20ല്‍ 6 എംഎല്‍എമാര്‍: ഇടതില്‍ ചിത്രം വ്യക്തം; ഇനി അങ്കത്തട്ടില്‍
Mail This Article
തിരുവനന്തപുരം∙ ലോക്സഭ തിരഞ്ഞെടുപ്പിനുള്ള സിപിഎമ്മിന്‍റെ 16 സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ചു. 4 സിപിഎം എംഎല്‍എമാര്‍ സ്ഥാനാര്‍ഥികളായുണ്ട്. രണ്ട് സിപിഐ എംഎല്‍എമാരും അടക്കം ഇടതില്‍ കളത്തിലുള്ള എംഎല്‍എമാരുടെ എണ്ണം ആറായി. നാലു ജില്ലാ സെക്രട്ടറിമാരും രണ്ടുവനിതകളും ഉള്‍പ്പെടുന്നതാണ് സിപിഎം സ്ഥാനാര്‍ത്ഥി പട്ടിക. പി.കരുണാകരൻ ഒഴികെയുള്ള സിറ്റിങ് എംപിമാരെല്ലാം വീണ്ടും ജനവിധി തേടിയിറങ്ങുന്നു എന്നതും പട്ടികയെ ശ്രദ്ധേയമാക്കുന്നു.
പൊന്നാനിയില്‍ നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറിന്റെ പേര് തന്നെ മണ്ഡലം കമ്മിറ്റി വീണ്ടും നിര്‍ദേശിച്ചതോടെ സംസ്ഥാന നേതൃത്വം അത് അംഗീകരിച്ചു. കണ്ണൂരില്‍ പി.കെ. ശ്രീമതിയും പാലക്കാട് എം.ബി. രാജേഷും ആലത്തൂരില്‍ പി.കെ. ബിജുവും ചാലക്കുടിയില്‍ ഇന്നസന്റും ഇടുക്കിയില്‍ ജോയ്സ് ജോര്‍ജും ആറ്റിങ്ങലില്‍ എ.സമ്പത്തും തന്നെ മല്‍സരിക്കും. പത്തനംതിട്ടയില്‍ ആറന്മുള എംഎല്‍എ വീണ ജോര്‍ജും ആലപ്പുഴയില്‍ അരൂര്‍ എംഎല്‍എ എ.എം. ആരിഫും കോഴിക്കോട്ട് എ. പ്രദീപ് കുമാര്‍ എംഎല്‍എയും സ്ഥാനാര്‍ഥികളായി.
വടകരയില്‍ പി. ജയരാജനെയും എറണാകുളത്ത് പി. രാജീവിനെയും കോട്ടയത്ത് വി.എന്‍. വാസവനെയും കൊല്ലത്ത് കെ.എന്‍. ബാലഗോപാലനെയും മല്‍സരിപ്പിക്കാനാണു പാര്‍ട്ടി തീരുമാനിച്ചത്. കാസർകോട്ട് കെ.പി. സതീഷ് ചന്ദ്രന്‍ ജനവിധി തേടുമ്പോള്‍ മലപ്പുറത്ത് എസ്എഫ്ഐ ദേശീയ പ്രസിഡന്റ് വി.പി. സാനുവാണു സ്ഥാനാര്‍ഥി. ഏറ്റവും പ്രായം കുറഞ്ഞ സിപിഎം സ്ഥാനാര്‍ഥിയാണു സാനു.
English Summary: Out Of 20 6 MLA's to contest from LDF, 2 Women included