ADVERTISEMENT

റായ്‌പുർ ∙ ഒട്ടേറെ പടയോട്ടങ്ങൾക്കു സാക്ഷ്യം വഹിച്ചിട്ടുണ്ട് ഛത്തീസ്ഗഡ് എന്ന് ഇന്നു നാം വിളിക്കുന്ന പഴയ ദക്ഷിണ കോസലം. ഇരുമ്പയിരിന്റെയും കൽക്കരിയുടെയും ചുണ്ണാമ്പുകല്ലിന്റെയും നാട്. ഈ നാടിനു തെണ്ടു മരത്തിന്റെ മണമാണ്. തെണ്ടു മരത്തിന്റെ ഇല തെറുത്തു ബീഡിയാക്കി ഉപജീവനം നടത്തുന്ന ആദിവാസികളും ദലിതരും പറയുന്ന രാഷ്ട്രീയമാണ് ഈ മണ്ണിന്റേതും. 2003 മുതൽ 15 വർഷം ഛത്തീസ്ഗഡ് അടക്കി വാണിരുന്ന ബിജെപി 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അടിതെറ്റി വീണതും ഈ രാഷ്ട്രീയബോധത്തിന്റെ പ്രതികരണം കൊണ്ടായിരുന്നു.

നാലാം തവണയും മുഖ്യമന്ത്രിക്കസേരയിൽ വാഴാൻ കുപ്പായം തുന്നിയ ഡോ.രമൺ സിങ്ങിന്റെ വീഴ്ച ദേശീയ രാഷ്ട്രീയത്തിൽ ചലനങ്ങളുണ്ടാക്കി. ഉയർത്തിക്കാട്ടാൻ പേരിനു പോലും ഒരു നേതാവ് ഇല്ലാതിരുന്നിട്ടു കൂടി 2018 ൽ കോൺഗ്രസ് ഭരണം പിടിച്ചു. വോട്ടെണ്ണല്‍ വേളയില്‍ മൂന്നുതവണ പിന്നോട്ടുപോയശേഷമാണു മുഖ്യമന്ത്രി രമണ്‍ സിങ് രാജ്നന്ദ്ഗാവ് മണ്ഡലത്തിൽ നില സുരക്ഷിതമാക്കിയത് എന്നതു ബിജെപി നേതൃത്വത്തെ ഞെട്ടിച്ചു. 16933 വോട്ടായിരുന്നു ഭൂരിപക്ഷം.

Chhattisgarh-MAL-Loksabha-Constituency-seats-2014-map

ഛത്തീസ്ഗഡിന്റെ വലിയൊരു ഭൂപ്രദേശം ആദിവാസി മേഖലയാണ്. ആകെയുളള 11 ലോക്‌സഭാ മണ്ഡലങ്ങളിൽ അഞ്ചു സംവരണ മണ്ഡലങ്ങളും ഈ മേഖലയിലാണു ഉളളത്. ഈ മണ്ഡലങ്ങളാകും ഛത്തീസ്‌ഗഡിലെ രാഷ്ട്രീയ സമവാക്യങ്ങൾ നിർണയിക്കുന്നതും. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഈ മേഖലയിലെ അഞ്ചിൽ നാലും പിടിച്ചെടുത്ത ബിജെപിക്ക് ഇത്തവണ കാര്യങ്ങൾ എളുപ്പമാകില്ലെന്നാണു വിലയിരുത്തൽ.

2018 ലെ നിയമസഭ തിരഞ്ഞെടുപ്പിലെ മിന്നുന്ന വിജയമാണ് സംസ്ഥാനം രൂപീകരിച്ചതു മുതൽ ഇതു വരെ കിട്ടാക്കനിയെന്നു കോൺഗ്രസ് കരുതിയിരുന്ന നാലു മണ്ഡലങ്ങൾ ഇത്തവണ ഒപ്പം നിൽക്കുമെന്നു കോൺഗ്രസ് കണക്കു കൂട്ടാനുളള പ്രധാന കാരണം. 2018 ഡിസംബറിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഛത്തീസ്ഗഡിലെ ആദിവാസി മേഖലയില്‍ വൻ കുതിപ്പു നടത്താനായതാണു കോൺഗ്രസിന്റെ ആത്മവിശ്വാസം വാനോളം ഉയർത്തുന്ന ഘടകം. അതുകൊണ്ടു തന്നെ സംവരണ മണ്ഡലങ്ങളിലെ എംഎൽഎമാരെത്തന്നെ കളത്തിലിറക്കി വിജയം പിടിക്കുകയെന്ന തന്ത്രം തന്നെയാണു കോൺഗ്രസ് പയറ്റുന്നതും.

