു പൊലീസിനു നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരവസരം കിട്ടിയപ്പോൾ ഇപ്പോൾ ശരിയാക്കിത്തരാം എന്നു പറയുന്നവരോടു ഒന്നേ പറയാനുള്ളു – ഇതുകൊണ്ടൊന്നും തകരുന്നതല്ല ഈ പ്രസ്ഥാനം. ഈ പറയുന്നവരുടെ നാക്കിൻതുമ്പിലോ പേനത്തുമ്പിലോ അല്ല ഈ പ്രസ്ഥാനം. എന്നാൽ ഇവർക്ക് ഇത്തരത്തിൽ ഇടപെടുന്നതിന് അവസരം നൽകിയതു വീണ്ടുവിചാരമില്ലാത്ത ചിലരുടെ പ്രവർത്തനമാണ്. നല്ല രീതിയിൽ മുന്നോട്ടുപോവുന്ന സംസ്ഥാന സർക്കാരിനെയും പാർട്ടിയെയും ഇടതുമുന്നണിയെയും അവഹേളിക്കുന്ന രീതിയിൽ കാര്യങ്ങൾ എത്തിച്ചത് ഇവരാണെന്നും പിണറായി ആരോപിച്ചു.
ഇപ്പോൾ നടന്നതു കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകമാണ്. കൊലപാതകം ഹീനമായ ഒന്നാണ്. തെറ്റായ ഒന്നിനെയും പാർട്ടി ഏറ്റെടുക്കുന്നില്ല. ശക്തമായ നടപടിക്കു പൊലീസിനു നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ കൊലപാതകത്തിനു ശേഷം നടന്ന മറ്റനേകം കാര്യങ്ങളുണ്ട്. അക്രമം നടത്താൻ ലൈസൻസ് ലഭിച്ചെന്ന ധാരണയിൽ കോൺഗ്രസ് ഗുണ്ടകൾ അഴിഞ്ഞാടി. ഇത് ആരും തള്ളിപ്പറഞ്ഞതായോ ആരും പ്രതികരിച്ചതായോ കണ്ടില്ല. ഇവരും ശക്തമായി നടപടി നേരിടേണ്ടിവരും – മുഖ്യമന്ത്രി പറഞ്ഞു.
കാസർകോട്ട് വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന മുഖ്യമന്ത്രി കൊല്ലപ്പെട്ട ശരത്‌ലാലിന്റെയും കൃപേഷിന്റെയും വീടുകൾ സന്ദർശിക്കാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ എതിർപ്പുകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് കോൺഗ്രസ് അറിയിച്ചതിനെ തുടർന്ന് ഇതിൽനിന്ന് പിന്മാറി.
മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി
കാസർകോട്∙ മുഖ്യമന്ത്രിക്കു നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി. കാസർകോട് സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിനു തറക്കല്ലിട്ട ശേഷം കാഞ്ഞങ്ങാടേക്കു പോകുകയായിരുന്ന മുഖ്യമന്ത്രിക്കു നേരെ പൊയിനാച്ചിയിൽ വന്നാണ് യൂത്ത് കോൺഗ്രസ് കരിങ്കൊടി കാട്ടിയത്. ഇവരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.