മക്കൾ ചെയ്ത കുറ്റത്തിന് അച്ഛനേയും പാർട്ടിയേയും ആക്രമിക്കുന്നു: പി.ജയരാജൻ
Mail This Article
കണ്ണൂർ∙ പി. ജയരാജൻ എന്ന തന്റെ പേരിന്റെ ചുരുക്കപ്പേരായി പിജെ എന്നുപയോഗിച്ച് പാർട്ടി നിലപാടിനു വ്യത്യസ്തമായി സമൂഹമാധ്യമ പ്രചാരണം നടത്തുന്നവർ അതിൽ നിന്നു പിൻമാറണമെന്ന് സിപിഎം സംസ്ഥാന സമിതിയംഗം പി.ജയരാജൻ. തിരഞ്ഞെടുപ്പ് കാലത്ത് ഈ പേരുപയോഗിച്ചുള്ള ഗ്രൂപ്പുകൾ പ്രചാരണത്തിൽ ഇടതുപക്ഷത്തെ സഹായിച്ചു. എന്നാൽ തിരഞ്ഞെടുപ്പിനു ശേഷം ഈ ഗ്രൂപ്പുകൾ പലതും പാർട്ടി നിലപാടല്ല പ്രചരിപ്പിക്കുന്നത്. ഈ ഗ്രൂപ്പുകൾ പിജെ എന്ന പേരിൽ മാറ്റം വരുത്തണമെന്ന് ഫെയ്സ്ബുക്ക് പേജിലൂടെ ജയരാജൻ ആവശ്യപ്പെട്ടു.
സിപിഎം അംഗങ്ങൾ അഭിപ്രായം പാർട്ടി ഘടകത്തിലാണ് ഉന്നയിക്കേണ്ടത്. പാർട്ടിയെ സ്നേഹിക്കുന്ന അനുഭാവികൾ എതിരാളികൾക്ക് ആയുധം കൊടുക്കുന്ന സമീപനം സ്വീകരിക്കരുതെന്നും ജയരാജൻ പറയുന്നു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയിക്കെതിരായ കേസിനെക്കുറിച്ചുള്ള പ്രചാരണം ചൂണ്ടിക്കാട്ടിയാണു ജയരാജന്റെ പോസ്റ്റ്.
ഇത്തരം വിഷയങ്ങളിൽ സാധാരണ അംഗത്തിനെതിരെ പോലും ആരോപണം ഉയർന്നാൽ നടപടി എടുക്കുന്ന പാർട്ടിയാണു സിപിഎം. മക്കൾ ചെയ്ത കുറ്റത്തിന്റെ പേരിൽ, പാർട്ടി നേതാവായ അച്ഛനെയും പാർട്ടിയെയും ആക്രമിക്കുന്നതു തുടരുകയാണ്. നേതാക്കളുടെ മക്കളുടെ ജോലിയും മറ്റും ചൂണ്ടിക്കാട്ടി നേതാക്കളെ വ്യത്യസ്ത തട്ടുകളിലാക്കാൻ നവ മാധ്യമങ്ങളിലൂടെ ശ്രമം നടക്കുന്നുണ്ട്. തന്റെ മകൻ ഏതോ അവസരത്തിൽ കല്ല് ചുമന്നതും മറ്റൊരു മകൻ ഹോട്ടൽ ജോലി ചെയ്യുന്നതും സുഹുത്തുക്കൾ തമാശയ്ക്ക് ചിത്രമെടുത്ത് പോസ്റ്റ് ചെയ്തത് ഇതിനായി ഉപയോഗിക്കുന്നുണ്ട്. എല്ലാവരും ഇതു സദുദ്ദേശ്യത്തോടെയല്ല ചെയ്യുന്നതെന്നും പോസ്റ്റിൽ പറയുന്നു.
പി. ജയരാജൻ സമൂഹമാധ്യമത്തിലിട്ട കുറിപ്പിന്റെ പൂർണരൂപം
സാമൂഹ്യ മാധ്യമങ്ങളില്‍ തുറന്ന സംവാദം അഭികാമ്യമാണ്. എന്നാല്‍ ഈ സംവാദങ്ങള്‍ നടത്തുന്ന ചില ഗ്രൂപ്പുകളുടെ പേരുകളില്‍ "പിജെ" എന്നത് ചേര്‍ത്ത് കാണുന്നുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പു ഘട്ടത്തില്‍ സ്ഥാനാര്‍ഥിക്കു പിന്തുണയുമായി പല സഖാക്കളും സുഹൃത്തുക്കളും സാമൂഹ്യ മാധ്യമങ്ങളിൽ ഇടപെട്ടിരുന്നു. അത് തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഇടതുപക്ഷത്തെ സഹായിച്ചു. എന്നാല്‍ തിരഞ്ഞെടുപ്പിനുശേഷം മേല്‍പറഞ്ഞ പേരുകളിലുള്ള ഗ്രൂപ്പുകള്‍ സിപിഎമ്മിന്റെ നിലപാടുകളില്‍നിന്നും വ്യത്യസ്തമായ പ്രചരണങ്ങള്‍ നടത്തുന്നതായി മനസിലാക്കുന്നു. ഇത് ആശാസ്യമല്ല. അതിനാല്‍ "പിജെ" എന്നത് എന്‍റെ ചുരുക്കപ്പേരായി കരുതുന്ന ഗ്രൂപ്പുകള്‍ അതിന്‍റെ പേരില്‍ മാറ്റം വരുത്തണം.
