കച്ചകെട്ടി സിപിഎം; കളത്തിലിറക്കിയത് പയറ്റിത്തെളിഞ്ഞവരെ, പോരാട്ടം കനക്കും
Mail This Article
തിരുവനന്തപുരം ∙ നാല് എംഎൽഎമാരെയും രണ്ട് ജില്ലാ സെക്രട്ടറിമാരെയും അടക്കം അണിനിരത്തി ശക്തമായ രാഷ്ട്രീയ മത്സരത്തിനു സന്നാഹമൊരുക്കി സിപിഎം. തിരഞ്ഞെടുപ്പ് സർവേകൾ തിരിച്ചടി പ്രവചിക്കുമ്പോൾ മികച്ച സ്ഥാനാർഥികളെ രംഗത്തിറക്കാനുള്ള സൂക്ഷ്മതയാണു സ്ഥാനാർഥി ചർച്ചകളിൽ സിപിഎം കാട്ടിയത്. വിവാദനായകരെയും പട്ടികയിൽ ഉൾപ്പെടുത്താൻ മടിച്ചില്ല. പ്രാദേശികമായി അവർക്കുള്ള സ്വീകാര്യതയിലാണു പ്രതീക്ഷ.
സ്വതന്ത്രസ്ഥാനാർഥികളെ കാര്യമായി ആശ്രയിക്കാൻ കഴിഞ്ഞ തവണ തീരുമാനിച്ചെങ്കിൽ ഇക്കുറി സിപിഎം–സിപിഐ പട്ടികയിൽ ഏറിയ പങ്കും പയറ്റിത്തെളിഞ്ഞ പാർട്ടിനേതാക്കൾ തന്നെ. സമീപകാലത്തൊന്നും ഇത്രയധികം എംഎൽഎമാരെ ലോക്സഭാ തിരഞ്ഞെടുപ്പിന് ഇടതുമുന്നണി ഇറക്കിയിട്ടില്ല. എംഎൽഎമാരെ യുഡിഎഫ് മത്സരിപ്പിച്ച വേളയിൽ പരിഹസിച്ച ചരിത്രമുള്ള ഇടതുമുന്നണി ഇക്കുറി ഒറ്റയടിക്ക് ഗോദയിലിറക്കിയത് 6 പേരെ. ജയിച്ചാൽ നിയമസഭാ ഉപതിരഞ്ഞെടുപ്പ് എന്നതൊക്കെ വേറെ വിഷയം. നിലവിൽ ലോക്സഭാ മണ്ഡലത്തിൽ ആർക്കാണോ വിജയസാധ്യത, അവരെ പരീക്ഷിക്കുക എന്ന പ്രായോഗികതയിൽ വിശ്വാസം.
സിറ്റിങ് എംപിമാരിൽ കുറച്ചുപേരെയങ്കിലും ഒഴിവാക്കണമെന്ന അഭിപ്രായം നേരത്തെ പരിഗണിച്ചുവെങ്കിലും അതും വേണ്ടെന്നു വച്ചു. പ്രതീക്ഷിച്ചതുപോലെ പി. കരുണാകരൻ മാത്രം മാറിനിന്നു. ആലത്തൂരിൽ പി.കെ ബിജുവിനു പകരം കേന്ദ്രകമ്മിറ്റി അംഗമായ കെ. രാധാകൃഷ്ണൻ എന്ന നിർദേശമുണ്ടായിരുന്നുവെങ്കിലും ബിജുവിന് ഒരവസരം കൂടി എന്നതിലേക്കെത്തി.
∙രണ്ടു വനിതകൾ എന്ന ധാരണ ആദ്യമുണ്ടായപ്പോഴാണു കോട്ടയത്ത് ഡോ. സിന്ധുമോൾ ജേക്കബ് എന്ന പുതുമുഖത്തെ പരീക്ഷിച്ചാലോയെന്നു ചിന്തിച്ചത്. പത്തനംതിട്ടയിൽ രാജു ഏബ്രഹാം എംഎൽഎയുടെ പേരാണ് ഉയർന്നത്. പത്തനംതിട്ടയിൽ രാജു ഏബ്രഹാമെങ്കിൽ കോട്ടയത്തു വനിത എന്ന നിലയിലാണു സിന്ധുമോൾ ജേക്കബിനെ തീരുമാനിച്ചത്.
