ADVERTISEMENT


കണ്ണൂർ∙ സെൻട്രൽ ജയിലിൽ തുടർച്ചയായ നാലാം ദിവസവും മൊബൈൽ ഫോ‍ൺ പിടിച്ചു. ഇന്നലെ രാത്രിയും ഇന്നു പുലർച്ചെയുമായി നടത്തിയ പരിശോധനയിൽ അഞ്ചു സ്മാർട്ട് ഫോൺ ഉൾപ്പെടെ 10 ഫോണുകളാണു പിടിച്ചെടുത്തത്. നാലു പവർ ബാങ്കുകളും പിടിച്ചു. രാഷ്ട്രീയത്തടവുകാർ കൂടുതലുള്ള ആറാം ബ്ലോക്കിൽനിന്നാണു നാലു സ്മാർട്ട് ഫോണും മൂന്നു പവർ ബാങ്കും ലഭിച്ചത്.

സെല്ലിന്റെ വരാന്തയിൽ ഉത്തരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഫോണുകൾ. തടവുകാരെ തന്നെ കയറ്റിവിട്ടാണ് ഇവ പിടിച്ചെടുത്തത്. സൂപ്രണ്ട് ടി. ബാബുരാജന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. നാലു ദിവസങ്ങളിലായി ഇതുവരെ 19 മൊബൈൽ ഫോണുകളും നാലു പൊതി കഞ്ചാവുമാണു സെൻട്രൽ ജയിലിൽനിന്നു പിടിച്ചെടുത്തത്.

ജയിൽ ഡിജിപി ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തിലാണ് കണ്ണൂർ സെൻട്രൽ ജയിലിൽ പരിശോധന ആരംഭിച്ചിരുന്നത്. അന്ന് ഫോണിനും സിം കാർഡിനും പുറമെ ചുറ്റിക, കത്രിക, കമ്പിപ്പാര തുടങ്ങിയ ആയുധങ്ങളും പിടിച്ചെടുത്തിരുന്നു. പിറ്റേന്നു നടത്തിയ പരിശോധനയിലും കഞ്ചാവും ഫോണും പിടിച്ചിരുന്നു. ഇവ പിടിച്ചെടുത്ത പ്രതികളെ പൂജപ്പുര സെൻ‌ട്രൽ ജയിലിലേക്കു മാറ്റിയിരുന്നു.

തൃശൂര്‍ വിയ്യൂർ ജയിലിൽ കമ്മിഷണർ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കത്തിയും കഞ്ചാവും മൊബൈൽ ഫോണുമടക്കം അനുവദനീയമല്ലാത്ത ഒട്ടേറെ വസ്തുക്കളാണ് ഇവിടെനിന്നു പിടിച്ചെടുത്തത്. ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികളായ കൊടി സുനിയിൽനിന്ന് ഒരു ഫോണും മുഹമ്മദ് ഷാഫിയിൽ നിന്ന് 2 ഫോണുകളും 4 സിം കാർഡുകളും പിടികൂടി. പവർ ബാങ്ക്, ഹെഡ് സെറ്റ്, ചാർജർ എന്നിവയും കണ്ടെത്തി. സെല്ലിനോടു ചേർന്ന ശുചിമുറിയിൽ സിം കാർഡ് ഒഴുക്കിക്കളയാനുള്ള ശ്രമത്തിനിടെ വീണു കൊടി സുനിക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു.

English Summary: Raid continues for fourth day in Kannur Central Prison, Phones found

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com