കിങ് മേക്കർ ജോഗിയെന്ന് ഉറപ്പിച്ചു; വാണതു ബാഗേൽ

അഞ്ചു വർഷം മുൻപു വരെ മാവോയിസ്റ്റുകളുടെ ആക്രമണത്തിൽ നേതാക്കളെ നഷ്ടമായ പാർട്ടിയായിരുന്നു ഛത്തീസ്ഗഡിലെ കോൺഗ്രസ്. 2013 ലെ മാവോയിസ്റ്റ് ആക്രമണത്തിൽ എണ്ണം പറഞ്ഞ നേതാക്കൻമാരെയാണു കോൺഗ്രസിനു നഷ്ടമായത്. വി.സി. ശുക്ലയും നന്ദകുമാർ പട്ടേലുമടക്കം അരഡസനിലേറെ മുൻനിര നേതാക്കൾ നഷ്ടമായ പാർട്ടിയെ താങ്ങിയെണീപ്പിച്ചു കാലിൽ ഉറപ്പിച്ചു നിർത്തിയതു ഭൂപേഷ് ബാഗേലും ടി.എസ്. സിങ് ദേവും നടത്തിയ പോരാട്ടങ്ങളായിരുന്നു.

chhattisgarh basthar map lok sabha elections
ബസ്തറിൽ മാത്രമാണ് ഛത്തീസ്ഗഡില്‍ ഒന്നാം ഘട്ട തിരഞ്ഞെടുപ്പ്. മണ്ഡലത്തിലെ പ്രധാന സ്ഥാനാർഥികൾ: ദീപക് ബൈജ് (കോൺഗ്രസ്), ബൈദുറാം കശ്യപ്(ബിജെപി)

നേതാക്കളുടെ മരണവും പാർട്ടിയിലെ തമ്മിലടിയും തുടർച്ചയായ തിരഞ്ഞെടുപ്പു തോൽവിയും മൂലം ആത്മവിശ്വാസം നഷ്ടപ്പെട്ട കോൺഗ്രസ് നടത്തിയ തിരിച്ചു വരവു സമാനതകളില്ലാത്തതായിരുന്നു. ലോക്‌സഭയല്ല നിയമസഭയെന്നു ബിജെപി പലവട്ടം കണക്കുകൾ നിരത്തുമ്പോഴും അജിത് ജോഗി പാർട്ടി വിട്ടതിനു ശേഷം കോൺഗ്രസ് നടത്തിയ സമാനതകളില്ലാത്ത തിരിച്ചുവരവു രാഷ്ട്രീയ വൃത്തങ്ങളെ ഞെട്ടിക്കുകയും ചെയ്തു. ബാഗേലിന്റെ നേതൃത്വത്തിലുളള മന്ത്രിസഭയുടെ വികസന പ്രവർത്തനങ്ങൾ അക്കമിട്ടു നിരത്തിയാകും കോൺഗ്രസ് ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

ബിജെപിയെയും ജനതാ കോണ്‍ഗ്രസ് – ബിഎസ്പി സഖ്യത്തെയും തൂത്തെറിഞ്ഞാണു കോൺഗ്രസ് വിജയം നേടിയത്. അജിത് ജോഗി കോൺഗ്രസ് വിട്ടതോടെ കോൺഗ്രസ് നൂൽ പൊട്ടിയ പട്ടമാകുമെന്നായിരുന്നു പൊതുവേ രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ജോഗിക്ക് ആധിപത്യമുണ്ടായിരുന്ന ആദിവാസി, പിന്നാക്ക മേഖലകളിൽ അടക്കം മറ്റു നേതാക്കളെ ഇറക്കിയാണ് കോൺഗ്രസ് നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയം പിടിച്ചെടുത്തത്. ബിഎസ്പിയുമായി സഖ്യം രൂപീകരിച്ചു മത്സരിച്ച അജിത് ജോഗിയുടെ ജനതാ കോണ്‍ഗ്രസ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു കനത്ത വെല്ലുവിളി സൃഷ്ടിക്കുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ പറഞ്ഞിരുന്നു.