രാജു ഏബ്രഹാം നേതൃത്വത്ത ബുദ്ധിമുട്ടറിയിച്ചതിനെ തുടർന്നാണു രണ്ടാമത്തെ പേരായ വീണാ ജോർജിലേക്കെത്തിയത്. ഇതോടെ കോട്ടയത്തെ വനിതാ പരിഗണന മാറ്റി വി.എൻ. വാസവനെ നിശ്ചയിച്ചു. ആലപ്പുഴയിൽ ആരിഫിനെയും കോട്ടയത്തു വാസവനെയും നിശ്ചയിച്ചപ്പോൾ സാമുദായിക പരിഗണനകളും കണക്കിലെടുത്തിട്ടുണ്ട്.
∙എറണാകുളത്ത് ഏറെക്കാലമായി പിന്തുടർന്ന സ്വതന്ത്ര പരീക്ഷണം അവസാനിപ്പിച്ചാണു സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. രാജീവിനെ രംഗത്തിറക്കിയത്. ചാലക്കുടി പാർലമെന്റ് മണ്ഡലം കൺവൻഷനിൽ ഇന്നസെന്റിനു പകരം പി. രാജീവിന്റെ പേര് ഒരാൾ ഉന്നയിച്ചെങ്കിലും പുതിയ പേരുവേണ്ട, നിർദേശിച്ച പേരു ചർച്ചചെയ്താൽ മതിയെന്നു സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോൺ കർശനമായി വിലക്കി.
∙കേസും വിവാദങ്ങളും പിന്തുടരുമ്പോഴും പാർട്ടി അണികൾക്കു സ്വീകാര്യനാണെന്ന വിലയിരുത്തലിലാണു വടകരയിൽ പി. ജയരാജനെ രംഗത്തിറക്കിയത്. ടി.പി ചന്ദ്രശേഖരന്റെ ഒഞ്ചിയം അടങ്ങുന്ന വടകരയിൽ രണ്ടും കൽപ്പിച്ചുള്ള നീക്കമാണിത്. കഴിഞ്ഞ ജില്ലാസമ്മേളനഘട്ടത്തിൽ ജയരാജനെ ജില്ലാസെക്രട്ടറി സ്ഥാനത്തു നിന്ന് ഒഴിവാക്കിയാലോയെന്ന അഭിപ്രായം പരിഗണിച്ചപ്പോൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വത്തിലൂടെ മാറ്റമെന്ന ധാരണ രൂപപ്പെട്ടിരുന്നു. ഷുക്കൂർ വധക്കേസിൽ സിബിഐ പ്രതി ചേർത്തിട്ടും ആ തീരുമാനത്തിൽ നിന്നു പിന്നോട്ടുപോകാൻ നേതൃത്വം തയാറായില്ല.
വിവാദങ്ങളിൽപ്പെട്ടുലഞ്ഞ പി.വി അൻവറിനും ഒരു തരത്തിൽ ‘പ്രമോഷനാണ്’. എം.എൽഎയുടെ സ്ഥാനത്ത് എംപിയാകാൻ സാധ്യതയുണ്ടെങ്കിൽ നോക്കിക്കോളാനുള്ള പച്ചക്കൊടി. കോഴിക്കോട്ട് എം.കെ രാഘവനെതിരെ രംഗത്തിറങ്ങാൻ വ്യക്തിപരമായി മടിയുണ്ടായിരുന്നുവെങ്കിലും സംസ്ഥാന കമ്മിറ്റി അംഗമായ എ. പ്രദീപ്കുമാർ തന്നെയാണു പോരിന് അനുയോജ്യനെന്ന തീർപ്പിൽ നേതൃത്വമെത്തി.
∙ കെ.പി. സതീഷ് ചന്ദ്രൻ - കാസർകോട്
> എൽഡിഎഫ് ജില്ലാ കൺവീനർ
> 2 തവണ സിപിഎം ജില്ലാ സെക്രട്ടറി
> തൃക്കരിപ്പൂരിൽ നിന്നു 2 തവണ എംഎൽഎ.
> നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രി സ്ഥാപക ചെയർമാൻ, എസ്എഫ്ഐ, ഡിവൈഎഫ്‍ഐ സംസ്ഥാന വൈസ് പ്രസിഡന്റും ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായിരുന്നു.
∙ പി.കെ. ശ്രീമതി - കണ്ണൂർ
> സിറ്റിങ് എംപി
> കഴിഞ്ഞ എൽഡിഎഫ് സർക്കാരിൽ ആരോഗ്യ മന്ത്രി
> പയ്യന്നൂർ മണ്ഡലത്തിൽ നിന്നു 2 തവണ എംഎൽഎ (2001,2006)
> കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റ്
> സിപിഎം കേന്ദ്രകമ്മിറ്റി അംഗം, ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ ട്രഷറർ.
∙ പി. ജയരാജൻ - വടകര
> സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി
> കൂത്തുപറമ്പിൽ നിന്നു 3 തവണ നിയമസഭാംഗം (2001, 2006 തിരഞ്ഞെടുപ്പുകളിൽ ജയം. 2001 ലെ വിജയം സുപ്രീം കോടതി റദ്ദാക്കിയതിനെത്തുടർന്നു 2005 ൽ നടത്തിയ ഉപതിരഞ്ഞെടുപ്പിലും വിജയിച്ചു.)
> എസ്‌എഫ്‌ഐ മുൻ ജില്ലാ സെക്രട്ടറി, ദേശാഭിമാനി മുൻ ജനറൽ മാനേജർ, സാന്ത്വനപരിചരണ സംഘടന ഐആർപിസിയുടെ ഉപദേശക സമിതി ചെയർമാൻ
∙ എ. പ്രദീപ്‌കുമാർ - കോഴിക്കോട്
> സിപിഎം സംസ്ഥാന കമ്മിറ്റിയംഗം.
> 2006 മുതൽ എംഎൽഎ. ആദ്യജയം കോഴിക്കോട് ഒന്ന് മണ്ഡലത്തിൽ നിന്ന്. (2011 ലും 2016 ലും കോഴിക്കോട് നോർത്ത്).
> എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, അഖിലേന്ത്യാ വൈസ് പ്രസിഡന്റ്.
> ഡിവൈഎഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി
> കാലിക്കറ്റ് സർവകലാശാല യൂണിയൻ മുൻ ചെയർമാൻ.
∙ വി.പി.സാനു - മലപ്പുറം
> എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് – ആദ്യ മൽസരം
> എസ്എഫ്ഐ ജില്ലാ പ്രസിഡന്റും സെക്രട്ടറിയുമായിരുന്നു. 2015ൽ സംസ്ഥാന പ്രസിഡന്റും.
> വളാഞ്ചേരി എംഇഎസ് കോളജിൽ യൂണിയൻ ചെയർമാൻ.
> സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.പി.സക്കറിയയുടെ മകൻ.
∙ പി.വി.അൻവർ - പൊന്നാനി
> നിലമ്പൂർ എംഎൽഎ.
> യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റായിരുന്നു.
> 2011 നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറനാട്ടിൽ സ്വതന്ത്രനായി മത്സരിച്ചു. 2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ എം.ഐ. ഷാനവാസിനെതിരെ സ്വതന്ത്രനായി മത്സരിച്ചു. 2016ൽ നിലമ്പൂരിൽ നിന്ന് സിപിഎം സ്വതന്ത്രനായി എംഎൽഎ ആയി.
∙ എം.ബി. രാജേഷ് - പാലക്കാട്
> സിറ്റിങ് എംപി.
> പാലക്കാട്ടുനിന്നു 2 തവണ ലോക്സഭാ അംഗം.
> എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റും അഖിലേന്ത്യാ പ്രസിഡന്റുമായിരുന്നു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം.
∙ പി.കെ. ബിജു - ആലത്തൂർ
> സിറ്റിങ് എംപി.
> ആലത്തൂരിൽ നിന്ന് 2 തവണ ലോക്സഭാംഗം.
> എസ്എഫ്ഐ ദേശീയ പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചു.
> സിപിഎം സംസ്ഥാന കമ്മിറ്റി അംഗം.
∙ ഇന്നസന്റ് - ചാലക്കുടി
> പ്രമുഖ നടൻ, സിറ്റിങ് എംപി.
