ബാലാക്കോട്ട് ആക്രമണത്തിൽ 250 ഭീകരർ കൊല്ലപ്പെട്ടു; കണക്കു പുറത്തുവിട്ട് അമിത് ഷാ
Mail This Article
ന്യൂഡൽഹി∙ ബാലാക്കോട്ടിൽ കൊല്ലപ്പെട്ട ഭീകരരുടെ കണക്കുകള്‍ പുറത്തുവിടാൻ കേന്ദ്രസർക്കാർ വൈകുന്നതിനിടെ എണ്ണം പുറത്തുവിട്ട് ബിജെപി. അന്നത്തെ സൈനിക നടപടിയിൽ 250ൽ അധികം ഭീകരർ കൊല്ലപ്പെട്ടതായി ബിജെപി അധ്യക്ഷൻ അമിത് ഷാ പറഞ്ഞു. ഗുജറാത്തിലെ തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു വെളിപ്പെടുത്തൽ. നേരത്തേ പുറത്തുവന്ന കണക്കുകളിൽ 350 പേർ കൊല്ലപ്പെട്ടെന്നായിരുന്നു പറഞ്ഞിരുന്നത്.
ഉറി ഭീകരാക്രമണത്തിനുശേഷം നമ്മുടെ സൈന്യം പാക്കിസ്ഥാനിലേക്കു കടന്നുചെന്ന് മിന്നലാക്രമണം നടത്തി. സൈനികരുടെ ജീവനു പകരം ചോദിച്ചു. പുൽവാമയ്ക്കുശേഷം എല്ലാവരും വിചാരിച്ചു മിന്നലാക്രമണം ഉണ്ടാകില്ലെന്ന്. എന്നാൽ എന്താണുണ്ടായത്? മോദിയുടെ ഭരണത്തിൻകീഴിൽ ആക്രമണം ഉണ്ടായതിന്റെ 13ാം ദിവസം വ്യോമാക്രമണം നടത്തി 250ൽ അധികം ഭീകരർ കൊല്ലപ്പെട്ടു – അമിത് ഷാ പറഞ്ഞു.
പാക്കിസ്ഥാനെതിരായ ഇന്ത്യൻ വ്യോമസേനയുടെ ആക്രമണത്തിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്നും ബിജെപി പറയുന്നു. അതേസമയം, യുഎസിനും ഇസ്രയേലിനുംശേഷം സൈനികർക്കു മേലുണ്ടായ ആക്രമണത്തിനു മറുപടി കൊടുക്കുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യയെന്നും ഷാ പറഞ്ഞു. ‘മുൻപ് നമ്മുടെ ജവാന്മാരുടെ തലയറുക്കുകയും അപമാനിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇന്ന് അവസ്ഥ മാറിയിരിക്കുന്നു. പാക്കിസ്ഥാന്റെ എഫ്–16 വിമാനം തകർത്ത് അവിടെ അകപ്പെട്ട ജവാൻ വെറും 24 മണിക്കൂറിനുള്ളിൽ നാട്ടിൽ തിരിച്ചെത്തി. നരേന്ദ്ര മോദി അധികാരത്തിലുള്ളതിന്റെ മാറ്റങ്ങളാണിവ’ – സൂറത്തിലെ മറ്റൊരു ചടങ്ങിൽ അമിത് ഷാ പറഞ്ഞു.
കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, എസ്പി നേതാവ് അഖിലേഷ് യാദവ് എന്നീ പ്രതിപക്ഷ നേതാക്കൾക്കെതിരെയും അമിത് ഷാ ആഞ്ഞടിച്ചു. ‘അവരുടെ പ്രസ്താവനകളെ ഓർത്ത് അവർ ലജ്ജിക്കും. പാക്കിസ്ഥാന്റെ മുഖത്ത് അവരുടെ പ്രതികരണങ്ങൾ പുഞ്ചിരിയുണ്ടാക്കിയിരുന്നു. മോദിജിയുടെ കഴിവ് ഈ നേതാക്കൾക്കില്ല. സൈനികരെ പിന്തുണയ്ക്കാൻ കഴിയില്ലെങ്കിൽ മിണ്ടാതിരിക്കുകയെങ്കിലും വേണം’ – അമിത് ഷാ കൂട്ടിച്ചേർത്തു.
പുൽവാമ ഭീകരാക്രമണത്തിനു തിരിച്ചടിയായി പാക്കിസ്ഥാനിലെ ബാലക്കോട്ടിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണം ആൾനാശമുണ്ടാക്കാൻ വേണ്ടിയുള്ളതായിരുന്നില്ലെന്ന് കേന്ദ്രമന്ത്രി എസ്.എസ്. അലുവാലിയ ഇന്നലെ പറഞ്ഞിരുന്നു. ആ ആക്രമണത്തിൽ മുന്നൂറിലേറെപ്പേർ കൊല്ലപ്പെട്ടന്ന് മോദിയോ ബിജെപി നേതാക്കളോ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോയെന്നും അലുവാലിയ ചോദിച്ചു. പാക്ക് മണ്ണിൽ കടന്നുകയറിയുള്ള ആക്രമണം തീവ്രവാദികൾക്കു മുന്നറിയിപ്പു നൽകുക എന്ന ലക്ഷ്യത്തോടെയായിരുന്നു അല്ലാതെ ആൾനാശം വരുത്താനായിരുന്നില്ലെന്നു വ്യക്തമാക്കിയ അലുവാലിയയുടെ പ്രസ്താവന ബിജെപി ഇതുവരെ നിഷേധിച്ചിട്ടില്ല.
മോദിയടക്കമുള്ള നേതാക്കളാരും ആള്‍നാശത്തെക്കുറിച്ച് പ്രസംഗിച്ചിട്ടില്ലല്ലോയെന്ന് അലുവാലിയ ചോദിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ആവശ്യമെങ്കിൽ ആൾനാശമുണ്ടാക്കാൻ ഉതകുന്നതാണ് ഇന്ത്യന്‍ സേന എന്ന് പാക്കിസ്ഥാനെ ബോധ്യപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും വിഡിയോയിൽ പറഞ്ഞിരുന്നു. സിപിഎമ്മും തൃണമൂല്‍ കോണ്‍ഗ്രസും വിഡിയോ ഏറ്റെടുത്തുകൊണ്ട് ആക്രമണത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്. ഭീകരവാദികളാരും കൊല്ലപ്പെട്ടിട്ടില്ലേ എന്ന ചോദ്യത്തിന് കേന്ദ്രസര്‍ക്കാര്‍ മറുപടി പറയണമെന്ന് കോണ്‍ഗ്രസും ആവശ്യപ്പെട്ടു. എത്ര ഭീകരവാദികളെയാണ് ഇന്ത്യ വ്യോമാക്രമണത്തിലൂടെ കൊന്നതെന്ന് വ്യക്തമാക്കണമെന്ന് തൃണമൂല്‍ ആവശ്യപ്പെട്ടിരുന്നു.
English Summary: "Over 250 Killed", Says Amit Shah On Air Strike in Balakot