ബിജെപി എംഎൽഎയുടെ ദേശഭക്തി ഗാനം തങ്ങളുടെ പാട്ടിന്റെ കോപ്പിയെന്ന് പാക്ക് സൈന്യം
Mail This Article
ഹൈദരാബാദ്∙ ഇന്ത്യൻ സൈന്യത്തിന് ആദരം എന്ന പേരിൽ തെലങ്കാനയില്‍നിന്നുള്ള ബിജെപി എംഎല്‍എ താക്കൂര്‍ രാജ സിങ് ലോധ പുറത്തിറക്കിയ ഗാനം വിവാദത്തിൽ. ഹൈദരാബാദിലെ ഗോഷമഹൽ മണ്ഡലത്തെ തെലങ്കാന നിയമസഭയില്‍ പ്രതിനിധീകരിക്കുന്ന രാജ സിങ് ലോധ രാമനവമി പ്രമാണിച്ചു പുറത്തിറക്കിയ ഗാനം തങ്ങളുടെ പാട്ടിന്റെ പകർപ്പാണെന്ന് ആരോപിച്ച് പാക്ക് സൈന്യം തന്നെ രംഗത്തെത്തുകയായിരുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് താക്കൂര്‍ രാജ സിങ് ലോധ താൻ തന്നെ ഈണമിട്ട ഗാനത്തിന്റെ ഏതാനും വരികൾ ട്വിറ്റർ വഴി പുറത്തു വിട്ടത്. രാമനവമി പ്രമാണിച്ചു മുഴുവൻ ഗാനവും പുറത്തു വിടുമെന്നും എംഎൽഎ ട്വീറ്റ് ചെയ്തു.
എന്നാൽ അധികം വൈകാതെ പാക്ക് സൈനിക വക്താവ് ആസിഫ് ഗഫൂറിന്റെ ട്വീറ്റ് എത്തി. നിങ്ങൾ ഈ ഗാനം കോപ്പിയടിച്ചതിൽ സന്തോഷമുണ്ടെന്നും കോപ്പി തന്നെ പറയുന്നുണ്ട് സത്യം എന്താണെന്നും താക്കൂര്‍ രാജ സിങ് ലോധയുടെ വിഡിയോ റീ ട്വീറ്റ് ചെയ്തു കൊണ്ട് ആസിഫ് ഗഫൂർ ആരോപിച്ചു.
പാക്കിസ്ഥാൻ സൈന്യത്തിന്റെ മാധ്യമ വിഭാഗം മാർച്ച് 23ന് പാക്കിസ്ഥാൻ ദിനത്തോട് അനുബന്ധിച്ചു പുറത്തിറക്കിയ ഗാനത്തിന്റെ കോപ്പിയാണ് ഈ ഗാനമെന്നാണ് ആരോപണം. സഹീര്‍ അലി ബാഗയാണ് പാക്ക് സൈനിക ഗാനം രചിച്ചത്.
പാട്ട് വിവാദമായതോടെ എംഎൽഎയുടെ പുതിയ ട്വീറ്റ് എത്തി. ‘താൻ ആരുടെയും പാട്ട് കോപ്പിയടിച്ചതല്ല. ഇത്തരമൊരു പാക്കിസ്ഥാനി പാട്ടിനെക്കുറിച്ച് അറിവുപോലുമുണ്ടായിരുന്നില്ല. ഞങ്ങളൊരു സംഘം ഒരുമിച്ചിരുന്നാണ് പാട്ട് തയാറാക്കിയത്. തന്റെ ഗാനം പാക്ക് മാധ്യമങ്ങൾ വാർത്തയാക്കിയതിൽ അതിയായ സന്തോഷമുണ്ട്. ഒരു ഭീകരരാഷ്ട്രത്തിൽ ഗായകരുണ്ടെന്നറിഞ്ഞതിൽ സന്തോഷിക്കുന്നു’ – എംഎൽഎ ട്വീറ്റ് ചെയ്തു.
English Summary: BJP MLA releases patriotic song, Pakistan Army claims he copied it from them