ADVERTISEMENT

ഏച്ചുകെട്ടാത്ത തോട്ടി കൊണ്ടു ചക്കയിടാനുള്ള പരിശ്രമമായിരുന്നു ഇതുവരെ. വിജയിച്ചാൽ ചക്ക വീഴും. ഭാഗ്യം കൂടെയുണ്ടെങ്കിൽ ചക്ക വീഴുന്നതു ചരിത്രപ്രസിദ്ധനായ മുയലിനു മുകളിൽ തന്നെയാവും. ലോക്സഭാ തിരഞ്ഞെടുപ്പ് അവസാന ഘട്ടങ്ങളിലേക്കു കടക്കുമ്പോൾ, സാധ്യതകളെക്കുറിച്ചു ശുഭപ്രതീക്ഷയുണ്ടെങ്കിലും രാഷ്ട്രീയ പാർട്ടികൾ തെല്ലു ശങ്കിച്ചു തുടങ്ങുന്നു. മുയൽ ചാകുന്നതു പോകട്ടെ, ചക്ക തന്നെ വീഴാതിരുന്നാലോ?

മായാവതിയുടെ ബിഎസ്പിയെ എൻഡിഎയുടെ തോട്ടിയിൽ ഏച്ചുകെട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു വാക്കു പറഞ്ഞത് ഇക്കാരണം കൊണ്ടാണ്. ഏറെക്കുറെ ഒപ്പത്തിനൊപ്പം നിൽക്കുന്ന പോരാട്ടത്തിൽ ഫലവും ഒപ്പത്തിനൊപ്പമായാൽ തുണയ്ക്കാൻ ചിലർ വേണം. ഒന്നും രണ്ടും വോട്ടു കൈവശമുള്ള ചില്ലറക്കാർക്കു പകരം എണ്ണത്തിലും വണ്ണത്തിലും മോശമല്ലാത്ത ചിലർ; ഏച്ചുകെട്ടിയാൽ ചക്ക വീഴ്ത്താമെന്ന് ഉറപ്പുള്ള തോട്ടി. ബിജെപിയുടെ കണക്കിൽ ബിഎസ്പി നേതാവ് മായാവതി അക്കൂടെയാണ്.

എസ്പിയും കോൺഗ്രസും ചേർന്നു മായാവതിയെ ചതിക്കുന്നുവെന്നാണു പ്രധാനമന്ത്രി പറഞ്ഞത്. അമേഠിയിലെയും റായ് ബറേലിയിലെയും പ്രചാരണവേദികളിൽ കോൺഗ്രസ് നേതാക്കൾക്കൊപ്പം സമാജ്‌വാദി നേതാക്കളും വേദി പങ്കിട്ടിരുന്നു. കോൺഗ്രസിനു സാധ്യത കുറവുള്ള സീറ്റുകളിൽ ബിജെപി വോട്ടുകൾ പിടിച്ചെടുക്കാൻ കെൽപുള്ള സ്ഥാനാർഥികളെയാണു കോൺഗ്രസ് നിയോഗിച്ചിരിക്കുന്നതെന്നു പ്രിയങ്ക ഗാന്ധി പറഞ്ഞതും ഓർമിക്കുക.

ചൂണ്ടകൾ മുൻകൂട്ടി കൊരുത്തു ബിജെപി

യുപി മഹാസഖ്യത്തിലെ ദുർബല കണ്ണിയാണു മായാവതി. തിരഞ്ഞെടുപ്പു ഫലത്തിനുശേഷമുള്ള കൂട്ടപ്പൊരിച്ചിലിൽ ബിജെപിക്കൊപ്പം നിൽക്കാൻ സാധ്യതയുള്ളയാൾ. മായാവതിക്കെതിരെ 16 വർഷം പഴക്കമുള്ള സിബിഐ കേസു മുതൽ അഴിമതിയുടെയും പണമിടപാടുകളുടെയും നിരവധി ചൂണ്ടകൾ മുൻകൂട്ടി കൊരുത്തു സൂക്ഷിച്ചിട്ടുണ്ട് ബിജെപി. അവയിൽ ചിലതു ജയിലിലേക്കുള്ള വഴിമരുന്നാണ്.

