അന്ന് കോൺഗ്രസ് എംഎൽഎയോട് ബിജെപി ചോദിച്ചു: ‘ഞങ്ങളെ സഹായിക്കാമോ?’
Mail This Article
തമിഴ്നാട്, ബംഗാൾ, കേരളം, അസം എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലുമായിരുന്നു 2016ലെ തിരഞ്ഞെടുപ്പുകൾ.
2016: ‘കൈ’ വിട്ട് കേരളം, കൈവിട്ട കളിയുമായി ബിജെപി
തമിഴ്നാട്ടിൽ അണ്ണാഡിഎംകെ സര്‍ക്കാരും ബംഗാളിൽ തൃണമൂൽ കോൺഗ്രസും വീണ്ടും അധികാരത്തിലെത്തി. പുതുച്ചേരിയിൽ കോൺഗ്രസ് മുന്നിലെത്തിയപ്പോൾ അസമിൽ ബിജെപിക്കായിരുന്നു ജയം. കേരളത്തിൽ യുഡിഎഫിനെ തോൽപിച്ച് എൽഡിഎഫ് അധികാരത്തിലെത്തി. 2016ലെ കേരള നിയമസഭയിലേക്കുള്ള സീറ്റ്നില ഇങ്ങനെ:
കോൺഗ്രസിൽ നിന്ന് ‘ചലോ ചലോ’ ബിജെപി
അരുണാചൽ പ്രദേശിൽ കോൺഗ്രസ് ടിക്കറ്റിൽ ജയിച്ചവരെ ഒന്നടങ്കം തങ്ങളുടെ പാളയത്തിലെത്തിച്ച് സർക്കാരുണ്ടാക്കിയ അദ്ഭുതമാണ് ബിജെപി ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിനു സമ്മാനിച്ചത്. 2014ലെ തിരഞ്ഞെടുപ്പിൽ 60 അംഗസഭയിൽ 42 സീറ്റ് നേടി കോൺഗ്രസ് വൻവിജയം നേടിയിരുന്നു. നബാം തുക്കിയുടെ നേതൃത്വത്തിൽ കോൺഗ്രസ് മന്ത്രിസഭ അധികാരത്തിൽ വന്നു. എന്നാൽ സുവർണകാലം അധികം നീണ്ടില്ല. പാർട്ടിക്കുള്ളിൽ നേരത്തേ തന്നെ പുകഞ്ഞു കൊണ്ടിരുന്ന കലാപം തീയായി ആളിപ്പടർന്നു.
അതിനു മുൻപ് അൽപം അരുണാചൽ ചരിത്രം– 2011 ലാണു കോൺഗ്രസ് നേതാവ് നബാം തുകി അരുണാചലിൽ ആദ്യമായി അധികാരത്തിലെത്തുന്നത്. അദ്ദേഹത്തിന്റെ സഹോദരൻ നബാം റിബിയ സ്പീക്കറുമായി. സർക്കാർ മൂന്നാം വർഷത്തിലേക്കു കടക്കുന്ന ഘട്ടത്തിൽ ആരോഗ്യ–കുടുംബക്ഷേമ മന്ത്രി കലിഖോ പുലിനെ മന്ത്രിസഭയിൽനിന്ന് ഒഴിവാക്കിയതോടെയാണ് അരുണാചൽ നാടകത്തിനു തിരശ്ശീല ഉയരുന്നത്. ആരോഗ്യവകുപ്പിന് ആവശ്യമായ ഫണ്ട് ലഭിക്കുന്നില്ലെന്ന പുലിന്റെ പരാതിയാണ് മന്ത്രിസഭയിൽ അസ്വാരസ്യത്തിനിടയാക്കിയത്. തുടർന്ന് മന്ത്രിസ്ഥാനത്തു നിന്നു മാറ്റി. അതിനിടെ 2014ൽ കേന്ദ്രത്തിൽ ബിജെപി സർക്കാർ വന്നു. അരുണാചൽ ഗവർണറായി ജ്യോതി പ്രസാദ് രാജ്ഖോവയും എത്തിയതോടെ രംഗം കൊഴുത്തു.
