ADVERTISEMENT

കണ്ണൂർ∙ സംസ്ഥാനത്തെ എട്ടു ലോക്സഭാ മണ്ഡലങ്ങളില്‍ ബിജെപി വോട്ടുമറിച്ചെന്ന ആശങ്കയില്‍ സിപിഎം. കണ്ണൂരും കാസര്‍കോടും കൊല്ലവും ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളിലാണു യുഡിഎഫിന് അനുകൂലമായി ബിജെപി വോട്ടുമറിച്ചെന്നു സംശയിക്കുന്നത്. തിരുവനന്തപുരം എകെജി സെന്ററില്‍ നാളെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ബൂത്തുതലം മുതലുള്ള കണക്കുകള്‍ വിലയിരുത്തും.

തിരുവനന്തപുരം, തൃശൂര്‍, പത്തനംതിട്ട, പാലക്കാട് മണ്ഡലങ്ങളിൽ മാത്രമാണു ബിജെപി ശക്തമായി മല്‍സരരംഗത്തുള്ളത്. ബാക്കി മണ്ഡലങ്ങളിലെ വോട്ടുകളില്‍ യുഡിഎഫിലേക്കു വലിയ ചോര്‍ച്ചയുണ്ടാകുമെന്നാണു സിപിഎമ്മിന്റെ ആശങ്ക. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 1,72,826 വോട്ടുകള്‍ നേടിയ കാസര്‍കോടാണ് പട്ടികയില്‍ ഒന്നാമത്. ഇത്തവണ ബിജെപി സ്ഥാനാര്‍ഥി പ്രധാനമായും മഞ്ചേശ്വരം കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തം. വോട്ടുമറിയുമെന്നതിന്റെ സൂചനയാണിതെന്നും സിപിഎം വിലയിരുത്തുന്നു. ബൂത്തുതലം മുതല്‍ നടത്തിയ പരിശോധനയില്‍ കെ.പി.സതീഷ് ചന്ദ്രന്‍ ഭേദപ്പെട്ട ഭൂരിപക്ഷത്തിനു വിജയിക്കും. എന്നാല്‍ ബിജെപി വോട്ടുമറിഞ്ഞാല്‍ സ്ഥിതിഗതികള്‍ മാറിമറിയുമെന്നാണു ഭയം.

സമാനമായ അവസ്ഥയാണു ബിജെപി കഴിഞ്ഞ തവണ 51,636 വോട്ടുകള്‍ നേടിയ കണ്ണൂരും 76,313 വോട്ടുകള്‍ നേരിയ വടകരയിലും നേരിടുന്നത്. ബിഡിജെഎസ് മല്‍സരിക്കുന്ന ആലത്തൂരും മാവേലിക്കരയിലും ബിജെപി സജീവമായിരുന്നില്ലെന്നാണു വിലയിരുത്തല്‍.

കൊല്ലത്ത് തീര്‍ത്തും അപരിചിതനായ സ്ഥാനാര്‍ഥിയെ നിര്‍ത്തിയപ്പോള്‍ തന്നെ വോട്ടുമറിയുമെന്നു പ്രതീക്ഷിച്ചിരുന്നതായി സിപിഎം കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു. 1,15,760 വോട്ടുകള്‍ നേടിയ കോഴിക്കോടും എ.പ്രദീപ്കുമാറിന്റെ വിജയപ്രതീക്ഷകള്‍ക്കുമേല്‍ ബിജെപി വോട്ടുകള്‍ തടസം നില്‍ക്കുമെന്ന് ആശങ്കയുണ്ട്.

തീപ്പൊരി നേതാവ് ശോഭാ സുരേന്ദ്രനാണ് ആറ്റിങ്ങലില്‍ മല്‍സരിക്കുന്നതെങ്കിലും വോട്ടുമറിഞ്ഞേക്കാമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നേടിയതിനേക്കാള്‍ വോട്ട് നിയമസഭ തിരഞ്ഞെടുപ്പിൽ എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്കു ലഭിച്ചിരുന്നു. അവിടെ നിന്നുമുണ്ടാകേണ്ട ആനുപാതിക വര്‍ധന കണ്ടില്ലെങ്കില്‍ വോട്ടുമറിഞ്ഞെന്ന് ഉറപ്പിക്കാമെന്നാണു സിപിഎമ്മിന്റെ നിഗമനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com