കേരളത്തിൽ സീറ്റില്ല, വോട്ട് നേട്ടമാക്കി എന്‍ഡിഎ; തുഷാറിന് വോട്ടു കുറഞ്ഞു
Mail This Article
തിരുവനന്തപുരം∙ കേരളത്തില്‍ അക്കൗണ്ട് തുറക്കണമെന്ന ആഗ്രഹം നടന്നില്ലെങ്കിലും ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണിയുടെ വോട്ടുവിഹിതത്തില്‍ വര്‍ധന. 2014ല്‍ 19,44,204 വോട്ടാണ് കിട്ടിയതെങ്കില്‍ 2019ല്‍ വോട്ടുവിഹിതം 31,70,016 ആയി ഉയര്‍ന്നു. അധികമായി കിട്ടിയത് 12,25,812 വോട്ട്.
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎക്ക് 10.91% വോട്ടുകളാണ് ലഭിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ 15.01%. 2019ലെ തിരഞ്ഞെടുപ്പില്‍ വോട്ടുവിഹിതം 15.53 ശതമാനവുമായി ഉയര്‍ന്നു. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പ് കണക്കിലെടുക്കുമ്പോള്‍ വോട്ട് വിഹിതത്തില്‍ വലിയ വര്‍ധനവുണ്ടെങ്കിലും നിയമസഭ തിരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തിയാല്‍ വലിയ വര്‍ധനയില്ല.
എന്‍ഡിഎ സ്ഥാനാര്‍ഥികളില്‍ കൂടുതല്‍ വോട്ടു നേടിയത് തിരുവനന്തപുരം മണ്ഡലത്തില്‍ മത്സരിച്ച കുമ്മനം രാജശേഖരനാണ്. 3,16,142 വോട്ട്. രണ്ടാം സ്ഥാനത്ത് പത്തനംതിട്ടയില്‍ മത്സരിച്ച കെ.സുരേന്ദ്രന്‍. 2,95,627 വോട്ട്. മൂന്നാം സ്ഥാനത്ത് തൃശൂരില്‍ മത്സരിച്ച സുരേഷ്ഗോപി. 2,93,822 വോട്ട്. ശോഭാ സുരേന്ദ്രന്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ 2,48,081 വോട്ടുകള്‍ നേടി. കാസര്‍ഗോഡ്, കോഴിക്കോട്, പൊന്നാനി, പാലക്കാട്, ചാലക്കുടി, എറണാകുളം, കോട്ടയം, ആലപ്പുഴ, മാവേലിക്കര, കൊല്ലം എന്നിവിടങ്ങളില്‍ 1ലക്ഷത്തിലധികം വോട്ട് നേടാനായി.
ലഭിച്ച വോട്ടില്‍ മുന്നിലെത്തിയെങ്കിലും വോട്ട് വിഹിതം വര്‍ധിപ്പിക്കുന്നതില്‍ കുമ്മനം പിന്നിലാണ്. ഒ.രാജഗോപാല്‍ നേടിയതിനേക്കാള്‍ 33,806 വോട്ടുകള്‍ അധികമായി നേടാനേ കുമ്മനത്തിനു കഴിഞ്ഞുള്ളൂ. തൃശൂരില്‍ 1,91,141 വോട്ടുകളാണ് സുരേഷ്ഗോപി പുതുതായി പിടിച്ചത്.
ആറ്റിങ്ങല്‍ മണ്ഡലത്തില്‍ മത്സരിച്ച ശോഭാ സുരേന്ദ്രന്‍ 1,57,553 വോട്ടും പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന്‍ 1,56,673 വോട്ടും പുതുതായി പിടിച്ചു. വയനാട് മത്സരിച്ച ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്ക് 2014ല്‍ മത്സരിച്ച രശ്മിനാഥിനേക്കാള്‍ 1,943 വോട്ട് കുറഞ്ഞു. എന്‍ഡിഎ സ്ഥാനാര്‍ഥികളില്‍ വോട്ടു കുറഞ്ഞ ഒരേയൊരാളും തുഷാറാണ്.