യുപി: 73+1- അമിത് ഷായുടെ അതിമോഹം?; വിജയമുറപ്പിച്ച് എസ്പി, ബിഎസ്പി
Mail This Article
അടുത്ത കാലത്തെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്താവനയായിരുന്നു മുലായം സിങ് യാദവിന്റേത്. പ്രതിപക്ഷനിരയിലാണ് ഇരിപ്പിടമെങ്കിലും അദ്ദേഹം ലോക്സഭയിൽ പരസ്യമായി പറഞ്ഞതു നരേന്ദ്ര മോദി ഒരിക്കൽ കൂടി പ്രധാനമന്ത്രിയായിക്കാണണമെന്നാണ്. യുപി രാഷ്ട്രീയത്തിന്റെ അടിയൊഴുക്കുകളും ഉൾക്കിടിലങ്ങളും മുലായത്തിന്റെ വാക്കുകളിലുണ്ട്. മകൻ അഖിലേഷ് യാദവിന്റെ രാഷ്ട്രീയത്തിനു തന്റെ പിന്തുണയില്ലെന്നാണ് ആ പ്രസ്താവനയുടെ ഒരർഥം. എസ്പി – ബിഎസ്പി കൂട്ടുകെട്ടിനു മേൽ ബിജെപി വിജയം നേടണമെന്ന് ആഗ്രഹിക്കുന്നുവെന്നതു രണ്ടാമത്തേത്. വ്യക്തിപരമായ ഈ മോഹത്തിനു മൂന്നാമതൊരു ന്യൂനപക്ഷ രാഷ്ട്രീയമാനം കൂടിയുണ്ട്. തിരഞ്ഞെടുപ്പു പൂർവ യുദ്ധത്തിൽ തൽക്കാലം മൂന്നാമതു നിൽക്കുന്ന കോൺഗ്രസിന്റെ പ്രതീക്ഷ അതിലാണ്.
80 എംപിമാരെ തിരഞ്ഞെടുക്കുന്ന യുപിയിലെ ലാഭനഷ്ടങ്ങൾ ബിജെപിക്ക് അതിനിർണായകം. കഴിഞ്ഞ വട്ടം ബിജെപി തനിച്ചു നേടിയത് 71 സീറ്റ്. സഖ്യകക്ഷിയായ അപ്നാ ദളിനു കിട്ടിയതു 2. മോദി തരംഗത്തിൽ പ്രാദേശിക വമ്പന്മാരായ എസ്പി 5 സീറ്റിലൊതുങ്ങി. 19.62% വോട്ടു നേടിയിട്ടും ബിഎസ്പിക്ക് ഒരു സീറ്റു പോലും കിട്ടിയില്ല. കോൺഗ്രസ്, പരമ്പരാഗത മണ്ഡലങ്ങളായ അമേഠിയും റായ് ബറേലിയും കൊണ്ടു തൃപ്തിപ്പെട്ടു.
കഴിഞ്ഞ തവണ ബിജെപിയുടേതു മോദി തരംഗത്തിലേറിയുള്ള അപൂർവ വിജയമായിരുന്നു. ഇത്തവണ 73+1 എന്നു ബിജെപി അധ്യക്ഷൻ അമിത് ഷാ പറയുന്നത് അണികളുടെ ആത്മവിശ്വാസം നിലനിർത്താനുള്ള ഭംഗിവാക്കാണ്. നഷ്ടക്കണക്കു പരമാവധി കുറയ്ക്കുന്നതായിരിക്കും ഇത്തവണത്തെ വിജയം. യുപിയിൽ മറ്റാരെക്കാളും മുൻപു മോദിയും അമിത് ഷായും തിരക്കിട്ട പ്രചാരണമാരംഭിച്ചിരിക്കുന്നതും അതുകൊണ്ടാണ്.
എസ്പിക്ക് 22.18% വോട്ടാണു കഴിഞ്ഞ തവണ കിട്ടിയത്. ബിഎസ്പിക്ക് 19.62%. ആർഎൽഡിയുടെ എളിയ പങ്കു (0.85%) കൂടി ചേരുമ്പോൾ അതു കഴിഞ്ഞ തവണ ബിജെപി നേടിയ വോട്ടു ശതമാനത്തിനൊപ്പമാണ്- 42.32%. എന്നാൽ, സംഘശക്തി നേടാനിടയുള്ള സീറ്റുകളുടെ കണക്കെടുപ്പിൽ എസ്പി–ബിഎസ്പി–ആർഎൽഡി സഖ്യം ഏറെ മുന്നിലാണ്. 50–55 സീറ്റുകൾ സഖ്യം കയ്യടക്കിയേക്കുമെന്നാണു പ്രവചനങ്ങൾ.
