ADVERTISEMENT

കോലഞ്ചേരി∙ തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമർദനത്തിനിരയായ ഏഴുവയസ്സുകാരൻ മരിച്ചു. രാവിലെ മുതൽ കുട്ടിയുടെ നില ആശങ്കാജനകമായിരുന്നു. രക്തസമ്മർദം കുറഞ്ഞതിനു പിന്നാലെ 11.30 ഓടെ കുട്ടിയുടെ പൾസ് നിലച്ചതായി ഡോക്ടർമാർ പറഞ്ഞു. 11.35നാണ് കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്. വെന്റിലേറ്ററിൽ തുടരുമ്പോഴായിരുന്നു മരണമെന്നും ഡോക്ടർമാർ പറഞ്ഞു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചു. പോസ്റ്റ് മോർട്ടം അൽപസമയത്തിനകം. ആശുപത്രിയിൽ വൻ ജനക്കൂട്ടം. 

കേസന്വേഷണത്തിന്റെ ചുമതലയുള്ള ഡിവൈഎസ്പി കെ.പി. ജോസ് കോലഞ്ചേരിയിലേക്കു തിരിച്ചു. കുട്ടിയുടെ അച്ഛൻ  തിരുവനന്തപുരം സ്വദേശി അന്തരിച്ച ബിജുവിന്റെ പിതാവ് ബാബു ആശുപത്രിയിലെത്തിയശേഷം സംസ്കാരം എവിടെ നടത്തണമെന്ന് അന്തിമ തീരുമാനമെടുക്കും.

കഴിഞ്ഞ മാസം 28ന് പുലർച്ചെയാണ് ഏഴുവയസ്സുകാരനെ തലയ്ക്കു ഗുരുതരമായി പരുക്കേറ്റ നിലയിൽ ആശുപത്രിയിൽ എത്തിച്ചത്. കട്ടിലിൽനിന്നു വീണു പരുക്കേറ്റെന്നു പറഞ്ഞാണ് അമ്മയും പ്രതി അരുൺ ആനന്ദും കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ ശരീരത്തിന്റെ മറ്റു ഭാഗത്തും പരുക്കുകൾ കണ്ടെത്തിയതോടെ അധികൃതർ പൊലീസിൽ അറിയിച്ചു. തുടർന്ന് കുട്ടിയെ വിദഗ്ധ ചികിൽസകൾക്കായി കോലഞ്ചേരിയിലേക്ക് മാറ്റുകയായിരുന്നു. 

പൊലീസിന്റെ വിശദമായ അന്വേഷണത്തിലും ഇളയകുട്ടിയുടെ മൊഴിയിൽനിന്നുമാണ് ഏഴുവയസ്സുകാരനെ അരുൺ ക്രൂരമായി മർദിച്ച വിവരം പുറത്തറിഞ്ഞത്. അമ്മയുടെ സുഹൃത്താണ് സഹോദരനെ വടികൊണ്ട് മർദിച്ചതെന്നും തലയ്ക്കു പിന്നിൽ ശക്തമായി അടിച്ചതെന്നും കാലിൽ പിടിച്ച് നിലത്തടിച്ചുവെന്നും ഇളയകുട്ടി മൊഴി നൽകി. ഏഴുവയസ്സുകാരന്റെ തലയോട്ടി പൊട്ടി തലച്ചോർ പുറത്തുവന്ന നിലയിലായിരുന്നുവെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു. 

പൊലീസ് പറയുന്നത്: തൊടുപുഴ ഉടുമ്പന്നൂർ സ്വദേശി യുവതിയും അരുണും ഒരുമിച്ചു കുമാരമംഗലത്തെ വാടകവീട്ടിലാണു താമസം. യുവതിയുടെ ഏഴും നാലും വയസ്സുള്ള 2 ആൺമക്കളും ഒപ്പമുണ്ട്. വ്യാഴാഴ്ച പുലർച്ചെ ഒന്നരയ്ക്കു കുട്ടികളെ വീട്ടിൽ തനിച്ചാക്കി പുറത്തുനിന്നു പൂട്ടി ഇരുവരും ഭക്ഷണം കഴിക്കാൻ പോയി. തിരിച്ചെത്തിയത് പുലർച്ചെ മൂന്നിന്. 2 കുട്ടികളും ഉറങ്ങിപ്പോയിരുന്നു. 

ഇളയ കുട്ടി ട്രൗസറിൽ മൂത്രമൊഴിച്ചതുകണ്ട് അരുൺ മൂത്ത കുട്ടിയെ വിളിച്ചുണർത്തി. അനിയനെ മൂത്രമൊഴിപ്പിച്ചു കിടത്താത്തതിനുള്ള ശിക്ഷ തുടങ്ങി. ആദ്യം അടിവയറ്റിൽ ആഞ്ഞു ചവിട്ടി. കട്ടിലിൽ കിടന്നുകൊണ്ടാണ് അരുൺ ഇതു ചെയ്തത്. ആറടി ഉയരമുള്ള അരുണിന്റെ ഒറ്റച്ചവിട്ടിൽ കുട്ടി അകലേക്കു തെറിച്ചു ചുവരിൽ തലയിടിച്ചു വീണു. കുട്ടിയെ കട്ടിലിലേക്കെടുത്തു വീണ്ടും വലിച്ചെറിഞ്ഞു. അപ്പോൾ സ്റ്റീൽ അലമാരയുടെ മൂലയിലിടിച്ചു തലയോട്ടി ഒന്നരയിഞ്ച് നീളത്തിൽ പൊട്ടി. പിന്നെ കുട്ടിയുടെ തല പിടിച്ച് കട്ടിലിന്റെ കാലിൽ ഇടിപ്പിച്ചു.

നിലത്തുവീണ കുട്ടിയെ പലതവണ തൊഴിച്ചു; പല മുറികളിലൂടെ വലിച്ചിഴച്ചു. മുറികളിലെല്ലാം ചോര പടർന്നു. തടയാൻ ശ്രമിച്ച യുവതിയെയും മർദിച്ചു. 4 വയസ്സുള്ള ഇളയ കുഞ്ഞിനെയും മർദിച്ചു; ആ കുഞ്ഞിന്റെ പല്ല് ഒടിഞ്ഞു. തുടർന്നു മുറി വൃത്തിയാക്കി ഇളയ കുഞ്ഞിനെ വീണ്ടും പൂട്ടിയിട്ടു. മൂത്തകുട്ടിയെയുമായി 3.55ന് ആശുപത്രിയിലെത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com