ഏതുവിധേനയും അരുണാചൽ പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തിലായിരുന്നു ബിജെപിയുടെ കരുനീക്കങ്ങൾ. അതിനിടെ ബിജെപിക്ക് ‘കരുത്ത്’ പകർന്ന് കാലിഖോ പുലിന്റെ നേതൃത്വത്തിലുള്ള വിമതവിഭാഗവും കളി തുടങ്ങി. 14 കോൺഗ്രസ് എംഎൽഎമാരെ സഭയിൽനിന്ന് സ്പീക്കർ അയോഗ്യരാക്കുന്നത് ഈ സമയത്താണ്. സ്പീക്കർ തന്നെ പിന്നീട് ഈ നടപടി റദ്ദാക്കി. നിയമസഭാമന്ദിരം പൂട്ടിയിടാനും അദ്ദേഹം നിർദേശം നൽകി. ഹോട്ടൽമുറിയിൽ നിയമസഭാ സമ്മേളനം ചേരുക എന്ന അപൂർവ സംഭവത്തിനാണു പിന്നീട് അരുണാചൽ സാക്ഷ്യം വഹിച്ചത്. ഈ സമ്മേളനം സ്പീക്കറെ നീക്കം ചെയ്തു. കോൺഗ്രസ് വിമതർ യോഗം ചേർന്നു നബാം തുകിയെയും പുറത്താക്കി. പകരം കലിഖോ പുലിനെ നേതാവായി തിരഞ്ഞെടുത്തു. ബിജെപി പിന്തുണയോടെ പുൽ മുഖ്യമന്ത്രിയാവുകയും ചെയ്തു.
14 കോൺഗ്രസ് എംഎൽഎമാരെ അയോഗ്യരാക്കിയ നടപടി 2016 ജനുവരിയിൽ സുപ്രീം കോടതി സ്റ്റേ ചെയ്തതോടെ കേന്ദ്രസർക്കാർ സംസ്ഥാനത്തു രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. ഇതിനെതിരെ കോൺഗ്രസും നബാം തുകിയും സുപ്രീം കോടതിയെ സമീപിച്ചു. രാഷ്ട്രപതി ഭരണത്തിനെതിരെ സുപ്രീം കോടതിയുടെ പരാമർശം ഉണ്ടായതോടെ അതു പിൻവലിച്ചു. മുഖ്യമന്ത്രിയായി വീണ്ടും പുൽ അധികാരമേറ്റു. എന്നാൽ, പുലിനെ മുഖ്യമന്ത്രിയാക്കിയതു ഭരണഘടനാവിരുദ്ധമാണെന്ന സുപ്രീം കോടതി പരാമർശം വന്നതോടെ പുൽ രാജി വച്ചു. അങ്ങനെ നിയമനടപടികളിലെ വിജയത്തിലൂടെ കോൺഗ്രസ് തിരികെ അധികാരത്തിൽ.
നബാം തുകി വീണ്ടും മുഖ്യമന്ത്രിയായി. എന്നാൽ പാർട്ടിയിലെ ഉൾപ്പോരിനൊടുവിൽ കോൺഗ്രസ് നിയമസഭാകക്ഷിയിൽ തുകിക്കു ഭൂരിപക്ഷമില്ലാതെ വന്നതോടെ ഒത്തുതീർപ്പു ഫോർമുല പ്രകാരം ജൂലൈ 17നു പേമ ഖണ്ഡു മുഖ്യമന്ത്രിയായി. കലിഖോ പുലും അദ്ദേഹത്തോടൊപ്പം നിന്നവരും പേമയ്ക്കു പിന്തുണ പ്രഖ്യാപിച്ചു. അറുപതംഗ നിയമസഭയിൽ 45 കോൺഗ്രസ് എംഎൽഎമാരും രണ്ടു സ്വതന്ത്രരും ഉൾപ്പെടെ 47 അംഗങ്ങളുടെ പിന്തുണയായിരുന്നു പേമ ഖണ്ഡുവിനുണ്ടായിരുന്നത്.
അതിനിടെ അരുണാചലിനെ ഞെട്ടിച്ചു കൊണ്ട് 2016 ഓഗസ്റ്റിൽ കലിഖോ പുൽ ആത്മഹത്യ ചെയ്തു. പിന്നീടു സെപ്റ്റംബറിലായിരുന്നു സംസ്ഥാനത്തെ ഞെട്ടിച്ച അടുത്ത സംഭവം– മുഖ്യമന്ത്രി പേമ ഖണ്ഡുവും 42 എംഎൽഎമാരും കൂട്ടത്തോടെ കോൺഗ്രസിൽനിന്നു കാലുമാറി പീപ്പിൾസ് പാർട്ടി ഓഫ് അരുണാചലിൽ (പിപിഎ) ചേർന്നു. ബിജെപി സഖ്യകക്ഷിയായിരുന്നു പിപിഎ. അതോടെ കോൺഗ്രസിനു ഭരണം പോയി. അന്നു കോൺഗ്രസിൽ ബാക്കിനിന്നത് ഒരേയൊരു എംഎൽഎ മാത്രം – മുൻ മുഖ്യമന്ത്രി നബാം തുകി.
