വ്യോമാക്രമണത്തിന് തെളിവു വേണം; ഭീകരതയെ മോദി രാഷ്ട്രീയവൽക്കരിക്കുന്നു: കപിൽ സിബൽ
Mail This Article
ന്യൂഡൽഹി∙ പാക്കിസ്ഥാനിലെ ബാലാക്കോട്ടിൽ ജയ്ഷെ മുഹമ്മദിന്റെ ഭീകരതാവളം തകർത്ത വ്യോമാക്രമണത്തിനു തെളിവു വേണമെന്ന് കോൺഗ്രസ് നേതാവ് കപിൽ സിബലും. മാത്രമല്ല ഭീകരതയെ രാഷ്ട്രീയവൽക്കരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും കപിൽ സിബൽ കൂട്ടിച്ചേർത്തു. നേരത്തേ, കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്ങും വ്യോമാക്രമണത്തിന്റെ തെളിവ് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.
‘രാജ്യാന്തര മാധ്യമങ്ങളായ ന്യൂയോർക്ക് ടൈംസ്, വാഷിങ്ടൻ പോസ്റ്റ്, ലണ്ടൻ ആസ്ഥാനമായ ജെയിൻ ഇൻഫര്‍മേഷൻ ഗ്രൂപ്പ്, ഡെയ്‌ലി ടെലിഗ്രാഫ്, ഗാർഡിയൻ, റോയിട്ടേഴ്സ് തുടങ്ങിയ മാധ്യമങ്ങൾ ബാലാക്കോട്ടിലെ ആക്രമണത്തിൽ ആരും കൊല്ലപ്പെട്ടതിനു തെളിവില്ലെന്നു റിപ്പോർട്ട് ചെയ്യുന്നു. ഭീകരതയെ രാഷ്ട്രീയവൽക്കരിക്കുന്ന നിങ്ങൾ തെറ്റുചെയ്യുകയാണ്’ – കപിൽ സിബൽ ട്വിറ്ററിൽ പറഞ്ഞു.
ബാലാക്കോട്ടിൽ 300 ഭീകരർ കൊല്ലപ്പെട്ടെന്ന വാർത്ത നിഷേധിച്ച് കേന്ദ്രമന്ത്രി എസ്.എസ്. അലുവാലിയയും രംഗത്തെത്തിയിരുന്നു. ഭീകര താവളം തകർത്ത് മുന്നറിയിപ്പു നൽകിയതേയുള്ളൂ ആൾനാശം വരുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നായിരുന്നു അലുവാലിയയുടെ പ്രസ്താവന. ഇക്കാര്യത്തിൽ സംശയം നീക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാലയും രംഗത്തെത്തിയിരുന്നു.
English Summary: After Digvijay Singh, Kapil Sibal demands proof of IAF strike on Jaish camp