ADVERTISEMENT

തിരുവനന്തപുരം∙ വീട് ജപ്തി ചെയ്യാനുള്ള നീക്കത്തിനിടെ വിദ്യാര്‍ഥിനിയും അമ്മയും ആത്മഹത്യ ചെയ്തു. മാരായമുട്ടം മലയില്‍ക്കട സ്വദേശിയും ബിരുദ വിദ്യാര്‍ഥിനിയുമായ വൈഷ്ണവി(19), അമ്മ ലേഖ(40) എന്നിവരാണു മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ലേഖ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വച്ചാണു മരണത്തിനു കീഴടങ്ങിയത്. ലേഖയ്ക്ക് 90% പൊള്ളലേറ്റതായി നേരത്തേ മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചിരുന്നു. ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾക്കിടെയായിരുന്നു മരണം.

കാനറ ബാങ്കിന്റെ നെയ്യാറ്റിന്‍കര ബ്രാഞ്ചില്‍നിന്ന് കുടുംബം വീട് വയ്ക്കുന്നതിന് 5 ലക്ഷം രൂപ ലോണ്‍ എടുത്തിരുന്നതായി ലേഖയുടെ  ഭര്‍ത്താവ് പറയുന്നു. 8 ലക്ഷം തിരികെ അടച്ചതായും 4 ലക്ഷം കൂടി അടയ്ക്കാനുണ്ടെന്നാണ് ബാങ്ക് ഉദ്യോഗസ്ഥര്‍ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച വീട് ജപ്തി ചെയ്യാനിരിക്കെയാണ് ഇരുവരും തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പെണ്‍കുട്ടി ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നു ബാങ്കിനു മുന്നില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ തടിച്ചുകൂടി. നെയ്യാറ്റിന്‍കര-കാരക്കോണം റോഡ് നാട്ടുകാര്‍ ഉപരോധിച്ചു.

sucide-trivandrum

ലേഖയുടെ ഭര്‍ത്താവ് മരപ്പണിക്കാരനാണ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബമാണ്. വീട് വില്‍പ്പന നടത്തി കടം വീട്ടാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ചൊവ്വാഴ്ച വീട് ജപ്തി ചെയ്യുമെന്നറിയിച്ച് ബാങ്കില്‍നിന്ന് രാവിലെ ഫോണ്‍ കോള്‍ വന്നിരുന്നതായി ബന്ധുക്കള്‍ പറയുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു. തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് കേസ് കൊടുത്തതായി ബാങ്ക് അധികൃതര്‍ പറയുന്നു. സമയം നീട്ടി നല്‍കാന്‍ കുടുംബം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് സമയം നീട്ടി നല്‍കിയിരുന്നു. അതിന്റെ കാലാവധി ചൊവ്വാഴ്ച അവസാനിക്കുമെന്നും ബാങ്ക് അധികൃതര്‍ പറഞ്ഞു.

ഷെഡ്യൂള്‍ഡ് ബാങ്കായതുകൊണ്ട് സര്‍ക്കാരിനു പരിമിതിയുണ്ടെന്ന് നെയ്യാറ്റിന്‍കര എംഎല്‍എ കെ.എ. ആന്‍സലൻ പറഞ്ഞു‍. ശക്തമായ നിയമ നടപടികള്‍ ബാങ്കിനെതിരെ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജപ്തി നടപടികളില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായി പാറശാല എംഎല്‍എ സി.കെ. ഹരീന്ദ്രന്‍ പറഞ്ഞു. വീണ്ടും മനുഷ്യത്വരഹിതമായ നടപടികളുമായി ബാങ്ക് മുന്നോട്ടുപോയി. തുക തിരികെ അടയ്ക്കാന്‍ സാവകാശം കൊടുക്കാമായിരുന്നെന്നും എംഎല്‍എ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com