കുട്ടിയമ്മയുടെ മാണി, കുടുംബത്തിന്റെ പ്രമാണി
Mail This Article
കോട്ടയം ∙ പാര്‍ട്ടി ചിഹ്നമായ രണ്ടിലകള്‍പോലെ ജീവിതത്തിലുടനീളം സ്നേഹത്തോടെ ചേര്‍ന്നു നിന്നവരായിരുന്നു കെ.എം. മാണിയും ഭാര്യ കുട്ടിയമ്മയും. രാഷ്ട്രീയത്തിരക്കുകള്‍ക്കിടയിലും കുടുംബബന്ധങ്ങളില്‍ അതീവശ്രദ്ധ ചെലുത്തുന്ന ഗൃഹനാഥനാണു കെ.എം. മാണിയെന്നു ഭാര്യ കുട്ടിയമ്മയും, കുടുംബത്തിന്റെയും കുട്ടികളുടെയും ഉത്തരവാദിത്തം കുട്ടിയമ്മ ഏറ്റെടുത്തില്ലായിരുന്നെങ്കില്‍ രാഷ്ട്രീയ പ്രവര്‍ത്തനം എളുപ്പമാകുമായിരുന്നില്ലെന്ന് കെ.എം. മാണിയും എത്രയോ തവണ ആവര്‍ത്തിച്ചിട്ടുണ്ട്.
എത്ര പാതിരാത്രിയായാലും പാലായിലെ വീട്ടിലെത്തിയാൽ കുട്ടിയമ്മ ഉണ്ടാക്കിയ ചോറും മോരും കഴിച്ചാലേ ഉറക്കം വരൂ എന്ന് മക്കളും മരുമക്കളും പറയുമ്പോള്‍ ആ ദാമ്പത്യത്തിലെ ഇഴയടുപ്പം വ്യക്തം.
കോണ്‍ഗ്രസ് നേതാവായിരുന്ന പി.ടി. ചാക്കോയുടെ ബന്ധുവാണ് കുട്ടിയമ്മ. പെണ്ണു കാണാനായി പോയ കെ.എം. മാണിയുടെ പിതാവ് കാണുന്നത് ഇളയ സഹോദരനായ ബേബിയെ ഒക്കത്തെടുത്ത് നില്‍ക്കുന്ന കുട്ടിയമ്മയെയാണ്. ‘കുട്ടികളെയും കുടംബത്തെയും നോക്കാന്‍ കഴിയുന്ന പെണ്‍കുട്ടിയാണ്, എനിക്കിഷ്ടപ്പെട്ടു, ഇനി നീ പോയി കാണൂ’ എന്നായിരുന്നു പിതാവ് മാണിയോടു പറഞ്ഞത്. മാണിക്കും പെണ്‍കുട്ടിയെ ഇഷ്ടപ്പെട്ടു.
പി.ടി. ചാക്കോയുടെ രാഷ്ട്രീയ പ്രവര്‍ത്തനം കണ്ടു വളര്‍ന്ന കുട്ടിയമ്മയ്ക്ക് രാഷ്ട്രീയക്കാരെ ഇഷ്ടമായിരുന്നു. വിവാഹത്തിനു കുട്ടിയമ്മ മൂന്നു നിബന്ധനകള്‍ വീട്ടുകാരുടെ മുന്നില്‍ വച്ചിരുന്നു. വിവാഹം കഴിക്കുന്നയാള്‍ രാഷ്ട്രീയക്കാരനാകണം, മീശ വേണം, വക്കീലായിരിക്കണം. ഈ മൂന്നു ‘ഗുണങ്ങളുമുള്ള’ കെ.എം. മാണിതന്നെ കുട്ടിയമ്മയുടെ ജീവിതത്തിലേക്കു കടന്നുവന്നു. 1957 നവംബര്‍ 28നായിരുന്നു വിവാഹം.
എറണാകുളത്തേക്കായിരുന്നു ദമ്പതികളുടെ ആദ്യ യാത്ര. ‘തിരുവിതാംകൂറും കൊച്ചിയും രണ്ടു രാജ്യങ്ങളാണ്. ഇന്നു ദുബായിലേക്ക് പോകുന്നതുപോലെയാണ് അന്ന് ഏറണാകുളത്തേക്കു പോകുന്നത്. ഏറ്റവും ഇഷ്ടമായത് എറണാകുളം ബോട്ട് ജെട്ടിയില്‍നിന്ന് വൈക്കത്തേക്കുള്ള യാത്രയാണ്. വൈക്കം കായലില്‍ ഓളം വെട്ടുമ്പോള്‍ ഓര്‍ക്കും ഞാന്‍ എന്റെ തങ്കത്തെ.. യാത്രയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആ പാട്ടാണ് മനസ്സില്‍ വരുന്നത്’ - കെ.എം. മാണി അഭിമുഖങ്ങളില്‍ പറഞ്ഞു.
