ADVERTISEMENT

ന്യൂഡൽഹി ∙ രണ്ട് തത്വങ്ങളുടെ ഏറ്റുമുട്ടലാണ് രാജ്യത്ത് നടക്കുന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. അതിനാലാണ് കോൺഗ്രസ് പ്രവർത്തകസമിതിയോഗം ഗുജറാത്തിൽ വച്ചത്.

മഹാത്മാ ഗാന്ധി തന്റെ ജീവിതം തന്നെ രാജ്യത്തിനുവേണ്ടി ഉഴിഞ്ഞുവച്ചിരുന്നു. എന്നാലിപ്പോൾ ജനാധിപത്യത്തെ തളർത്തുന്ന തരത്തിലുള്ള ഭരണമാണ് നടക്കുന്നത്. വെറുപ്പിന്റെ രാഷ്ട്രീയം കൊണ്ട് ജനങ്ങളെ രണ്ടാക്കിയിരിക്കുന്നു. യഥാർഥ പ്രശ്നങ്ങളെപ്പറ്റി ആരും സംസാരിക്കുന്നില്ല– രാഹുൽ പറഞ്ഞു.

ഇന്ന് നമ്മുടെ രാജ്യത്തെ ബാധിച്ചിരിക്കുന്ന ഏറ്റവും വലിയ പ്രശ്നം ജോലിയാണ്. തൊഴിലില്ലായ്മ നിരക്ക് 45 വർഷത്തിനിടെയുള്ള ഏറ്റവും കൂടിയ നിലയിലാണ്. ജോലി ലഭിക്കാൻ വേണ്ടി യുവാക്കൾ ബുദ്ധിമുട്ടുന്നു. രണ്ടാമത്തെ വലിയ പ്രശ്നം കർഷകരുടേതാണ്. ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ സമയത്ത് ഇതേപ്പറ്റി നാം ചർച്ച ചെയ്തിരുന്നു. ഗുജറാത്തിലെ കർഷകർ നമ്മളെ ഒരുപാട് പിന്തുണച്ചിരുന്നു.

കാർഷിക വായ്പകൾ എഴുതിത്തള്ളാൻ ബിജെപി സർക്കാർ തയാറാകുന്നില്ല. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും രാജസ്ഥാനിലും അധികാരത്തിലെത്തി പത്തു ദിവസത്തിനുള്ളിൽ തന്നെ കോൺഗ്രസ് വായ്പകൾ എഴുതി തള്ളി. ഗുജറാത്തിലെ ജനങ്ങളുടെ വായ്പ എഴുതിത്തള്ളാൻ ഞങ്ങൾക്ക് ഒരവസരം ലഭിക്കാത്തതിൽ വിഷമമുണ്ട്. അവരുടെ വിഷമം മനസിലാകും.

നോട്ട് അസാധുവാക്കൽ പ്രഖ്യാപിച്ചപ്പോൾ ഗുജറാത്തി വ്യവസായികൾക്ക് തിരിച്ചടിയാണു നേരിട്ടത്. അധികാരത്തിലെത്തിയാൽ എല്ലാ ഉൽപ്പന്നങ്ങള്‍ക്കും ഒറ്റ ജിഎസ്ടി നടപ്പാക്കും. ഇന്ത്യൻ വ്യോമസേനയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. എന്നാൽ അവരിൽനിന്ന് 30,000 കോടി മോഷ്ടിച്ച് അനിൽ അംബാനിക്കു നൽകിയ കാര്യം ആരോടും പറഞ്ഞില്ല.

റഫാൽ കരാറിൽ അന്വേഷണം തുടങ്ങാൻ തീരുമാനിച്ചതിന്റെ രണ്ടു മണിക്കൂറിനുള്ളിൽ സിബിഐ ഡയറക്ടറെ മാറ്റി. അഴിമതിക്കെതിരെ പോരാടുമെന്നാണ് മോദി അറിയിച്ചിരുന്നത്. അതിനാൽ എന്തുകൊണ്ടാണ് 30,000 കോടി അനിൽ അംബാനിക്കു നൽകിയതെന്ന് ജനങ്ങൾ ചോദിക്കണം.

ചരിത്രത്തിലാദ്യമായിട്ടാണ് നാലു ജഡ്ജിമാർ മാധ്യമങ്ങൾക്കു മുന്നിലെത്തി, പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്ന് പറഞ്ഞത്. സാധാരണ ജനങ്ങൾ നീതിക്കുവേണ്ടി സുപ്രീംകോടതിയിലേക്കാണു പോകുന്നത്. എന്നാൽ ഇന്നത്തെ ഇന്ത്യയിൽ സുപ്രീംകോടതി ജഡ്ജിമാർ ജനങ്ങൾക്കു മുന്നിലെത്തി നീതിക്കുവേണ്ടി കൈനീട്ടുകയാണ്.

പുൽവാമ ഭീകരാക്രമണം നടത്തിയത് ഭീകരൻ മസൂദ് അസ്ഹറാണ്. ആരാണ് അയാളെ മോചിപ്പിച്ചത്. ബിജെപി സർക്കാർ പ്രത്യേക വിമാനത്തിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ കാവാലാളായി അയച്ചാണ് മസൂദിനെ പാക്കിസ്ഥാനിലെത്തിച്ചത്.

കോൺഗ്രസ് സർക്കാർ പിടികൂടിയ ഭീകരൻ മസൂദ് അസ്ഹറിനെ ബിജെപി സർക്കാരാണ് പാക്കിസ്ഥാനിലേക്കു വിട്ടതെന്ന് പ്രധാനമന്ത്രി മോദി രാജ്യത്തോട് തുറന്നു പറയണം– രാഹുൽ പറഞ്ഞു.

English Summary: Rahul Gandhi Attacks PM Narendra Modi and BJP At CWC Meet, Lok Sabha Polls 2019

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com