ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യ വൻ ബഹിരാകാശ ശക്തിയായതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉപഗ്രഹവേധ മിസൈൽ പരീക്ഷണം വിജയിച്ചു. ലക്ഷ്യമിട്ട ഉപഗ്രഹത്തെ വീഴ്ത്തുന്നതിൽ രാജ്യം വിജയിച്ചു. ‘മിഷൻ ശക്തി’ അത്യന്തം കഠിനമായ ഓപ്പറേഷനായിരുന്നു. ഇന്നു നടത്തിയ ഈ നടപടി മൂന്നു മിനിറ്റിൽ ലക്ഷ്യം കണ്ടു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മിസൈൽ ആണിത്. ഇതു സകല ഭാരതീയർക്കും അഭിമാന നിമിഷമാണെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് മോദി വ്യക്തമാക്കി.

300 കിലോമീറ്റർ ഉയരത്തിലുള്ള ഉപഗ്രഹത്തെയാണ് വീഴ്ത്തിയത്. അമേരിക്കയ്ക്കും റഷ്യയ്ക്കും ചൈനയ്ക്കും ശേഷം ഈ നേട്ടം കൈവരിക്കുന്ന രാജ്യമായി ഇന്ത്യ മാറി. എ – സാറ്റ് (A-SAT) എന്നു പേരിട്ടിരിക്കുന്ന മിസൈൽ ലോ എർത്ത് ഓർബിറ്റിൽ (എൽഇഒ) പ്രവർത്തനത്തിലിരുന്ന ഉപഗ്രഹമാണ് മിസൈൽ തകർത്തത്. ഇതോടെ ഏതെങ്കിലും ശത്രുരാജ്യം ചാരവൃത്തിക്കായി നിരീക്ഷണ ഉപഗ്രഹം ഉപയോഗിച്ചാല്‍ അതു നശിപ്പിക്കാനുള്ള ശക്തി ഇന്ത്യ കൈവരിച്ചിരിക്കുന്നു.

ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 160 മുതൽ 2000 കിലോമീറ്റർ വരെ ഉയരത്തിലാണ് എൽഇഒ.  അതിനു മുകളിൽ 2000 മുതൽ 35,786 വരെ മീഡിയം എർത്ത് ഓർബിറ്റെന്നും അതിനു മുകളിലേക്കുള്ളത് ജിയോ സ്റ്റേഷനറി ഓർബിറ്റും എന്നും അറിയപ്പെടുന്നു. ഗവേഷണ ആവശ്യങ്ങൾക്കാണെങ്കിൽ ലോ എർത്ത് ഓർബിറ്റിലേക്ക് സാധാരണ ഇന്ത്യയ്ക്ക് സാറ്റലൈറ്റുകൾ അയയ്ക്കേണ്ട ആവശ്യമില്ല. 

എന്നാൽ അടുത്തിടെ ഇന്ത്യ ഒരു മൈക്രോസാറ്റ് (കൃത്രിമ ഉപഗ്രഹത്തിന്റെ ചെറുപതിപ്പ്) എൽഇഒയിലേക്ക് അയച്ചത് ചർച്ചാവിഷയമായിരുന്നു. ഇതിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ പ്രതിരോധ ആവശ്യങ്ങൾക്ക് അയച്ചതാണെന്നായിരുന്നു ഡിആർഡിഒ വ്യക്തമാക്കിയത്. ഈ മൈക്രോസാറ്റിനെയാണ് ഇപ്പോൾ മിസൈൽ ഉപയോഗിച്ചു തകർത്തതെന്നാണു കരുതുന്നത്. മറ്റൊരു രാജ്യത്തിന്റെ ഉപഗ്രഹത്തെ തകർക്കുകയാണെങ്കില്‍ അതു യുദ്ധ പ്രഖ്യാപനമായാണു കണക്കാക്കുക. ഒഡിഷയിലെ കലാം ദ്വീപിൽ നിന്നാണ് മിസൈൽ വിക്ഷേപിച്ചതെന്നാണു സൂചന. ഇതിനെപ്പറ്റിയുള്ള ഔദ്യോഗിക വിവരങ്ങൾ പുറത്തു വന്നിട്ടില്ല.

ഇന്ത്യയുടെ ബഹിരാകാശ പദ്ധതിക്ക് പുതിയ ശക്തിയേകുന്നതാണ് എ – സാറ്റ് മിസൈലിന്റെ വിജയം. ഇന്ത്യയുടെ ഈ കഴിവ് ഒരിക്കലും മറ്റൊരു രാജ്യത്തിനെതിരെ ഉപയോഗിക്കില്ലെന്ന് രാജ്യാന്തര സമൂഹത്തിന് ഉറപ്പുനൽകുന്നെന്നും മോദി കൂട്ടിച്ചേർത്തു. ഇന്ത്യയുടെ സുരക്ഷയ്ക്കും പ്രതിരോധ ആവശ്യത്തിനുമായാണ് പരീക്ഷണം. ബഹിരാകാശത്ത് ആയുധക്കോപ്പുകൾ ഉപയോഗിക്കുന്നതിന് എതിരാണ് ഇന്ത്യ. ഈ പരീക്ഷണം രാജ്യാന്തര നിയമങ്ങളെയോ ഉടമ്പടികളെയോ ലംഘിക്കുന്നതല്ലെന്നും മോദി വ്യക്തമാക്കി.

English Summary: India Shot Down Live Satellite, Elite Space Power Now, Says PM Modi On His Address To Nation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com