‘ദൈവത്തിന്റെ അനുഗ്രമാണ് ഈ ദാമ്പത്യം. പരസ്പര സ്നേഹവും വിശ്വാസവും ഞങ്ങള്‍ക്കിടയിലുണ്ട്. എല്ലാം തുറന്നു പറയും’ - പിണക്കങ്ങളില്ലാത്ത ദാമ്പത്യത്തിന്റെ രഹസ്യം ചോദിച്ച മാധ്യമപ്രവർത്തകരോട് ഇതായിരുന്നു ആ ദമ്പതികളുടെ മറുപടി. ഭാര്യയെ ഏറെ ഇഷ്ടപ്പെട്ടിരുന്ന കെ.എം. മാണിയുടെ ഇഷ്ടപ്പെട്ട പാട്ടും ഭാര്യയുമായി ബന്ധപ്പെട്ടതുതന്നെ - രാക്കുയിലില്‍ രാഗസദസ് എന്ന സിനിമയിലെ ‘പൂമുഖ വാതിക്കല്‍ സ്നേഹം വിടര്‍ത്തുന്ന പൂന്തിങ്കളാകുന്നു ഭാര്യ’.
എത്ര തിരക്കുണ്ടെങ്കിലും കുടുംബത്തിലെ ചടങ്ങുകളിലെല്ലാം കെ.എം. മാണി കൃത്യമായി പങ്കെടുക്കും. പാലായിലെ വീട്ടിലുള്ളപ്പോള്‍ ചേരുന്ന ‘കുടുംബയോഗത്തിലാണ്’ കുടുംബകാര്യങ്ങളും രാഷ്ട്രീയവുമെല്ലാം ചര്‍ച്ചയായിരുന്നത്. ‘രാഷ്ട്രീയ നിലപാടുകളെ മക്കളും മരുമക്കളും വിമര്‍ശിക്കുകയും നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുകയും ചെയ്യും. പല ആശയങ്ങളും ഇത്തരം ചര്‍ച്ചകളിലൂടെ ലഭിക്കാറുണ്ട്’ - അടുപ്പമുള്ളവരോട് കെ.എം. മാണി പറഞ്ഞു.
രാഷ്ട്രീയക്കാര്‍ക്കിടയില്‍ വ്യത്യസ്തമായ ശബ്ദത്തിനുടമയാണ് കെ.എം. മാണി. ശബ്ദം കേള്‍ക്കുമ്പോള്‍ത്തന്നെ രൂപം മനസിലേക്കു വരും. ചെറുപ്പകാലത്ത് നിരന്തരം പുകവലിക്കുന്നയാളായിരുന്നു മാണി. പുകവലിയുടെ ഫലമായാണ് ശബ്ദത്തില്‍ വ്യത്യാസമുണ്ടായത്. ദിവസവും പാക്കറ്റു കണക്കിനു സിഗററ്റ് വലിച്ചിരുന്ന മാണി ഈ ശീലം നിര്‍ത്താനായി പല തവണ പ്രതിജ്ഞയെടുത്തു. ട്രെയിനില്‍ പോകുമ്പോള്‍ സിഗററ്റ് പാക്കറ്റ് വലിച്ചെറിഞ്ഞശേഷം ഇനി ൈകകൊണ്ട് തൊടില്ലെന്നു പ്രതിജ്ഞയെടുക്കും. മണിക്കൂറുകള്‍ കഴിയുമ്പോള്‍ പ്രതിജ്ഞ ലംഘിക്കേണ്ടിവരും.
മകളുടെ പ്രസവ ദിവസമാണ് ഇനി പുകവലിക്കില്ലെന്നു മാണി തീരുമാനിച്ചത്. ആ പ്രതിജ്ഞ ഒരിക്കലും ലംഘിക്കപ്പെട്ടില്ല. ആ കഥ ഇങ്ങനെ: മൂത്ത മകള്‍ എല്‍സമ്മ കന്നിപ്രസവത്തിന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിക്കപ്പെട്ടു. അന്ന് മാണി ധനമന്ത്രി. മകള്‍ക്കു ചില ആരോഗ്യ പ്രശ്നങ്ങളുണ്ടോയെന്ന് ഡോക്ടര്‍മാര്‍ക്ക് സംശയം. ഇതോടെ പരിഭ്രാന്തനായ മാണി മകള്‍ക്ക് ദൈവാനുഗ്രഹം ലഭിക്കാന്‍ പുകവലി ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സുഖപ്രസവം നടന്നതോടെ പിന്നീടൊരിക്കലും കെ.എം. മാണി പുകവലിച്ചില്ല. പക്ഷേ, പുകവലിയുടെ അനന്തരഫലമായുണ്ടായ ശബ്ദവ്യത്യാസവും പ്രസംഗത്തിലെ ശൈലികളും ‘ട്രേഡ് മാര്‍ക്കായി’ മാറി.
English Summary: KM Mani and Family