കോണ്‍ഗ്രസിനു സംസ്ഥാനത്ത് ഒന്നും ചെയ്യാനില്ലെന്നായിരുന്നു തിരഞ്ഞെടുപ്പിനു മുമ്പ് അജിത് ജോഗി അഭിപ്രായപ്പെട്ടിരുന്നതും. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പോടെ ചിത്രം മാറി. ബിജെപിയെയും ജനതാ കോണ്‍ഗ്രസിനെയും ഒരുപോലെ പിന്തള്ളി മൂന്നില്‍ ഒന്നു ഭൂരിപക്ഷം നേടിയായിരുന്നു കോണ്‍ഗ്രസ് വിജയിച്ചത്. കൂടുതൽ കോൺഗ്രസ് എംഎൽഎമാർ ജനതാ കോൺഗ്രസിൽ ചേരുമെന്നായിരുന്നു ജോഗിയുടെ അവകാശവാദം. എന്നാൽ ഒറ്റ ദിവസം കൊണ്ട് മുന്‍ എംഎല്‍എ ഉള്‍പ്പടെയുള്ള 6 ജനതാ കോണ്‍ഗ്രസ് നേതാക്കളെ പാർട്ടിയിൽ എത്തിച്ചു കോൺഗ്രസ് ജോഗിക്കു മറുപടി നൽകുകയും ചെയ്തു.

2016 ല്‍ കോണ്‍ഗ്രസ് വിട്ടു പുറത്തെത്തിയ അജിത് ജോഗി ഛത്തീസ്ഗഡ് ജനതാ കോണ്‍ഗ്രസ് എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുകയായിരുന്നു. മകന്‍ അമിത് ജോഗിയെ പുറത്താക്കിയതിനെ തുടര്‍ന്നായിരുന്നു അജിത് ജോഗി കോണ്‍ഗ്രസുമായി ഇടഞ്ഞത്. ബിഎസ്പിയുമായുള്ള സഖ്യത്തിലൂടെ സംസ്ഥാന ഭരണം പിടിച്ച് മുഖ്യമന്ത്രിയാകുമെന്നും മായാവതി പ്രധാനമന്ത്രിയാകുമെന്നും മനപ്പായസമുണ്ട ജോഗിയുടെ പാർട്ടി ഈ തിരഞ്ഞെടുപ്പോടെ നാമവശേഷമാകുമെന്നു കോൺഗ്രസ് വെല്ലുവിളിക്കുന്നു.

കോൺഗ്രസ് പ്രതീക്ഷകൾ

ഒബിസി വിഭാഗത്തിൽപ്പെട്ടവർ തിങ്ങിപ്പാർക്കുന്ന ദുർഗ് പിടിച്ചെടുത്തതാണ് കോൺഗ്രസിന്റെ ആത്മവിശ്വാസം കൂട്ടുന്ന ഘടകം. സംസ്ഥാനത്തെ അഞ്ചു സംവരണ മണ്ഡലങ്ങളിലും വ്യക്തമായ പദ്ധതിയോടാണു നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഇറങ്ങിയത്. ബസ്തര്‍, സുര്‍ഗുജ, റായ്ഗഡ്, കാന്‍കര്‍, ജാൻഗിർ എന്നീ മണ്ഡലങ്ങൾ പട്ടികജാതി, പട്ടികവർഗ സംവരണ മണ്ഡലങ്ങളാണ്. ദളിത്, ആദിവാസി, ഒബിസി വിഭാഗത്തിൽപ്പെട്ട പാർട്ടികളെയും സമുദായങ്ങളെയും ഒരുമിച്ചു കൂട്ടിയുളള ദലിത് വോട്ടുകളുടെ ഏകീകരണമാണു കോൺഗ്രസ് ലക്ഷ്യമിടുന്നത്.

