പ്രജ്ഞയെ പുറത്താക്കണം: ബിജെപിയോട് ആവശ്യമുയർത്തി നിതീഷ്
Mail This Article
ന്യൂഡൽഹി∙ രാഷ്ട്രീയകേന്ദ്രങ്ങളെ അമ്പരപ്പിച്ച് ബിജെപിയോട് ഇടയുമെന്ന സൂചന നല്‍കി നിതീഷ് കുമാര്‍. ഗോഡ്സെ അനുകൂല പരാമര്‍ശത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രജ്ഞാ സിങിനെ പുറത്താക്കണമെന്നു ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍ ബിജെപിയോട് ആവശ്യപ്പെട്ടു. പ്രജ്ഞയുടെ പ്രസ്താവന വച്ചുപൊറുപ്പിക്കാനാവില്ലെന്നും ബിഹാര്‍ മുഖ്യമന്ത്രി പറഞ്ഞു.
പ്രജ്ഞാ സിങ് ഠാക്കൂറിന്റെ ഗോഡ്സെ സ്തുതിക്കു മാപ്പില്ലെന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും നേരത്തേ വ്യക്തമാക്കിയിരുന്നു. ഗോഡ്സെ രാജ്യസ്നേഹിയാണെന്ന വിവാദ പ്രസ്താവന പിന്‍വലിച്ച പ്രജ്ഞ മാപ്പു പറയണമെന്നു മോദി വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ബിജെപിയുടെ സഖ്യകക്ഷിയായ ജെഡിയുവും നിലപാടു വ്യക്തമാക്കിയത്.
ഗാന്ധിജി പാക്കിസ്ഥാന്റെ രാഷ്ട്രപിതാവാണെന്ന പ്രസ്താവിച്ച ബിജെപി നേതാവ് അനില്‍ സൗമിത്രയെ ബിജെപി പാർട്ടി പദവികളില്‍ നിന്നു പുറത്താക്കിയിരുന്നു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഹിന്ദു തീവ്രവാദി ഗോഡ്സെയാണെന്ന കമല്‍ഹാസന്‍റെ പ്രസ്താവനയോടു പ്രതികരിക്കുമ്പോഴായിരുന്നു സാധ്വി പ്രജ്ഞാ സിങ് ഠാക്കൂറിന്റെ ഗോഡ്സെ സ്തുതി. ഗോഡ്സെ രാജ്യസ്നേഹിയാണ്. രാജ്യസ്നേഹിയായിത്തന്നെ തുടരും. ഗോഡ്സെയെ ഭീകരവാദി എന്നു വിളിക്കുന്നവര്‍ ആത്മപരിശോധന നടത്തണമെന്നും ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ഥി കൂടിയായ പ്രജ്ഞ പറഞ്ഞു.
English Summary: Nitish Kumar says bjp should consider expelling sadhvi pragya