മസൂദിനെ കരിമ്പട്ടികയില്‍പ്പെടുത്തണമെന്ന് യുഎസ്, ബ്രിട്ടന്, ഫ്രാന്‍സ്; മിണ്ടാതെ ചൈന
Mail This Article
ന്യൂയോർക്ക്∙ പാക് ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെതിരെ യുഎസും ബ്രിട്ടനും ഫ്രാന്‍സും. മസൂദിനെ കരിമ്പട്ടികയില്‍പ്പെടുത്താന്‍ യുഎന്‍ രക്ഷാസമിതിയോട് മൂന്നുരാജ്യങ്ങളും ആവശ്യപ്പെട്ടു. മസൂദ് അസ്ഹറിന് ആയുധങ്ങള്‍ ലഭിക്കുന്നതു തടയണമെന്നും രക്ഷാസമിതിക്കു മുന്നില്‍ വച്ച നിര്‍ദേശത്തില്‍ മൂന്നുരാജ്യങ്ങളും ആവശ്യപ്പെട്ടു.
കരിമ്പട്ടികയില്‍പ്പെട്ടാല്‍ അസ്ഹറിന്റെ സ്വത്തുക്കള്‍ മരവിപ്പിക്കുകയും യാത്രാവിലക്ക് ഏര്‍പെടുത്തുകയും ചെയ്യേണ്ടിവരും. യുഎസിന്റെയും ഫ്രാന്‍സിന്റെയും ബ്രിട്ടന്റെയും നീക്കത്തോട് വീറ്റോ അധികാരമുളള ചൈന പ്രതികരിച്ചിട്ടില്ല. മസൂദിനെതിരെ നേരത്തേ പലതവണ ഇന്ത്യ യുഎന്നിനെ സമീപിച്ചിരുന്നു. ഇന്ത്യയും പാക്കിസ്ഥാനും സൈനിക നടപടികൾ നിര്‍ത്തിവയ്ക്കണമെന്നു യുഎസ് ആവശ്യപ്പെട്ടു. സംഘർഷത്തിന് അയവുവരുത്താൻ ഇരു രാജ്യങ്ങളും തയാറാകണമെന്നും പെന്റഗൺ വ്യക്തമാക്കി.
നിയന്ത്രണ രേഖയിൽ വീണ്ടും പാക്ക് പ്രകോപനം
ജമ്മു കശ്മീരിലെ പൂഞ്ചിൽ പാക്കിസ്ഥാൻ സൈനികർ വെടിയുതിർത്തു. ഇന്ത്യ തിരിച്ചടിച്ചു. രാവിലെ ആറിന് തുടങ്ങിയ വെടിവയ്പ് ഒരു മണിക്കൂറോളം നീണ്ടു. ചൊവ്വാഴ്ച വൈകിട്ട് മുതലാണു നിയന്ത്രണ രേഖയിൽ പാക്കിസ്ഥാൻ ആക്രണം രൂക്ഷമാക്കിയത്. ബുധനാഴ്ച പാക്കിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ അഞ്ച് ഇന്ത്യൻ സൈനികർക്കു പരുക്കേറ്റിരുന്നു. നൗഷേര, രജൗരി എന്നിവിടങ്ങളിലും പാക്ക് പ്രകോപനം തുടരുകയാണ്.
പാക്കിസ്ഥാനിൽ പിടിയിലായ ഇന്ത്യൻ പൈലറ്റ് അഭിനന്ദൻ വര്‍ധമാനെ ഉടൻ മോചിപ്പിക്കണമെന്ന് ഇന്ത്യ ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ട്. വ്യോമസേന ഉദ്യോഗസ്ഥനു നയതന്ത്ര സഹായം ലഭ്യമാക്കാൻ അനുവദിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. എന്നാൽ ഇന്ത്യയുടെ ആവശ്യത്തോടു പ്രതികരിക്കാൻ പാക്കിസ്ഥാൻ ഇതുവരെ തയാറായിട്ടില്ല.
English Summary: US, Britain and France proposed that UN Security Council blacklist Masood Azhar