സംവരണ മണ്ഡലങ്ങളിൽ ബിജെപിയുടെ വോട്ടു വിഹിതത്തിൽ 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പു മുതൽ വൻചോർച്ചയുളളതായി കണക്കുകൾ നിരത്തി കോൺഗ്രസ് സമർഥിക്കുന്നു.2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പിന്നാക്ക സമുദായക്കാർ കോൺഗ്രസിനെയാണു തുണച്ചത്. 90 നിയമസഭാ മണ്ഡലങ്ങളിൽ, സംവരണമുള്ള 39 ൽ 36 മണ്ഡലവും നേടിയതു കോൺഗ്രസാണ്. 90 ൽ 68 സീറ്റും പിടിച്ചെടുത്ത് അധികാരത്തിൽ വരികയും ചെയ്തു.

നിയമസഭാ തെരഞ്ഞെടുപ്പിലെ ജയം ലോക്സഭയിലും കോൺഗ്രസ് ആവർത്തിക്കുമെന്നു ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ പറയുന്നത്. പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും മോദിയുടെ മായാജാലം ഇനി വിലപ്പോകില്ലെന്നും ബാഗൽ പറയുന്നു.‘നിയമസഭാ തെരഞ്ഞെടുപ്പായിരുന്നു സെമിഫൈനൽ. കോണ്‍ഗ്രസ് അത് നേടിക്കഴിഞ്ഞു. ഇപ്പോൾ ഫൈനലാണ്. അവിടെയും കോണ്‍ഗ്രസ് ബിജെപിയെ മലർത്തിയടിക്കും. അജിത് ജോഗി ഉള്ളതു കൊണ്ടാണു ബിജെപി ഇത്രയെങ്കിലും സീറ്റുകൾ നേടിയത്. ഇല്ലെങ്കിൽ ഇതിലും കഷ്ടമായേനെ. ഇപ്പോൾ ജോഗിക്ക് ഒരു പ്രസക്തിയുമില്ല’– ബാഗൽ പറയുന്നു.

10 സിറ്റിങ് എംപിമാരെ ഒഴിവാക്കി ചടുല നീക്കവുമായി ബിജെപി

നിയമസഭാ തിരഞ്ഞെടുപ്പു നടന്ന സംസ്ഥാനങ്ങളിൽ ബിജെപിക്കു മുഖമടച്ച് അടി കിട്ടിയത് ഛത്തീസ്ഗഡിലായിരുന്നു. 15 വർഷത്തെ ഭരണം കൈവിട്ടുപോയി. ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടി ആവർത്തിക്കാതിരിക്കാൻ കരുതലോടെയാണ് കേന്ദ്ര നേതൃത്വം സ്ഥാനാർഥിനിർണയത്തെ സമീപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ 10 സിറ്റിങ് എംപിമാർക്ക് ഇക്കുറി സീറ്റു നൽകേണ്ടെന്ന തീരുമാനം വൻ പ്രതിഷേധങ്ങൾക്കും കാരണമായി. കേന്ദ്രത്തിന്റെ ഈ തീരുമാനം ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നു നേതാക്കള്‍ പറയുന്നു. നേരത്തെ ജയിച്ചവരെ അപമാനിക്കുകയാണു നേതൃത്വം ചെയ്തതെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.

സംസ്ഥാന സർക്കാരിനെതിരെ ഉയർന്ന ശക്തമായ ഭരണ വിരുദ്ധ വികാരമാണു ഛത്തീസ്ഗഡിലെ തിരഞ്ഞെടുപ്പു തോൽവിക്കു കാരണമെന്നായിരുന്നു വിലയിരുത്തൽ. എംപിമാരുടെ പ്രകടനവും ജയസാധ്യതയും വിലയിരുത്തിയ ശേഷമാണു തീരുമാനം. സംസ്ഥാനത്തെ 11 ലോക്സഭാ മണ്ഡലങ്ങളിലും ഇക്കുറി പുതുമുഖങ്ങളെ ഇറക്കാനാണു ബിജെപിയുടെ തീരുമാനം. നഗരപ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ആദിവാസി മേഖലയിലും നേരിട്ട തിരിച്ചടി ഉൾകൊണ്ട് ചരിത്ര വിജയം നേടുമെന്നാണു രമൺ സിങ്ങ് അടക്കമുളള നേതാക്കൻമാരുടെ ആത്മവിശ്വാസം.