പിപിഎയിലും പേമ ഖണ്ഡു അധികകാലം തുടർന്നില്ല. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് 2016 ഡിസംബറിൽ ഖണ്ഡു, ഉപമുഖ്യമന്ത്രി ചൊവ്‌ന മിൻ എന്നിവരെയും അഞ്ച് എംഎൽഎമാരെയും പിപിഎ പ്രസിഡന്റ് ഖാഫ ബെൻകിയ പ്രാഥമികാംഗത്വത്തിൽ നിന്നു സസ്പെൻഡ് ചെയ്തു. ടകാം പാരിയോയെ പുതിയ മുഖ്യമന്ത്രിയായി പിപിഎ തിരഞ്ഞെടുക്കുകയും ചെയ്തു. എന്നാൽ എംഎൽഎമാരിൽ ഭൂരിപക്ഷവും ഖണ്ഡുവിനു പിന്തുണ പ്രഖ്യാപിച്ചതോടെ കഥ മാറി. 32 എംഎൽഎമാരെയും കൂട്ടി പേമ ബിജെപിയിലെത്തി. 2016 ഡിസംബറിൽ ബിജെപി പുതിയ സർക്കാർ രൂപീകരിച്ചു. അരുണാചലിന്റെ ചരിത്രത്തിലാദ്യമായി ബിജെപി ഒറ്റയ്ക്ക് അധികാരത്തിൽ– 2017 പുലർന്നത് അങ്ങനെയായിരുന്നു.
ആ വർഷം ഡിസംബറിൽ പക്കെ കേസാങ്, ലികാബാലി മണ്ഡലങ്ങളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ രണ്ടിലും ബിജെപിക്കായിരുന്നു വിജയം. മുൻ ഉപ മുഖ്യമന്ത്രി കെംേങ് ദോലോയുടെ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയതിനെത്തുടർന്നായിരുന്നു പക്കെ കേസാങ്ങില്‍ ഉപതിരഞ്ഞെടുപ്പ്. കോൺഗ്രസ് ടിക്കറ്റിൽ ജയിച്ച് ബിജെപിയിലേക്കു മാറിയ ജോം ദെകേനയുടെ നിര്യാണത്തെത്തുടർന്ന് ലികാബാലിയിലും. നിലവിൽ 60 അംഗ നിയമസഭയിൽ ബിജെപിക്ക് 48 എംഎൽഎമാരാണുള്ളത്. പിപിഎയ്ക്ക് അഞ്ചും. കോൺഗ്രസിനും അഞ്ച് എംഎൽഎമാർ. രണ്ടു പേർ സ്വതന്ത്രരാണ്.
* പാർട്ടി ടിക്കറ്റ് നിഷേധിച്ചതിനെത്തുടർന്ന് ബിജെപിയുടെ രണ്ട് മന്ത്രിമാരുൾപ്പെടെ എട്ട് എംഎൽഎമാർ മേഘാലയയിലെ കോൺറാഡ് സാങ്മയുടെ നേതൃത്വത്തിലുള്ള നാഷനൽ പീപ്പിൾസ് പാർട്ടിയിൽ(എൻപിപി) ചേർന്നതാണ് സംസ്ഥാനത്തു നിന്നുള്ള ഏറ്റവും അടുത്തകാലത്തെ ചൂടുള്ള വാർത്ത. അതിനിടെയാണ് ലോക്സഭാ തിരഞ്ഞെടുപ്പെത്തിയതും.
2017: ഏഴിൽ ആറിലും വിജയം, ഒപ്പം ബിജെപിയുടെ ‘ഗോവ മാജിക്’
2016 നവംബർ എട്ടിലെ നോട്ടുനിരോധനത്തിനു ശേഷം ബിജെപിയുടെ നെഞ്ചിടിപ്പേറ്റിയ നിയമസഭാ തിരഞ്ഞെടുപ്പുകൾ നടന്ന വർഷമായിരുന്നു 2017. പക്ഷേ തിരഞ്ഞെടുപ്പ് നടന്ന ഏഴിൽ ആറു സംസ്ഥാനങ്ങളും ‘കാവി’ പുതച്ചു. ഉത്തർപ്രദേശ്, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ ബിജെപി മുന്നിലെത്തി. പക്ഷേ പഞ്ചാബിൽ വിജയം കോൺഗ്രസിനൊപ്പമായിരുന്നു. ഗോവയിലും മണിപ്പുരിലും കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും ചെറുകക്ഷികളെ ഒപ്പം ചേർത്തുള്ള ബിജെപി ‘മാജിക്കിനു’ മുന്നിൽ അടിപതറി.
