ലിസയ്ക്കായി നേപ്പാളിലേക്കും തിരച്ചിൽ വ്യാപകം; തീവ്രവാദബന്ധവും അന്വേഷിക്കും
Mail This Article
തിരുവനന്തപുരം∙ കാണാതായ ജർമൻ യുവതി ലിസ വെയ്സിനായി ഇന്റര്‍പോള്‍ യെല്ലോ നോട്ടിസ് പുറപ്പെടുവിച്ചു. കേരള പൊലീസിന്റെ ആവശ്യപ്രകാരമാണ് നോട്ടിസ് പുറപ്പെടുവിച്ചത്. തീവ്രവാദബന്ധം സംശയിക്കുന്നുണ്ടെങ്കിലും ഇതുവരെ തെളിവ് ലഭിച്ചിട്ടില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു.നേപ്പാളിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണു പൊലീസിന്റെ തീരുമാനം.
മാർച്ച് ഏഴിന് ലിസ വെയ്സ് തിരുവനന്തപുരത്തെത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷേ തിരികെ പോയതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് വിവിധ രാജ്യങ്ങളിലെ അന്വേഷണത്തിനായി കേരള പൊലീസ് ഇന്റര്‍പോളിന്റെ സഹായം തേടിയതും അവര്‍ യെല്ലോ നോട്ടിസ് പുറപ്പെടുവിച്ചതും. ഇനി ലിസയുടെ ഫോട്ടോയടക്കമുള്ള വിവരങ്ങള്‍ ഇന്റര്‍പോളുമായി ബന്ധമുള്ള മുഴുവന്‍ രാജ്യങ്ങളിലെ പ്രധാന അന്വേഷണ ഏജന്‍സിക്ക് കൈമാറും. ഇതോടെ ലോകവ്യാപക തിരച്ചിലിന് അവസരമൊരുങ്ങും.
അതേസമയം, ലിസയുടെ ബന്ധുക്കളുമായും കേരളത്തിലേക്കുള്ള യാത്രയില്‍ കൂടെയുണ്ടായിരുന്ന സുഹൃത്ത് മുഹമ്മദ് അലിയുമായും സംസാരിക്കാന്‍ അവസരം ഒരുക്കണമെന്ന പൊലീസിന്റെ ആവശ്യത്തിന് ജര്‍മ്മന്‍ പൊലീസ് ഇതുവരെ മറുപടി നല്‍കാത്തത് അന്വേഷണത്തിന് തടസമാകുന്നുണ്ട്. ലിസയുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ മാര്‍ച്ച് 9ന് വര്‍ക്കല ക്ലിഫില്‍ എത്തിയതായി സ്ഥിരീകരിച്ചു. അതിനുശേഷം മൊബൈല്‍ സിഗ്നല്‍ ലഭിക്കുന്നില്ല.
വിമാനമാര്‍ഗം ഇന്ത്യയ്ക്ക് പുറത്ത് പോയിട്ടില്ലെന്ന് വിവരമുള്ളതിനാല്‍ നേപ്പാള്‍ വഴി പോയിട്ടുണ്ടോയെന്നാണ് നിലവിലെ അന്വേഷണം. ലിസയും സുഹൃത്തും മുസ്‌ലിം സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചതിനാല്‍ തീവ്രവാദബന്ധത്തേക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.
English Summary: German youth Lisa Wiese missing - interpol produces yellow notice