ADVERTISEMENT

മുംബൈ ∙ ബിനോയ് കോടിയേരിക്കെതിരെ ബിഹാര്‍ സ്വദേശിനി നല്‍കിയ ലൈംഗികാരോപണ കേസില്‍ അന്വേഷണം ആരംഭിച്ചതായും ഏതാനും വര്‍ഷം പഴക്കമുള്ള കേസ് ആയതിനാല്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും അന്ധേരി ഓഷിവാര പൊലീസ് സീനിയര്‍ ഇന്‍സ്പെക്ടര്‍ ശൈലേഷ് പാസാൽക്കർ മനോരമയോട് പറഞ്ഞു. യുവതിയുടെ ആരോപണത്തിൽ ഈ മാസം 13നാണു എഫ്‌ഐആർ റജിസ്റ്റർ ചെയ്തത്.

വിവാഹ വാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം ശാരീരിക ബന്ധം പുലര്‍ത്തിയെന്നും ആ ബന്ധത്തില്‍ 8 വയസ്സുള്ള മകനുണ്ടെന്നുമാണ് പരാതിയിലെ ആരോപണം. 2009 മുതല്‍ 2015 വരെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി ഉപയോഗിച്ചു, വഞ്ചിച്ചു, ഭീഷണിപ്പെടുത്തി എന്നീ കുറ്റങ്ങളാണ് യുവതി ആരോപിച്ചിരിക്കുന്നത്. അന്ധേരി ഓഷിവാര പൊലീസ് എഫ്ആര്‍ആര്‍ റജിസ്റ്റര്‍ ചെയ്തു. യുവതിയെ അറിയാമെന്നും പരാതി വസ്തുതാവിരുദ്ധമാണെന്നുമാണ് ബിനോയ് പ്രതികരിച്ചത്.

എഫ്‌ഐആറില്‍ യുവതിയുടെ ആരോപണങ്ങള്‍ ഇങ്ങനെ:

Binoy Kodiyeri - FIR
മുംബൈ പൊലീസ് റജിസ്റ്റർ‌ ചെയ്ത എഫ്ഐആറിന്റെ പകർപ്പ്

ബിഹാര്‍ സ്വദേശിയായ തനിക്ക് എട്ട് സഹോദരിമാരുണ്ട്. പിതാവ് മരണമടഞ്ഞതിനെത്തടുര്‍ന്ന്, മുംബൈയില്‍ വിവാഹം കഴിപ്പിച്ചിട്ടുള്ള മൂത്ത സഹോദരിയുടെ അടുത്തേക്ക് മാതാവിനൊപ്പം വരികയായിരുന്നു. 2007ല്‍ ഡാന്‍സ് പഠിക്കാന്‍ പോയ താന്‍ 2009ല്‍ ദുബായിലെ ബാറില്‍ ഡാന്‍സര്‍ ആയി ജോലിക്കു ചേര്‍ന്നു. അവിടെ പതിവായി വന്നിരുന്ന ആളെന്ന നിലയിലാണ് ബിനോയിയുമായുള്ള പരിചയം തുടങ്ങുന്നത്. കേരളത്തില്‍ നിന്നാണെന്നും അവിവാഹിതനാണെന്നും ദുബായില്‍ റിയല്‍ എസ്റ്റേറ്റ് രംഗത്താണെന്നുമാണ് പറഞ്ഞത്.

സൗഹൃദം വളര്‍ന്നപ്പോള്‍, സമ്മാനങ്ങള്‍ നല്‍കി. കൂടിക്കാഴ്ച പതിവായി. ഡാന്‍സ് ബാറിലെ ജോലി നിര്‍ത്തിയാല്‍ വിവാഹം കഴിക്കാമെന്നും ബിനോയ് വാഗ്ദാനം നല്‍കി. തുടര്‍ന്ന് വിവാഹ വാഗ്ദാനത്തില്‍ വിശ്വസിച്ച് ബിനോയിയുടെ വീട്ടില്‍ വച്ച് ശാരീരിക ബന്ധത്തിനു വഴങ്ങി. 2009 നവംബറില്‍ ഗര്‍ഭിണിയായി. തുടര്‍ന്ന് മുംബൈയിലേക്ക് തിരിച്ചു. അന്ധേരിയിലെ ഹോട്ടലിലാണ് മൂന്നു ദിവസം ബിനോയിക്കൊപ്പം താമസിച്ചത്. തന്റെ മാതാവും സഹോദരിയുമെത്തി. വിവാഹം കഴിക്കുമെന്ന് ബിനോയ് ഉറപ്പു നല്‍കുകയും ചെയ്തു.

2010 ഫെബ്രുവരിയില്‍ അന്ധേരി വെസ്റ്റില്‍ ബിനോയ് ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത് തന്നെ അവിടേക്കു മാറ്റി. ഇതിനിടെ ദുബായില്‍ നിന്ന് എല്ലാ മാസവുമെന്നോണം വന്നുപോയി. 2010 ജൂലൈ 22ന് അന്ധേരിയിലെ ആശുപത്രിയിലണ് ആണ്‍കുഞ്ഞിനു ജന്മം നല്‍കിയത്. തുടര്‍ന്ന് വീടിന്റെ വാടകക്കരാര്‍ കഴിയുമ്പോള്‍ പുതുക്കുകയോ പുതിയ വീട് എടുത്തു നല്‍കുകയോ ചെയ്തുപോന്നു. എല്ലാ മാസവും പണവും അയച്ചിരുന്നു. എന്നാല്‍, 2015ല്‍ ബിസിനസ് മോശമാണെന്നും ഇനി പണം നല്‍കുക പ്രയാസമാണെന്നും അറിയിക്കുകയായിരുന്നു. ഇക്കാലമത്രയും വീട്ടുകാരെ അറിയിക്കണമെന്നും അവരെ കാണമെന്നും വിവാഹം വേഗം നടത്തണമെന്നും താന്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നു.‍

എന്നാല്‍, 2015നു ശേഷം വിളിച്ചാല്‍ പലപ്പോഴും ഫോണ്‍ എടുക്കുന്നതു കുറഞ്ഞു. 2018ല്‍ ബിനോയ്‌ക്കെതിരെ സാമ്പത്തിക തട്ടിപ്പു കേസ് ഉയര്‍ന്നുവന്നു. ഈ സമയത്ത് ഫെയ്‌സ്ബുക്കില്‍ പടം കണ്ടപ്പോഴാണ് ബിനോയ് വിവാഹിതനാണെന്നു തിരിച്ചറിഞ്ഞത്. ഇക്കാര്യം ചോദിച്ചപ്പോള്‍ ആദ്യം കൃത്യമായ മറുപടില്ലായിരുന്നു. പിന്നീട് ഭീഷണി തുടങ്ങി. ഫോണ്‍ എടുക്കാതെയായി - എഫ്‌ഐആര്‍ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com