കേന്ദ്രത്തിൽ ഇക്കുറി മോദിയോ രാഹുലോ?; താരങ്ങളില്ലെങ്കിലും തമിഴ്നാട് തീരുമാനിക്കും
Mail This Article
സാധാരണ, തമിഴ് രാഷ്ട്രീയം ഉത്തരേന്ത്യയിലെ ഹോളി പോലെ വർണസമ്പന്നമാണ്. വെള്ളിത്തിരയിൽ നിന്നു പൊട്ടി വീഴുന്ന താരങ്ങൾ. അരുമയായ പൊൻ തമിഴിൽ ആവേശസാഗരമാകുന്ന പ്രസംഗങ്ങൾ. പണക്കൊഴുപ്പിന്റെ ഘോഷങ്ങൾ. ഇത്തവണ പൊലിമ കുറയും. കലൈജ്ഞർ കരുണാനിധിയില്ല. പുരട്ചി തലൈവി ജയലളിതയില്ല. രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ നിർണയിക്കാൻ കെൽപുള്ളവർ ആരുമില്ല.
ബിജെപിയുടെ നേട്ടം
മുന്നാക്ക സംവരണത്തിന്റെ പേരിൽ തമിഴ്നാടും പൗരത്വ ബില്ലിന്റെ പേരിൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങളും ബിജെപിയെ പൂർണമായി കൈവിട്ടെന്നാണ് ആദ്യം തോന്നിയത്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പിണങ്ങിപ്പോയ പാർട്ടികളെയെല്ലാം ബിജെപി രായ്ക്കുരാമാനം തിരികെ ക്കൊണ്ടുവന്നു. തമിഴ്നാട്ടിൽ പിണങ്ങിമാറിയ അണ്ണാഡിഎംകെയും തിരഞ്ഞെടുപ്പ് അടുത്തപ്പോൾ നിലപാടു മാറ്റി: ബിജെപിക്ക് 5 സീറ്റ്, എൻഡിഎ സഖ്യം.
മഹാരഥികളില്ലാതെ
മഹാരഥികളില്ലാത്ത തമിഴ് രാഷ്ട്രീയം മുന്നണികളെ എങ്ങോട്ടു നയിക്കുമെന്നതു രാജ്യത്തിനാകെ കൗതുകം. ആത്യന്തികമായി തമിഴകം ആരെ തുണയ്ക്കുമെന്നതിനു ദിശാസൂചകമാകും, ഇത്തവണത്തെ തിരഞ്ഞെടുപ്പ്. ഒരു മുന്നണിയോടു തികഞ്ഞ കൂറു പുലർത്താനിടയുള്ള തമിഴ്നാട്ടിലെ ഫലം ദേശീയരാഷ്ട്രീയത്തെ നിയന്ത്രിച്ചു കൂടെന്നില്ല. 2 പ്രമുഖ പ്രാദേശിക കക്ഷികളും വൻ വിട്ടുവീഴ്ചകൾക്കു തയാറായതു ശ്രദ്ധേയം. ഇരു മുന്നണികളിലെയും പ്രധാന കക്ഷികൾ 20 വീതം സീറ്റു കൊണ്ടു തൃപ്തിപ്പെടുന്നു. ദേശീയ പാർട്ടികൾക്കു പ്രത്യേക പരിഗണന, സഖ്യകക്ഷികൾക്ക് ഉദാരമായി സീറ്റുകൾ. കരുണാനിധിയുടെയും ജയലളിതയുടെയും അഭാവത്തിൽ 2 പ്രധാന കക്ഷികളും ദുർബലരായിരിക്കുന്നതാണു മുഖ്യ കാരണം; മുൻ തിരഞ്ഞെടുപ്പുകളിലും സഖ്യകക്ഷികൾക്കു കൂടുതൽ പരിഗണന നൽകുന്ന രീതി അണ്ണാഡിഎംകെയും ഡിഎംകെയും പുലർത്തിയിട്ടുണ്ടെങ്കിലും.
