ഷെറിന്റെ കൊലപാതകം: വളർത്തച്ഛൻ വെസ്‌ലി മാത്യൂസിന് ജീവപര്യന്തം തടവ്
Mail This Article
ഡാലസ്∙ യുഎസിൽ ദുരൂഹസാഹചര്യത്തിൽ മൂന്നുവയസുകാരി ഷെറിൻ മാത്യൂസ് കൊല്ലപ്പെട്ട സംഭവത്തിൽ വളർത്തച്ഛൻ വെസ്‌ലി മാത്യൂസിന് ജീവപര്യന്തം തടവ്. എറണാകുളം സ്വദേശിയായ വെസ്‌ലി മാത്യൂസിന് ഡാലസ് കോടതിയാണ് തടവ് ശിക്ഷ വിധിച്ചത്. 30 വർഷത്തിനു ശേഷം മാത്രമായിരിക്കും വെസ്‍ലിക്ക് പരോൾ ലഭിക്കുക. ഉയർന്ന കോടതിയിൽ അപ്പീൽ നൽകുമെന്ന് വെസ്‍ലിയുടെ അഭിഭാഷകൻ അറിയിച്ചു.
കൈയബദ്ധത്തിൽ കുഞ്ഞിന് പരുക്കേറ്റതായി വെസ്‌ലി കോടതിയിൽ സമ്മതിച്ചിരുന്നു. കുറഞ്ഞ ശിക്ഷ ലഭിക്കാനാണ‌് വിസ‌്താരം തുടങ്ങുന്നതിന‌് മുമ്പായി കുറ്റം സമ്മതിച്ചത‌്. ദത്തെടുത്ത കുട്ടിയെ കൊല ചെയ‌്ത‌് ശരീരം ഡാലസിലെ കലുങ്കിൽ ഉപേക്ഷിച്ചതാണ‌് കേസ‌്. മാത്യൂസും ഭാര്യ സിനിയും 2016ൽ ബിഹാറിലെ അനാഥാലയത്തിൽനിന്നാണ‌് കുഞ്ഞിനെ ദത്തെടുത്തത‌്. തെളിവില്ലാത്തതിനാൽ സിനിയെ വെറുതെ വിട്ടിരുന്നു.
ഷെറിൻ മാത്യൂസിന്റെ മൃതദേഹം തങ്ങൾക്കു ലഭിക്കുമ്പോൾ ആന്തരികാവയങ്ങളിലടക്കം പുഴുവരിച്ചു തുടങ്ങിയിരുന്നുവെന്ന് ഡോക്ടർമാർ വെളിപ്പെടുത്തിയിരുന്നു. മൃതദേഹം വളരെയധികം ജീർണിച്ചിരുന്നതിനാൽ മരണകാര്യം കൃത്യമായി കണ്ടെത്താൻ കഴിഞ്ഞിരുന്നില്ലെന്നും ഷെറിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്നതിന് നേതൃത്വം നൽകിയ ഫൊറൻസിക് പാത്തോളജിസ്റ്റ് എലിസബത്ത് വെൻച്യൂറ കോടതിയിൽ മൊഴി നൽകിയിരുന്നു.