> കമ്മ്യൂണിസ്റ്റ് കുടുംബത്തിൽ ജനനം.
> 1970 ൽ ആർഎസ്‌പിയുടെ ജില്ലാ സെക്രട്ടറി. ഇരിങ്ങാലക്കുട നഗരസഭാംഗവുമായിരുന്നു.
> അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റായി 12 വർഷം പ്രവർത്തിച്ചു.
∙ പി. രാജീവ് - എറണാകുളം
> സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, ദേശാഭിമാനി ചീഫ് എഡിറ്റർ.
> മുൻ രാജ്യസഭാ അംഗം. യുഎൻ പൊതുസഭയിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പ്രസംഗിച്ചു.
> സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി.
> ലോക്സഭയിലേക്ക് ആദ്യ മൽസരം. വടക്കേക്കര മണ്ഡലത്തിൽ നിന്നു നിയമസഭയിലേക്കു മൽസരിച്ചിട്ടുണ്ട്.
∙ എ.എം.ആരിഫ് - ആലപ്പുഴ
> 2006 മുതൽ 3 തവണ അരൂർ എംഎൽഎ
> സിപിഎം ജില്ലാ കമ്മിറ്റി അംഗം, നോൺ ബാങ്കിങ് ഫിനാൻസ് ആൻഡ് പ്രൈവറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്
> ഡിവൈഎഫ്ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗം
> 1991 ൽ ആലപ്പുഴ ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പിൽ അരൂക്കുറ്റി ഡിവിഷനിൽ നിന്നു വിജയിച്ചു.
∙ വി.എൻ.വാസവൻ - കോട്ടയം
> സിപിഎം ജില്ലാ സെക്രട്ടറി
> എസ്‌എഫ്‌ഐയിലൂടെ രാഷ്ട്രീയ പ്രവേശം
> ഡിവൈഎഫ്‌ഐ സംസ്‌ഥാനസമിതി അംഗമായിരുന്നു
> പുതുപ്പള്ളിയിൽ നിന്നു 2 തവണയും കോട്ടയത്തു നിന്നു 2 തവണയും നിയമസഭയിലേക്കു മൽസരിച്ചു.
> 2006 ൽ കോട്ടയത്തുനിന്ന് നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.
∙ ജോയ്സ് ജോർജ് - ഇടുക്കി
> സിറ്റിങ് എംപി, സിപിഎം സ്വതന്ത്രൻ
> ലോക്‌സഭയിലേക്കു രണ്ടാം മത്സരം
> കെഎസ്‌യുവിലൂടെ തുടക്കം. 1990 ൽ തൊടുപുഴ ന്യൂമാൻ കോളജിൽ കെഎസ്‌യു ചെയർമാൻ
> ഹൈക്കോടതി അഭിഭാഷകൻ
∙ കെ.എൻ. ബാലഗോപാൽ - കൊല്ലം
> 2010-16 ൽ രാജ്യസഭാംഗം. വി.എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ 4 വർഷം (2006-2010) മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി,
> സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം, മുൻ ജില്ലാ സെക്രട്ടറി.
> എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ്, ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.
∙ വീണാ ജോർജ് - പത്തനംതിട്ട
> ആറന്മുള സിറ്റിങ് എംഎൽഎ
> 2 വർഷം പത്തനംതിട്ട കാതോലിക്കറ്റ് കോളജിൽ അധ്യാപിക.
> മാധ്യമ പ്രവർത്തകയായിരുന്നു. വിവിധ വാർത്താ ചാനലുകളിൽ പ്രവർത്തിച്ചു.
> ആറന്മുളയിൽ കന്നിയങ്കത്തിൽ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
∙ എ. സമ്പത്ത് - ആറ്റിങ്ങൽ
> സിറ്റിങ് എംപി.
> തുടർച്ചയായി 2 തവണയും ആകെ 3 വട്ടവും ആറ്റിങ്ങലിൽ ജയം.
> സിപിഎം ജില്ലാ കമ്മിറ്റിയംഗം. അന്തരിച്ച പ്രമുഖ സിപിഎം നേതാവും മുൻ എംപിയുമായ കെ. അനിരുദ്ധന്റെ മകൻ.
> അഭിഭാഷകൻ.