തമിഴ്നാട്ടിൽ ജയിക്കുന്നവർക്കാണെല്ലാം. കഴിഞ്ഞ വട്ടം ഒറ്റയ്ക്കു പൊരുതി 44% വോട്ടു നേടിയ അണ്ണാഡിഎംകെയ്ക്കു ലഭിച്ചതു 37 സീറ്റ്. ബാക്കി 2 സീറ്റ് എൻഡിഎ സഖ്യത്തിനും. തനിച്ചു മത്സരിച്ച ഡിഎംകെയും കോൺഗ്രസും സമ്പൂർണ തോൽവി ഏറ്റുവാങ്ങി. തമിഴ് രാഷ്ട്രീയത്തിലെ മുഖ്യ താരങ്ങൾ വിടവാങ്ങിയ ശേഷം പ്രകടമാകുന്ന ശൂന്യത കുറേയെങ്കിലും നികത്തുന്നതു ജനക്കൂട്ടങ്ങളെ ആകർഷിക്കുന്ന സ്റ്റാലിനാണ്. കരുണാനിധിയുടെ പിൻഗാമിയാകാൻ സ്റ്റാലിന്റെ യോഗ്യത നിർണയിക്കുന്നത് ഈ തിരഞ്ഞെടുപ്പായിരിക്കും. 10 വർഷമായി ഡിഎംകെ തിരഞ്ഞെടുപ്പു ജയിക്കാത്തതിന്റെ ദുഷ്പേരു മാറ്റുകയാണ് അദ്ദേഹത്തിന്റെ മുഖ്യ ദൗത്യം. 2ജി അഴിമതിയാരോപണത്തിന്റെ ക്ഷീണത്തിനിടെ കഴിഞ്ഞ തവണ 23% വോട്ടാണു ഡിഎംകെ നേടിയത്. കോൺഗ്രസ് 4.3% വോട്ടു കൊണ്ടു തൃപ്തിപ്പെട്ടു. ഇത്തവണ മറ്റു കക്ഷികൾക്കൊപ്പം 10 ശതമാനത്തിലേറെ അധിക വോട്ടു നേടി, 40% മറികടക്കുകയാണു സഖ്യത്തിന്റെ ലക്ഷ്യം.
കഴിഞ്ഞ തവണ നേടിയ വിജയം ആവർത്തിക്കാൻ അണ്ണാ ഡിഎംകെയ്ക്ക് എളുപ്പമല്ല. അണ്ണാ ഡിഎംകെ രാഷ്ട്രീയം പഴയ നുകത്തിനു ചുറ്റും കറങ്ങുന്നു. മുഖ്യമന്ത്രി പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ. പനീർശെൽവവും കരുത്തു നേടുന്നതു ‘ജയസ്മരണ’കളിൽ നിന്നാണ്. ബിജെപിക്കു സംസ്ഥാനവ്യാപക സ്വാധീനമില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട്ടിൽ ജനക്കൂട്ടങ്ങളെ ആകർഷിച്ചാലും അതു വോട്ടാകണമെന്നില്ല.
പ്രകടനപത്രികയാണു താരം
വെള്ളിത്തിരയിൽ നിന്നു രംഗത്തെത്തുമെന്നു കരുതിയിരുന്ന രജനികാന്ത് ആരാധകരെ നിരാശപ്പെടുത്തിക്കളഞ്ഞു. താരസാന്നിധ്യം കമൽഹാസനിലൊതുങ്ങും. മത്സരിക്കേണ്ടെന്നാണു കമലിന്റെ തീരുമാനം. അദ്ദേഹത്തിന്റെ എൻട്രി മാസാകാനും ഹിറ്റാകാനും സാധ്യതയും കുറവ്. അതിനിടെ പ്രകടനപത്രിക തന്നെ മുഖ്യതാരം. ജയലളിതയുടെ പേരിൽ പാവപ്പെട്ടവർക്കു പ്രതിമാസം 1500 രൂപയുടെ ധനസഹായ പദ്ധതിയാണ് (അൻപെയ്) അണ്ണാ ഡിഎംകെയുടെ വാഗ്ദാനം. കോൺഗ്രസ് ദേശീയ തലത്തിൽ മുന്നോട്ടു വയ്ക്കുന്ന മിനിമം വരുമാന പദ്ധതിക്കു സമാനമാണിത്. ഡിഎംകെ സഖ്യം അടിസ്ഥാനസൗകര്യ മേഖലയിൽ ഒരു കോടി തൊഴിൽ വാഗ്ദാനം ചെയ്യുന്നു. സഖ്യം വിജയിച്ചാൽ ബാധ്യതയാകാനിടയുള്ള വാഗ്ദാനമാണിത്.
ജാതി സഖ്യം
യുപിയിലും ബിഹാറിലും കാണുന്ന ജാതി രാഷ്ട്രീയത്തിന്റെ തമിഴ് രൂപമാണ് ഇരു സഖ്യങ്ങളിലുമുള്ളത്. ഡിഎംകെയ്ക്കൊപ്പം ദലിത് പാർട്ടിയായ വിസികെയും ഗൗണ്ടർമാരുടെ കൊങ്കുനാടു മക്കൾ ദേശീയ കക്ഷിയും. അണ്ണാ ഡിഎംകെയ്ക്കൊപ്പം വണ്ണിയർ പാർട്ടിയായ പിഎംകെയും ദലിത് പാർട്ടിയായ പുതിയ തമിഴകവും.
പ്രഭാവ കാലം കഴിയുമ്പോൾ
രാഷ്ട്രീയത്തിനു ശൂന്യത ഇഷ്ടമല്ല. ദേശീയ രാഷ്ട്രീയത്തിലും തമിഴ്നാട്ടിൽ തന്നെയും നാം അതു പല വട്ടം കണ്ടു. അൽപം കാത്തിരുന്ന ശേഷം രാഷ്ട്രീയലോകം പുതിയ നേതാവിനെ കണ്ടെത്തും. ആ താരോദയം ഇത്തവണ തന്നെയുണ്ടാവണമെന്നില്ലെങ്കിലും.