ഗോവയിൽ 40 അംഗ സഭയിൽ 17 സീറ്റു നേടി ഒറ്റക്കക്ഷിയായെങ്കിലും കോൺഗ്രസിനു സർക്കാർ രൂപീകരിക്കാനായില്ല. ഭരണം പിടിച്ചതു 13 സീറ്റ് മാത്രമുള്ള ബിജെപി. കോൺഗ്രസിലെ ഒരംഗത്തെ അടർത്തിയെടുത്തതു കൂടാതെ മറ്റു പാർട്ടികളിലെ 10 എംഎൽഎമാരുടെ പിന്തുണ കൂടി നേടിയെടുത്തായിരുന്നു ബിജെപി ഭരണം പിടിച്ചത്. മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി (എംജിപി–3), ഗോവ ഫോർവേഡ് പാർട്ടി (ജിഎഫ്പി– 3), സ്വതന്ത്രർ (3), എൻസിപി (1) എന്നിങ്ങനെയാണു ബിജെപിക്കു പിന്തുണ പ്രഖ്യാപിച്ചത്.
2019 മാർച്ചിൽ വീണ്ടുമൊരു രാഷ്ട്രീയ ചരടുവലിക്കും ഗോവ സാക്ഷ്യം വഹിച്ചു. എംജിപിയുടെ 3 എംഎൽഎമാരിൽ രണ്ടു പേർ ബിജെപിയിൽ ലയിച്ചു. എംജിപിയുടെ നിയമസഭാകക്ഷി ബിജെപിയിൽ ലയിക്കുകയാണെന്നു കാണിച്ച് 2 എംഎൽഎമാർ ഒപ്പിട്ട കത്ത് സ്പീക്കർ മൈക്കൽ ലോബോയ്ക്കു കൈമാറുകയായിരുന്നു. നിയമസഭാ കക്ഷിയിലെ മൂന്നിൽ രണ്ട് അംഗങ്ങൾ ലയിച്ചതിനാൽ കൂറുമാറ്റ നിരോധന നിയമവും ബാധകമായില്ല.
എംജിപി ഉപേക്ഷിച്ച് ബിജെപിയിൽ ചേർന്ന മനോഹർ അജ്‌ഗാവോങ്കറിനെയും ദീപക് പവാസ്കറിനെയും ഉയർന്ന സ്ഥാനങ്ങളാണു കാത്തിരുന്നത്. ടൂറിസം മന്ത്രിയായിരുന്ന മനോഹറിനെ ഉപമുഖ്യമന്ത്രിയാക്കി. ദീപക്കിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഇവരോടൊപ്പം ചേരാത്ത എംജിപി എംഎൽഎയും ഉപമുഖ്യമന്ത്രിയുമായ സുദിൻ ധവാലികറിനെ മന്ത്രിസഭയിൽനിന്നു പുറത്താക്കി. ബിജെപിയുമായി തെറ്റിപ്പിരിഞ്ഞ സുദിൻ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇത്തവണ തെക്കൻ ഗോവയിൽ നിന്നു മത്സരിക്കുന്നുണ്ട്. നിയമസഭാ ഉപതിരഞ്ഞെടുപ്പു നടക്കുന്ന 3 മണ്ഡലങ്ങളിലും എംജിപി മത്സരിക്കുന്നുണ്ട്.
മുഖ്യമന്ത്രിയായിരുന്ന ബിജെപിയുടെ മനോഹർ പരീക്കറിന്റെ നിര്യാണത്തെ തുടർന്ന് നിലവിൽ പ്രമോദ് സാവന്താണ് ഗോവ മുഖ്യമന്ത്രി. ഷിരോദയിലെയും മാൻഡ്രിമിലെയും കോൺഗ്രസ് എംഎൽഎമാരായ സുഭാഷ് ശിരോദ്കർ, ദയാനന്ദ് സോപ്തെ എന്നിവർ രാജിവച്ചു ബിജെപിയിൽ ചേർന്നതിനെത്തുടർന്ന് ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം ഏപ്രിൽ 23ന് ഉപതിരഞ്ഞെടുപ്പ് നടന്നിരുന്നു. മാപുസയിൽ ബിജെപി എംഎൽഎ ഫ്രാന്‍സിസ് ഡിസൂസ അന്തരിച്ചതിനെത്തുടർന്നും 23ന് ഉപതിരഞ്ഞെടുപ്പ് നടത്തി. പരീക്കറുടെ മണ്ഡലമായ പനജിയിൽ മേയ് 19നായിരുന്നു ഉപതിരഞ്ഞെടുപ്പ്. കേവല ഭൂരിപക്ഷമുള്ളതിനാൽത്തന്നെ ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യ സർക്കാരിന് ഈ ഉപതിരഞ്ഞെടുപ്പുകളൊന്നും ഭീഷണിയുമാകില്ല.