വഴിയിൽ ഭയമില്ലാതെ അഖിലേഷ് 

ഇതേസമയം, മടിയിൽ കനമില്ലാത്ത അഖിലേഷ് യാദവിനു വഴിയിൽ ഭയം കുറയും. അടിമുടി ബിജെപിക്കെതിരാണ് അഖിലേഷിന്റെ രാഷ്ട്രീയം. പിതാവ് മുലായം സിങ് യാദവ് കളം മാറിച്ചവിട്ടിയാലും അഖിലേഷ് ഇളകാനിടയില്ല. യുപിയിലെ സീറ്റ് എണ്ണത്തിലുണ്ടാകാവുന്ന കുറവു നികത്താനുള്ള ശ്രമത്തിൽ ബിജെപിക്കു പ്രതീക്ഷയർപ്പിക്കാവുന്നത്, ഫലപ്രഖ്യാപനത്തിനു ശേഷം സഖ്യം തകർത്തു പുറത്തുചാടുന്ന മായാവതിയിലാണ്.

ഒരു ‘ക്ലോസ് ഫിനിഷ്’

ഒരു ‘ക്ലോസ് ഫിനിഷി’ന്റെ സാഹചര്യത്തിലാണ് ഏച്ചുകെട്ടിയ തോട്ടി ബിജെപിക്കു പ്രയോജനപ്പെടുക. ഈ സാധ്യത പരിശോധിക്കുക: കഴിഞ്ഞ തവണ ഒറ്റയ്ക്കു ഭൂരിപക്ഷം നേടിയപ്പോൾ ലഭിച്ച 282 സീറ്റുകളിൽ 100 എണ്ണം ബിജെപിക്കു നഷ്ടപ്പെടാൻ ചെറുതല്ലാത്ത സാധ്യതയുണ്ട്. കഴിഞ്ഞ തവണ പരമാവധി സീറ്റു ലഭിച്ച യുപി (71), ഗുജറാത്ത് (26), രാജസ്ഥാൻ (25), മധ്യപ്രദേശ് (27), ബിഹാർ (22), മഹാരാഷ്ട്ര (22), ഛത്തീസ്ഗഡ് (10) എന്നിവിടങ്ങളിലായിരിക്കും പ്രധാന നഷ്ടം. ബംഗാളിൽനിന്നു പകരം കണ്ടെത്താവുന്ന സീറ്റുകൾക്കു പരിമിതിയുണ്ട്. ചുണ്ടിൽ സ്നേഹവും കണ്ണിൽ ക്രോധവുമായി വടക്കു കിഴക്കൻ കക്ഷികളെ അനുനയിപ്പിച്ചാലും എണ്ണം തികയില്ല. ഇതിനിടെ, മായാവതിയെ കൂടെ നിർത്താനായാൽ സമവാക്യം മാറും.

ആന്ധ്രയിൽ വൈഎസ്ആർ കോൺഗ്രസ് നേതാവ് ജഗൻ റെഡ്ഡിയിലാണു ബിജെപിയുടെ മറ്റൊരു കണ്ണ്. കോൺഗ്രസ് പക്ഷത്തേക്കു മാറിയ ചന്ദ്രബാബു നായിഡു ഇത്തവണ കാര്യമായ നേട്ടമുണ്ടാക്കില്ലെന്ന് അവർ വിലയിരുത്തുന്നു. കേന്ദ്രമന്ത്രി പദവികളും നിരവധി സിബിഐ കേസുകളിലെ ‘മൊറട്ടോറിയ’വും ഉൾപ്പെടെയുള്ള പ്രലോഭനങ്ങൾ ജഗനെ കാത്തിരിക്കുന്നു.

മായാവതിയും ജഗനും ചേർന്നു 40 സീറ്റ് സമ്പാദിച്ചാൽ ക്ലോസ് ഫിനിഷിൽ ബിജെപി അകത്താകും. കോൺഗ്രസിന്റെയും പ്രതിപക്ഷ സഖ്യത്തിന്റെയും ഭരണമോഹം വെറുതെയാകും. ഈ പശ്ചാത്തലത്തിൽ, ടിആർഎസ് നേതാവ് ചന്ദ്രശേഖർ റാവുവിന്റെ മൂന്നാം മുന്നണി രാഷ്ട്രീയവും കൗതുകമുണർത്തുന്നു. ടിആർ‌എസ്, ബിജെപിയുടെ ബി ടീമാണെന്നു കോൺഗ്രസ് ആരോപിക്കുന്നുമുണ്ട്. 20–25 സീറ്റുള്ള കുറുമുന്നണിയുണ്ടാക്കി, റാവു, പ്രതിപക്ഷ മുഖ്യധാരയിൽനിന്നു മാറിനിന്നാൽ പോലും നേട്ടം ബിജെപിക്കു തന്നെ.

English Summary: BJP Aims To Shake Hands With Mayawati & Jagan Mohan Reddy If Short Of Majority, Political Angle, Election 2019

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com