ന്യൂനപക്ഷങ്ങൾക്കു സുരക്ഷയാണു പ്രധാനം. അവർക്കതു നൽകിയില്ലെങ്കിൽ വോട്ടുകൾ കോൺഗ്രസിനും സഖ്യകക്ഷികൾക്കുമായി വിഭജിക്കുമെന്നും സാമ്പത്തിക ഘടകങ്ങളും ഗ്രാമീണ മേഖലകളിലെ അപസ്വരങ്ങളും നമ്മൾ കാണാതെ പോകരുതെന്നും അകാലിദള്‍ നേതാവ് നരേഷ് ഗുജ്‌റാള്‍ ബിജെപിക്കു മുന്നറിയിപ്പു നൽകുന്നു. 2013 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 11 പട്ടികജാതി സംവരണ മണ്ഡലങ്ങളിൽ ജയിച്ച ബിജെപി 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നെണ്ണത്തിൽ മാത്രമായി ഒതുങ്ങി. സംവരണ മണ്ഡലത്തിൽ ബിജെപിയുടെ പ്രമുഖരായ മൂന്നു മന്ത്രിമാർ അടിതെറ്റി വീണതും ബിജെപിക്കു വൻ തിരിച്ചടിയായി.

ഛത്തീസ്ഗഡ് ജനസംഖ്യയിൽ 32 ശതമാനവും ആദിവാസികളാണ്. ജനക്ഷേമ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകാൻ ബിജെപി നടത്തിയ ശ്രമങ്ങളെല്ലാം പരാജയങ്ങളായിരുന്നുവെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ചാവൽ വാലേ ബാബ - പാവപ്പെട്ടവരുടെ അന്നദാതാവ് എന്ന പേരിൽ രമൺ സിങ്ങിനെ അവതരിപ്പിക്കുകയായിരുന്നു ബിജെപി. പാവപ്പെട്ടവർക്ക് സൗജന്യമായി അരി വിതരണം ചെയ്തിരുന്ന പദ്ധതിയായിരുന്നു അത്.


2005 ൽ ബിജെപി സർക്കാർ നടപ്പാക്കിയ പദ്ധതിയായിരുന്നു ‘ചരൺ പാദുക് യോജന’. തെണ്ടുവിന്റെ ഇല ശേഖരിക്കുമ്പോൾ കാലിൽ മുളളു കൊളളാതിരിക്കാൻ ചെരുപ്പുകൾ വിതരണം ചെയ്യുന്ന പദ്ധതിയായിരുന്നു അത്. കാലിൽ മുളളു കൊളളുന്നതല്ല തെണ്ടുവിന്റെ ഇലയ്ക്ക് ന്യായവില കിട്ടാത്തതാണു സാധാരണക്കാരന്റെ പ്രശ്നമെന്നു പറഞ്ഞായിരുന്നു കോൺഗ്രസ് ഈ നീക്കത്തെ ചെറുത്തത്. 100 രൂപ വിലയുളള ചെരുപ്പുകൾക്കു വേണ്ടി ബിജെപി കോടികൾ തുലച്ചു കളഞ്ഞതായും കോൺഗ്രസ് ആരോപിച്ചു.

ദലിതർക്കെതിരെയുളള അതിക്രമങ്ങൾ തടയുന്ന നിയമം (പിഒഎ) ദുർബലമാക്കുന്ന സുപ്രീംകോടതി വിധിക്കെതിരെ ചെറുവിരൽ അനക്കാതിരുന്നതാണു 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടി നേരിടാനുളള ഒരു കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഈ നിയമത്തിനെതിരെയുളള പ്രക്ഷോഭങ്ങളിൽ പങ്കാളിയാകാൻ ബിജെപി തയാറാകാതിരുന്നതു ബിജെപിയും സംഘപരിവാറും ദലിതർക്കെതിരാണെന്ന പ്രചാരണം ശക്തമാകാൻ കാരണമായി.

