ADVERTISEMENT

തിരുവനന്തപുരം∙ എറണാകുളം ജില്ലയിലെ കുന്നത്തുനാട് വില്ലേജിൽ 15 ഏക്കർ നിലം അനധികൃതമായി നികത്താനുളള നീക്കം തടഞ്ഞ എറണാകുളം കലക്ടറുടെ ഉത്തരവു റദ്ദാക്കി നിലംനികത്താന്‍ അനുമതി നല്‍കിയ റവന്യൂ അഡീഷനൽ സെക്രട്ടറിയുടെ നടപടി റദ്ദാക്കിയേക്കും. 

നടപടി റദ്ദാക്കുന്നതിന്റെ ഭാഗമായി എറണാകുളം ജില്ലയിലെ കുന്നത്തുനാട് ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട വിഷയത്തില്‍ അഡീഷനല്‍ സെക്രട്ടറി പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവ് അടിയന്തരമായി മരവിപ്പിക്കാന്‍ റവന്യു വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ റവന്യു സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ പുറപ്പെടുവിക്കും. ഈ വിഷയത്തില്‍ കോടതികളില്‍ നിലവിലുള്ള കേസുകളും വിധിന്യായങ്ങളും പരിശോധിക്കാനും ഇതിന്‍മേല്‍ അഡീഷനല്‍ അഡ്വക്കേറ്റ് ജനറലിന്‍റെ നിയമോപദേശം തേടിയതിനു ശേഷം തുടര്‍ നടപടി സ്വീകരിക്കുവാനും മന്ത്രി റവന്യു സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചു.

സിപിഎമ്മുമായി ഏറെ അടുപ്പക്കാരനായ വ്യവസായിയുടെ തമിഴ്‌നാട്ടിലെ ബിസിനസ് പങ്കാളികളാണു ഭൂമിയുടെ ഉടമസ്ഥര്‍. കൊച്ചിയില്‍ റജിസ്റ്റര്‍ ചെയ്ത സ്പീക്‌സ് പ്രോപ്പര്‍ട്ടീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന റിയൽ എസ്റ്റേറ്റ് കമ്പനിയുടേതാണ് ഭൂമി. കേന്ദ്ര കമ്പനി കാര്യാലയ മന്ത്രാലയ വെബ്സൈറ്റ് പ്രകാരം ഈ കമ്പനിയുടെ ഡയറക്ടർമാർ തമിഴ്നാട്ടിലെ വ്യവസായികളായ കൃഷ്ണമ രാജാമണി, വജ്രവേലു കണ്ണിയപ്പൻ, വാപ്പാല നരേന്ദ്രൻ എന്നിവരാണ്. ഇവർ കേരളത്തിലെ വ്യവസായിയുടെ ഏതാനും കമ്പനികളിൽ പങ്കാളികളാണ്. ഇവരിൽ ഒരാളോ മറ്റൊരാളോ ഡയറക്ടറായ തമിഴ്നാട്ടിലെ 15 ഓളം കമ്പനികളിലും ഈ വ്യവസായി പങ്കാളിയാണ്.

ഈ വർഷം ജനുവരി 31 ന്, മുന്‍ റവന്യൂ സെക്രട്ടറി വിരമിക്കുന്നതിനു തലേദിവസമാണ് തിരക്കിട്ട് ഉത്തരവ് ഇറങ്ങിയത്. റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ അറിയാതെയായിരുന്നു നീക്കം. നെൽവയൽ തണ്ണീർത്തട നിയമം ലംഘിച്ചും അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം നിരാകരിച്ചുമായിരുന്നു ഈ നടപടി. സംഭവം വിവാദമായതോടെ പ്രശ്‌നത്തിലിടപ്പെട്ട റവന്യൂമന്ത്രി ഉത്തരവ് റദ്ദു ചെയ്യുന്നതു പരിശോധിക്കാൻ നിര്‍ദേശം നല്‍കുകയായിരുന്നു.

കലക്ടറുടെ ഉത്തരവ് മറികടന്ന് അഡീഷനൽ സെക്രട്ടറിക്ക് ഉത്തരവിറക്കാന്‍ കഴിയുമോ എന്നതിനെ സംബന്ധിച്ച് നിയമോപദേശം തേടാനും തീരുമാനമായി. എറണാകുളം കുന്നത്തുനാട് വില്ലേജിലെ 15 ഏക്കര്‍(5.8365 ഹെക്ടർ) ഭൂമി നികത്താനാണ് കലക്ടറുടെ ഉത്തരവ് റദ്ദാക്കി റവന്യൂ വകുപ്പ് അനുമതി നല്‍കിയത്.

കേരള തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം തയാറാക്കിയ ഡേറ്റ ബാങ്കില്‍ ഇതു നിലമാണ്. ഭൂമി നികത്തലിനെതിരെ ജനകീയ സമരം നടന്നതിനെത്തുടര്‍ന്ന് കലക്ടര്‍ നിലം നികത്തുന്നതിന് സ്റ്റോപ്പ് മെമ്മോ നല്‍കി. 15 ദിവസത്തിനകം നിലം പൂര്‍വസ്ഥിതിയിലാക്കണമെന്ന് ഉത്തരവിട്ടു. സ്ഥലത്തിന്റെ ക്രയവിക്രയവും പോക്കുവരവും കലക്ടര്‍ മരവിപ്പിച്ചു. 

ഇതിനെതിരെ കമ്പനി നല്‍കിയ അപ്പീല്‍ പരിഗണിച്ച റവന്യൂ അഡീഷനൽ സെക്രട്ടറി കലക്ടറുടെ ഉത്തരവ് റദ്ദാക്കുകയായിരുന്നു. ക്രയവിക്രയം നടത്തുന്നതിനു അനുമതി നിഷേധിച്ച കലക്ടറുടെ ഉത്തരവിലെ ഒരു ഭാഗം മരവിപ്പിക്കുന്നതിനു പകരം ഉത്തരവ് മൊത്തത്തില്‍ റദ്ദാക്കിയത് നിലനില്‍ക്കുന്നതാണോയെന്ന കാര്യത്തിലാണ് നിയമോപദേശം തേടിയത്. കോടതിയില്‍ കമ്പനിക്ക് അനുകൂലമായ ഉത്തരവ് നിലവിലുണ്ടെന്ന റവന്യൂ ഉദ്യോഗസ്ഥരുടെ അവകാശവാദവും പരിശോധിക്കുന്നു.

English Summary: Ernakulam Kunnathunadu Wetland Filling

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com