9 സംസ്ഥാനം, പ്രത്യേക ‘നിരീക്ഷണത്തില്’ ബംഗാൾ; ജനവിധി തേടി 961 സ്ഥാനാർഥികൾ
Mail This Article
വിപ്ലവ വീര്യവുമായി ബിഹാറിലെ ബേഗുസരായിയിൽ ജെഎൻയു സമരനായകൻ കനയ്യ കുമാർ, എതിർ സ്ഥാനത്ത് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്, സെലിബ്രിറ്റി തിളക്കത്തില്‍ മുംബൈ നോർത്തിൽ ബോളിവുഡ് താരം ഊർമിള മാതോംഡ്‌കർ, ഉത്തർപ്രദേശിലെ കനൗജിൽ എസ്പി തലവൻ അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിൾ യാദവ്... ഇവരെക്കൂടെ 72 മണ്ഡലങ്ങളിലായി ആകെ മത്സരിക്കുന്നത് 961 സ്ഥാനാർഥികൾ; ലോക്സഭാ തിരഞ്ഞെടുപ്പ് നാലാം ഘട്ടത്തിലേക്കു കടക്കുമ്പോൾ പോരാട്ടം കടുക്കുകയാണ്. 9 സംസ്ഥാനങ്ങളിലാണ് ഏപ്രിൽ 29നു തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ മഹാരാഷ്ട്രയിലും ഒഡീഷയിലും അവസാന ഘട്ട വോട്ടെടുപ്പാണ്.
മഹാരാഷ്ട്രയിൽ മുംബൈ മെട്രോപ്പൊലിറ്റൻ റീജൻ, പശ്ചിമ, ഉത്തര മഹാരാഷ്ട്രയുടെ ഭാഗങ്ങൾ എന്നിവിടങ്ങളിലെ 3.11 കോടി സമ്മതിദായകരാണു വോട്ടു ചെയ്യാനെത്തുക. ഒഡീഷയിലെ 41 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പും ഇന്നു നടക്കും. ഇവിടെ ആറു ലോക്സഭാ (ആകെയുള്ളത് 21) സീറ്റുകളിലേക്ക് 52 സ്ഥാനാർഥികളും 41 നിയമസഭാ (ആകെ 147) സീറ്റുകളിലേക്ക് 336 പേരുമാണു നാലാം ഘട്ടത്തിൽ മത്സരിക്കാനുള്ളത്. ഒഡീഷയിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു മണ്ഡലത്തിൽ കൂടി വോട്ടെടുപ്പു പൂർത്തിയാകാനുണ്ട് – പട്കുരയിൽ. ഇവിടെ ബിജെഡി സ്ഥാനാർഥിയുടെ മരണത്തെത്തുടർന്നു വോട്ടെടുപ്പ് മേയ് 19ലേക്കു മാറ്റി.
നാലു ഘട്ടങ്ങളിലായി വോട്ടെടുപ്പു നടക്കുന്ന രാജസ്ഥാൻ, മധ്യപ്രദേശ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ വോട്ടെടുപ്പിന്റെ തുടക്കവും ഇന്നാണ്. നടിയും എംപിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മൂൺ മൂൺ സെൻ (അസൻസോൾ), കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ് (ഫറൂഖാബാദ്), കേന്ദ്രമന്ത്രിമാരായ ബാബുൽ സുപ്രിയോ (അസൻസോൾ), മുൻ എംപി പ്രിയ ദത്ത് (മുംബൈ നോർത്ത് സെൻട്രൽ), രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗേലോട്ടിന്റെ മകൻ വൈഭവ് (ജോധ്പുർ), മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ മിലിന്ദ് ദേവ്റ(മുംബൈ സൗത്ത്), നടിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ ശതാബ്ദി റോയ് (ബിർഭും) തുടങ്ങിയവരും ഇന്നു ജനവിധി തേടുന്ന പ്രമുഖരാണ്.
രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പു സമയം. വോട്ടെടുപ്പിനിടെ അക്രമസംഭവങ്ങൾ പതിവായതോടെ ബംഗാളിൽ ഇത്തവണ കനത്ത സുരക്ഷയാണ്. 580 കമ്പനി കേന്ദ്രസേനയെയാണു നിയോഗിച്ചിരിക്കുന്നത്. ഇതാദ്യമായി സംസ്ഥാനത്ത് തിരഞ്ഞെടുപ്പു കമ്മിഷന്റെ നേതൃത്വത്തിൽ പ്രത്യേക പൊലീസ് നിരീക്ഷകനെയും പ്രത്യേക നിരീക്ഷകനെയും നിയോഗിച്ചിട്ടുണ്ട്.
