150 പേർ മുഖം മറച്ച് കള്ളവോട്ടു ചെയ്തു: വിവാദ പ്രസ്താവനയിലുറച്ച് ജയരാജന്‍
Mail This Article
കണ്ണൂർ∙ വോട്ടു ചെയ്യാനെത്തുന്നവര്‍ മുഖപടം മാറ്റണമെന്ന പ്രസ്താവനയിലുറച്ച് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍. മുഖം മറച്ചെത്തിയ വോട്ടര്‍മാര്‍ കള്ളവോട്ടു ചെയ്തു. ചില വോട്ടര്‍മാര്‍ മുഖാവരണം മാറ്റാന്‍ തയാറാകുന്നില്ല. പാമ്പുരുത്തിയില്‍ 50 പേരും പുതിയങ്ങാടിയില്‍ 100 പേരും മുഖപടം ധരിച്ചു കള്ളവോട്ട് ചെയ്തു. മുഖപടം ധരിക്കാന്‍ വാശിപിടിക്കുന്നത് കള്ളവോട്ടു ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ്. താന്‍ മുന്നോട്ടുവച്ചത് തിരഞ്ഞെടുപ്പ് ചട്ടപ്രകാരമുള്ള ആവശ്യമാണെന്നും ജയരാജന്‍ ശനിയാഴ്ച പറഞ്ഞു.
വോട്ടുചെയ്യാനെത്തുന്നവര്‍ പർദ മാറ്റണമെന്ന എം.വി. ജയരാജന്‍റെ പ്രസ്താവന ഏറെ വിവാദമായിരുന്നു. റീപോളിങ്ങിന്റെ തലേന്നു വീണുകിട്ടിയ അവസരം പ്രചാരണ ആയുധമാക്കി കോണ്‍ഗ്രസ് ജയരാജനെതിരെ രംഗത്തെത്തി. എന്നാൽ നിഖാബ് ധരിച്ചെത്തുന്നതില്‍ തെറ്റില്ലെന്നും പോളിങ് ഏജന്റ് ആവശ്യപ്പെട്ടാല്‍ മുഖം കാണിച്ചാൽ മതിയെന്നും പറഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വിവാദം മയപ്പെടുത്തി. അതേസമയം കാസർകോട് മണ്ഡലത്തിൽ നിഖാബ് ധരിച്ചെത്തുന്നവരെ പരിശോധിക്കാന്‍ പ്രത്യേക വനിത ഉദ്യോഗസ്ഥയെ നിയോഗിച്ചെന്ന് ജില്ലാ കലക്ടർ ഡി.സജിത് ബാബു മനോരമ ന്യൂസിനോട് പറഞ്ഞു.
വരിയിൽ നിൽക്കുമ്പോൾ തന്നെ മുഖപടം മാറ്റണമെന്നും ക്യാമറയിൽ മുഖം കൃത്യമായി പതിയുന്ന തരത്തിൽ മാത്രമേ വോട്ടു ചെയ്യാൻ അനുവദിക്കാവൂ എന്നുമാണ് എം.വി.ജയരാജന്റെ ആവശ്യം. ഇതിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. സിപിഎമ്മിന്റെ കള്ളവോട്ടു കണ്ടുപിടിച്ചതിന്റെ ജാള്യത മറച്ചുവയ്ക്കാന്‍ ഒരു സമൂഹത്തെ മുഴുവൻ സിപിഎം അധിക്ഷേപിക്കുന്നെന്നായിരുന്നു രാജ്മോഹന്‍ ഉണ്ണിത്താന്റെ ആരോപണം. വ്യക്തിസ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ ആര്‍ക്കും അവകാശമില്ലെന്നും പ്രസ്താവന പിന്‍വലിച്ച് ജയരാജന്‍ മാപ്പുപറയണമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.