സിപിഎമ്മിന്റെ മെംബര്‍മാര്‍ അഭിപ്രായങ്ങള്‍ അവരവരുടെ പാര്‍ട്ടി ഘടകങ്ങളിലാണ് ഉന്നയിക്കേണ്ടത്. പാര്‍ട്ടിയെ സ്നേഹിക്കുന്ന അനുഭാവികളും എതിരാളികള്‍ക്ക് ആയുധം കൊടുക്കുന്ന സമീപനം സ്വീകരിക്കരുത്. സിപിഎം അനുകൂല പ്രചരണം നടത്തുന്ന ഫെയ്സ്ബുക്ക് പേജുകളില്‍ ചിലത് ചില ഘട്ടങ്ങളില്‍ പാര്‍ട്ടിവിരുദ്ധ പോസ്റ്ററുകള്‍ പ്രചരിപ്പിക്കുന്നതായി കാണുന്നുണ്ട്. ഇതും തിരുത്തണം.
ഏത് വിഷയവും പാര്‍ട്ടിയെ അടിക്കാനുള്ള ആയുധമായാണ് എതിരാളികള്‍ പ്രയോജനപ്പെടുത്തുന്നത്. കോണ്‍ഗ്രസിന്‍റെ സമുന്നതരായ നേതാക്കള്‍ സ്ത്രീപീഡന - അഴിമതി കേസുകളില്‍ പ്രതികളായിട്ടും ഉന്നത നേതാക്കളായി തന്നെ തുടരുകയാണ്. ഇത് ബിജെപിക്കും ബാധകമാണ്. അവരുടെ പേരുകള്‍ നാട്ടിലാകെ ജനങ്ങള്‍ക്കറിയാം.
ഇത്തരം വിഷയങ്ങളില്‍ സാധാരണ മെംബര്‍ക്കെതിരെ പോലും ആരോപണം ഉയര്‍ന്നാല്‍ അന്വേഷിച്ച് നടപടിയെടുക്കുന്ന പാര്‍ട്ടിയാണ് സിപിഎം. എന്നാല്‍ പാര്‍ട്ടിക്ക് യാതൊരു ബന്ധവും ഇല്ലാത്ത വിഷയങ്ങൾ പോലും പാര്‍ട്ടിയുടെ ചുമലില്‍ ഇടാനാണ് വലതുപക്ഷ മാധ്യമങ്ങളും വലതുപക്ഷ രാഷ്ട്രീയക്കാരും പരിശ്രമിക്കുന്നത്.
മക്കള്‍ ചെയ്ത കുറ്റത്തിന്‍റെ പേരില്‍ പാര്‍ട്ടി നേതാവായ അച്ഛനെയും അച്ഛന്‍റെ പാര്‍ട്ടിയേയും ആക്രമിക്കുന്നത് തുടരുകയാണ്. മാത്രമല്ല നേതാക്കന്മാരുടെ മക്കളുടെ ജോലിയും മറ്റും ചൂണ്ടിക്കാണിച്ച് നേതാക്കളെ വ്യത്യസ്ത തട്ടുകളിലാക്കാന്‍ നവമാധ്യമങ്ങളിലൂടെയും മറ്റും ശ്രമിക്കുന്നുണ്ട്. അതിന്‍റെ ഭാഗമായി എന്‍റെ ഒരു മകന്‍ ഏതോ ഒരവസരത്തില്‍ കല്ലു ചുമന്നതും മറ്റൊരു മകന്‍ ഹോട്ടല്‍ ജോലി ചെയ്യുന്നതും അവരുടെ സുഹത്തുക്കള്‍ തമാശയായി ഫോട്ടോ എടുത്ത് പോസ്റ്റ് ചെയ്തത് ഉപയോഗപ്പെടുത്തിക്കൊണ്ട് നേതാക്കളുടെ മക്കള്‍ വ്യത്യസ്ത തട്ടുകളിലാണെന്ന് പ്രചരിപ്പിക്കുന്നുണ്ട്. ഇതെല്ലാം എല്ലാവരും സദുദ്ദേശത്തോടെയല്ല ചെയ്യുന്നത് എന്ന് പറയേണ്ടിയിരിക്കുന്നു.
കോണ്‍ഗ്രസ് - ബിജെപി - മുസ്‌ലിം ലീഗ് തുടങ്ങിയ പാര്‍ട്ടികളില്‍നിന്ന് വ്യത്യസ്തമായ പാര്‍ട്ടിയാണ് സിപിഎം. വിമര്‍ശനവും സ്വയം വിമര്‍ശനവും പാര്‍ട്ടിയുടെ മുഖമുദ്രയാണ്. അതാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ജീവസ്സുറ്റതാക്കുന്നത്. ഇങ്ങനെ പാര്‍ട്ടിക്കകത്തുള്ള തെറ്റു തിരുത്തല്‍ നടപടികളിലൂടെ മുന്നോട്ട് പോകുന്ന സിപിഎം ജനങ്ങള്‍ക്ക് മുന്നില്‍ മാതൃകയായ പ്രസ്ഥാനമാണ്. ഈ പ്രസ്ഥാനത്തിന്‍റെ വേറിട്ട അസ്തിത്വം നിലനില്‍ക്കേണ്ടത് സമൂഹത്തിനാകെ ആവശ്യമാണ്. ഇന്നത്തെ ഇരുണ്ട കാലത്തെ വെളിച്ചമാണ് സിപിഎം. ഈ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന് പകരം ദുർബലപ്പെടുത്തുന്നതിനും തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതിനും സഹായകരമായ ഒരു നിലപാടും പാര്‍ട്ടി മെംബര്‍മാരും പാര്‍ട്ടി ബന്ധുക്കളും സ്വീകരിക്കരുതെന്ന് അഭ്യർഥിക്കുന്നു.