മൂന്നു ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കുന്ന ജമ്മു കശ്മീരിലെ അനന്ത്നാഗ് മണ്ഡലത്തിൽ ഇന്നാണു രണ്ടാം ഘട്ടം. കുൽഗാം ജില്ലയിലാണ് ഇന്നു വോട്ടെടുപ്പ് നടക്കുക. ഏപ്രിൽ 23നു നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ അനന്ത്നാഗ് ജില്ലയായിരുന്നു ഉൾപ്പെട്ടിരുന്നത്. മേയ് ആറിന് ഷോപിയാൻ, പുൽവാമ ജില്ലകളിലെ വോട്ടെടുപ്പ് കൂടി നടക്കുന്നതോടെ അനന്ത്നാഗ് മണ്ഡലത്തിലെ വോട്ടെടുപ്പ് പൂർത്തിയാകും.
ഇന്നു വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങൾ
മഹാരാഷ്ട്ര (17)
നന്ദൂർബാർ, ധുളെ, ദിൻഡോരി, നാസിക്, പാൽഘർ, ഭിവണ്ടി, കല്യാൺ, താനെ, മാവൽ, ഷിരൂർ, ഷിർഡി, മുംബൈ നോർത്ത്, മുംബൈ നോർത്ത് വെസ്റ്റ്, മുംബൈ നോർത്ത് സെൻട്രൽ, മുംബൈ നോർത്ത് ഈസ്റ്റ്, മുംബൈ സൗത്ത്, മുംബൈ സൗത്ത് സെൻട്രൽ
ഉത്തർപ്രദേശ് (13)
ഷാജഹാൻപുർ, ഖേരി, ഹർദോയ്, മിസ്‌രിഖ്, ഉന്നാവോ, ഫറൂഖാബാദ്, എത്താവ, കനൗജ്, കാൻപുർ, അക്ബർപുർ, ജലൗൻ, ഝാൻസി, ഹാമിർപുർ
രാജസ്ഥാൻ (13)
ടോംഗ്–സവായ് മധോപുർ, അജ്മേർ, പാലി, ജോധ്പുർ, ബാർമർ, ജലോർ, ഉദയ്പുർ, ബൻസ്വാര, ചിറ്റോർഗഢ്, രാജ്സമന്ദ്, ബിൽവാര, കോട്ട, ജലവാർ–ബാരൻ
ബംഗാൾ (8)
ബഹാറംപുർ, കൃഷ്ണനഗർ, റാണാഘട്ട്, ബർധമാൻ പുർബ, ബർധമാൻ, ദുർഗാപുർ, അസൻസോൾ, ബോൽപുർ, ബിർഭും
മധ്യപ്രദേശ് (6)
സിദ്ധി, ഷാദോൾ, ജബൽപുർ, മാണ്ഡ്‌ല, ബാലാഘട്ട്, ചിന്ദ്വാര
ഒഡീഷ (6)
മയൂർഭഞ്ജ്, ബാലസോർ, ഭഡ്റാക്, ജജ്പുർ, കേന്ദ്രപ്പര, ജഗത്‌സിങ്പുർ
ബിഹാർ (5)
ദർഭാംഗ, ഉജ്യാർപുർ, സമസ്തിപുർ, ബെഗുസരായി, മുംഗേർ
ജാർഖണ്ഡ് (3)
ഛത്ര, ലോഹാർദഗ, പലാമു
ജമ്മു കശ്മീർ (1)
അനന്ത്നാഗ്
മേയ് ആറിനാണ് അഞ്ചാം ഘട്ട വോട്ടെടുപ്പ് നടക്കുക. ഏഴു സംസ്ഥാനങ്ങളിലായി 50 മണ്ഡലങ്ങളിലേക്കാണ് അന്നു തിരഞ്ഞെടുപ്പ്.
(ഡേറ്റ പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ കണക്കു പ്രകാരം)
English Summary: Lok Sabha Elections 2019, Fourth Phase Election