ബിജെപി ചോദിച്ചു: ‘സഹായിക്കാമോ?’
2017ല്‍ മണിപ്പുരിലെ 60 അംഗ നിയമസഭയിൽ 28 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായത് കോൺഗ്രസ്. എന്നാൽ, 21 സീറ്റ് നേടിയ ബിജെപിക്കാണു മന്ത്രിസഭ രൂപീകരിക്കാനുള്ള ക്ഷണം ലഭിച്ചതും മന്ത്രിസഭയുണ്ടാക്കിയതും. നാലു സീറ്റ് വീതം നേടിയ നാഗാ പീപ്പിൾസ് ഫ്രണ്ട്(എൽപിഎഫ്), നാഷനൽ പീപ്പിൾസ് പാർട്ടി(എൻപിപി) എന്നിവയും ഒരു സീറ്റ് നേടിയ ലോക്ജനശക്തിയും (എൽജെപി) ബിജെപിയെ പിന്തുണച്ചു. കേവലഭൂരിപക്ഷം തികയ്ക്കാൻ അപ്പോഴും ഒരു സീറ്റു കൂടി വേണം. ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ തന്നെ അപൂർവ നിമിഷത്തിനാണു പിന്നീട് മണിപ്പുര്‍ സാക്ഷ്യം വഹിച്ചത്. കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചു ജയിച്ച തൗനാവോജം ശ്യാംകുമാർ സിങ്ങിനെ ബിജെപി പിന്തുണ തേടി സമീപിച്ചു. ഭൂരിപക്ഷം തെളിയിക്കാൻ രാജ്ഭവനിലെത്തിയ ബിജെപിയുടെ 31 അംഗ സംഘത്തോടൊപ്പം ശ്യാംകുമാർ സിങ്ങുമുണ്ടായിരുന്നു, അതും കോൺഗ്രസിൽ നിന്നു രാജി പോലും വയ്ക്കാതെ. തൊട്ടുപിന്നാലെ മന്ത്രിസഭയിലും അംഗമായി ശ്യാംകുമാർ.
കൂറുമാറ്റ നിയമത്തിലൂടെ ഇദ്ദേഹത്തെ അയോഗ്യനാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടും മണിപ്പുർ ഹൈക്കോടതിയെ സമീപിച്ചിട്ടും ഇതുവരെ ഒന്നും സംഭവിച്ചില്ല. സഭയിൽ വിശ്വാസ വോട്ടെടുപ്പു ദിവസം, അതുവരെ ഒളിവിലായിരുന്ന സ്വതന്ത്ര എംഎൽഎ അഷബ് ഉദ്ദിൻ കൂടി ബിജെപിക്കു പിന്തുണയറിയിച്ച് എത്തിയതോടെ 32 പേരുടെ പിന്തുണയോടെ സർക്കാർ അധികാരത്തിലെത്തി. തൃണമൂൽ കോൺഗ്രസിന്റെ ഒരേയൊരു എംഎൽഎ ടി.റോബിന്ദ്രോ സിങ്ങും ബിജെപിക്കു പിന്തുണയറിയിച്ചു. കേന്ദ്ര നേതൃത്വത്തിന്റെ അറിവോടെയാണു പിന്തുണച്ചതെന്ന് റോബിന്ദ്രോ പറഞ്ഞെങ്കിലും നേതൃത്വം ഇക്കാര്യം തള്ളി. ഇക്കഴിഞ്ഞ ഒന്നര വർഷത്തിനിടെ പലപ്പോഴായി കോൺഗ്രസിൽനിന്നു ഒൻപതു പേരെ തങ്ങളുടെ പക്ഷത്ത് എത്തിക്കാനും ബിജെപിക്കു കഴിഞ്ഞു. കോൺഗ്രസിന്റെ അംഗസംഖ്യ 19 ആയി കുറയുകയും ചെയ്തു. ബിജെപിയുടെ എൻ.ബീരേൻസിങ്ങാണ് നിലവിൽ മണിപ്പുർ മുഖ്യമന്ത്രി.
(പരമ്പര 3: വളർന്നും തളർന്നും ബിജെപി–2018ൽ സംഭവിച്ചത്...)