കഴിഞ്ഞ തവണ ബിജെപി വിജയകരമായി പ്രയോഗിച്ച ജാതി, ഉപജാതി രാഷ്ട്രീയം മുന്നിൽ കണ്ടാണു സഖ്യത്തിന്റെ ചുവടുകൾ. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഗോരഖ്പുരിലും ഫുൽപുർ, കയ്റാന മണ്ഡലങ്ങളിലും വിജയിച്ച പരീക്ഷണം ഇനി പരാജയപ്പെട്ടാലാണ് അദ്ഭുതം. എസ്പിയുടെ മുസ്‌ലിം, യാദവ് വോട്ട് ബാങ്കും ബിഎസ്പിയുടെ ദലിത്, പിന്നാക്ക വോട്ട് ബാങ്കും ആർഎൽഡിയുടെ ജാട്ട് മേമ്പൊടിയും സഖ്യത്തിന് ഇതിനകം അജയ്യ പരിവേഷം നൽകിക്കഴിഞ്ഞു.
ഇതിനിടെയാണ്, പ്രതിപക്ഷ മഹാസഖ്യത്തിനു പുറത്തായ കോൺഗ്രസ്, പ്രിയങ്കയെന്ന തുറുപ്പു ചീട്ടിറക്കിയത്. അമേഠിയിലും റായ് ബറേലിയിലും മാത്രമായി ഒതുങ്ങുമായിരുന്ന കോൺഗ്രസിന്റെ പോരാട്ടം, അതോടെ, സംസ്ഥാന വ്യാപകമായി. ബിജെപിയെപ്പോലെ കോൺഗ്രസിന്റെ അടിസ്ഥാന വോട്ട് ബാങ്കും മേൽജാതിക്കാരാണ്. ദലിതർക്കും പിന്നാക്ക വിഭാഗങ്ങൾക്കും മുസ്‌ലിങ്ങൾക്കും അവരോട് അനുഭാവമുണ്ട്. എങ്കിലും ‘അവസരം നഷ്ടപ്പെടുത്താനുള്ള അവസരം’ ഒരിക്കലും നഷ്ടപ്പെടുത്താത്തതു കൊണ്ട്, 2009ൽ ഒഴികെ അടുത്ത കാലത്തെങ്ങും ഈ അനുഭാവം കോൺഗ്രസിന് അനുകൂലവോട്ടായിട്ടില്ല.
ഇതിനിടെയാണ്, മുലായം സിങ്ങിന്റെ മോദി സ്തുതി അവർക്കു മുന്നിൽ അവസരങ്ങളുടെ വാതിൽ വീണ്ടും തുറക്കുന്നത്. 2009ൽ ബിജെപിയെ തടയാൻ സംഘടിതമായി കോൺഗ്രസിനൊപ്പം നിന്ന ന്യൂനപക്ഷത്തിന്റെ വകയായിരുന്നു അവർക്കു ലഭിച്ച 21 സീറ്റ്. കേന്ദ്രത്തിൽ ഒരിക്കൽ കൂടി അധികാരത്തിലെത്താൻ യുപിഎയെ സഹായിച്ചതും അതാണ്. മുലായം മോദിക്കു നൽകുന്ന പിന്തുണ, എസ്പിയുടെ ന്യൂനപക്ഷ വോട്ട് ബാങ്കിനു മുന്നിൽ ചോദ്യങ്ങളുയർത്തുന്നു.
50–55 സീറ്റു നേടി ദേശീയ രാഷ്ട്രീയത്തിൽ തന്നെ ശക്തമായ കുറുമുന്നണിയാകുന്നതിൽ എസ്പി–ബിഎസ്പി–ആർഎൽഡി സഖ്യവും 10–12 സീറ്റു നേടി പ്രസക്തി നിലനിർത്തുന്നതിൽ കോൺഗ്രസും വിജയിച്ചാൽ ബിജെപി തീർത്തു മെലിയും. അമിത് ഷാ നേതൃത്വം നൽകുന്ന ശക്തമായ പാർട്ടി യന്ത്രം യുപിയിലെ ഓരോ ഇടവഴിയിലും നിരന്തരം സഞ്ചരിക്കുന്നത് അതിനു തടയിടാനാണ്. വ്യക്തിപ്രഭാവം അവസാനിച്ചിട്ടില്ലെന്നു വ്യക്തമായ സൂചന നൽകി മോദി ജനക്കൂട്ടങ്ങളെ ആകർഷിക്കുന്നതും.