പ്രകൃതി വിഭവവങ്ങൾ ചൂഷണം ചെയ്തു വൻകിടക്കാർ വളർന്നപ്പോൾ ഭൂരഹിതരായി ആദിവാസികൾ സ്വന്തം മണ്ണിൽനിന്നു കുടിയിറങ്ങേണ്ടി വന്നതും വോട്ടിൽ പ്രതിഫലിച്ചു. വനത്തില്‍ മലഞ്ചരക്കുകള്‍ ശേഖരിക്കാനുള്ള ആദിവാസികളുടെ അവകാശം നിരോധിച്ചുകൊണ്ട് ഛത്തീസ്ഗഢ് സര്‍ക്കാര്‍ ഉത്തരവു പുറത്തിറക്കിയതും വൻ തിരിച്ചടിയുണ്ടാക്കി. ഫോറസ്റ്റ് റൈറ്റ്‌സ് ആക്ട് പ്രകാരം ഖട്ട്ബറാ ഗ്രാമവാസികളായ ആദിവാസികള്‍ക്കു വനത്തില്‍നിന്നു മലഞ്ചരക്കുകള്‍ ശേഖരിക്കാനുള്ള അവകാശമുണ്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവു പ്രകാരം ആദിവാസികളുടെ ഈ അവകാശം ധാതു ഖനനത്തിനായി നിര്‍ത്തി വച്ചതു വൻ വിവാദമുണ്ടാക്കി. ഛത്തീസ്ഗഢിലെ ബിജെപി സര്‍ക്കാര്‍ വനഭൂമി അദാനി ഗ്രൂപ്പിനു തീറെഴുതി നല്‍കിയതായി വൻ വിമർശനം ഉണ്ടാകുകയും ചെയ്തു.

37 ലക്ഷം കർഷകരുളള സംസ്ഥാനത്ത് 50 ലക്ഷം സ്മാർട് ഫോണുകൾ വിതരണം ചെയ്യാനുളള ബിജെപിയുടെ നീക്കവും പരാജയമായി. പശു രാഷ്ട്രീയത്തിന്റെ പേരിൽ ദലി‌തർ കൊല്ലപ്പെടുന്നതും ദലിതർക്കു നേരേ ആക്രമണങ്ങൾ വൻ തോതിൽ വർധിക്കുന്നതും ബിജെപിക്കെതിരെ ശക്തമായ ജനവികാരം ഇരമ്പാൻ കാരണമായി. നിയമസഭാ തിരഞ്ഞെടുപ്പിലെ വിഷയങ്ങളല്ല ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുന്നതെന്നും അതിനാൽ വിജയം തങ്ങൾക്കൊപ്പം നിൽക്കുമെന്നും ബിജെപി കണക്കു കൂട്ടുന്നു.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, പതിനൊന്നു സീറ്റിൽ പത്തും നേടിയ ആത്മവിശ്വാസമാണു ബിജെപിക്കു കരുത്താകുന്നത്. ഹിന്ദു വോട്ടുകളുടെ ധ്രുവീകരണം ഉണ്ടാകുമെന്നും രാജ്യത്ത് അലയടിക്കുന്ന മോദിപ്രഭാവം വോട്ടാകുമെന്നുമാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിഗമനം. ‘2018 ലെ നിയസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി ഛത്തീസ്ഗഢിലെ 90 മണ്ഡലങ്ങളിലുമായി ഞാൻ സഞ്ചരിച്ചത് 12,000 കിലോമീറ്ററാണ് ഒരു ഭരണ വിരുദ്ധ വികാരവും ഞാൻ അവിടെ കണ്ടില്ല’ എന്ന് ഊറ്റം കൊണ്ട രമൺ സിങ്ങിനെ ഞെട്ടിച്ച ഛത്തീസ്ഗഢിലെ ആദിവാസി– ഗോത്ര മേഖലയിലെ ജനങ്ങൾ- തെണ്ടു മരത്തിന്റെ ഇല മണക്കുന്ന സാധാരണക്കാർ - ആരെ തുണയ്ക്കുമെന്നാണു ഛത്തീസ്‌ഗഡ്‌ ഉറ്റു നോക്കുന്നതും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com