ADVERTISEMENT

കൊച്ചി∙ തിരുവനന്തപുരം – ചെന്നൈ പ്രതിവാര എക്സ്പ്രസ് (12698/97) ശനിയാഴ്ച മുതൽ ആധുനിക എൽഎച്ച്ബി (ലിങ്ക് ഹോഫ്മാൻ ബുഷ്) കോച്ചുകൾ ഉപയോഗിച്ച് സർവീസ് നടത്തും. എസി 2 ടയർ –1, തേഡ് എസി–5, സ്ലീപ്പർ–11, ജനറൽ–2, പാൻട്രി–1 എന്നിങ്ങനെയാണു ട്രെയിനിലുളളത്.

ഇതേ കോച്ചുകളുപയോഗിക്കുന്ന തിരുവനന്തപുരം– വെരാവൽ എക്സ്പ്രസ് (16334/33) തിങ്കളാഴ്ച മുതൽ എൽഎച്ച്ബിയാകും. ഒരു മാസം മുൻപു ഡിവിഷനിലെത്തിച്ച കോച്ചുകളാണു ശനിയാഴ്ച മുതൽ ഒാടിത്തുടങ്ങുന്നത്. പുതിയ കോച്ചുകൾ വെറുതേയിട്ടതു വിവാദമായതോടെ റെയിൽവേ ബോർഡ് ഇടപെട്ടാണു കോച്ച് മാറ്റം വേഗത്തിലാക്കിയത്. കിട്ടിയ കോച്ചുകൾ ഉപയോഗിക്കാതെ വിവിധ സ്റ്റേഷനുകളിൽ നിർത്തിയിട്ടതു സംബന്ധിച്ച് കഴിഞ്ഞ ദിവസം മലയാള മനോരമ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

തിരുവനന്തപുരം ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസിനുളള നാലു പുതിയ റേക്കുകൾ കൂടി വിവിധ സ്റ്റേഷനുകളിൽ സൂക്ഷിച്ചിട്ടുണ്ട്. ഇവയും വേഗം സർവീസിന് ഉപയോഗിക്കണമെന്ന്് നിർദേശം നൽകിയതിനാൽ എറണാകുളത്തും എൽ‍എച്ച്ബി കോച്ചുകളുടെ പരിശോധന ആരംഭിച്ചു. ആദ്യമായാണു എറണാകുളത്തു എൽഎച്ച്ബി കോച്ചുകളുടെ കമ്മിഷനിങ് നടത്തുന്നത്.

നേത്രാവതി എക്സ്പ്രസിനുളള 2 എൽഎച്ച്ബി റേക്കുകൾ എറണാകുളത്തും 2 എണ്ണം തിരുവനന്തപുരത്തും കമ്മിഷൻ െചയ്യും. എറണാകുളത്തുളള കോച്ചുകൾ പരിശോധന പൂർത്തിയാക്കി ശനിയാഴ്ച തിരുവനന്തപുരത്തേക്ക് അയക്കും. ഇടപ്പളളിയിലുളള കോച്ചുകളും എറണാകുളത്തു പരിശോധിക്കും. നേത്രാവതിയുടെ എൽഎച്ച്ബി കോച്ചുകൾ ഉപയോഗിച്ചുളള ആദ്യ സർവീസ് 25ന് തുടങ്ങും. ഇതിനായി മെക്കാനിക്കൽ വിഭാഗം തയാറാക്കിയ സമയക്രമം ദക്ഷിണ റെയിൽവേയ്ക്കും റെയിൽവേ ബോർഡിനും കൈമാറി. ഈ മാസം മൂന്നു റേക്കുകളും അടുത്ത മാസം ആദ്യം നാലാമത്തെ റേക്കും എൽഎച്ച്ബിയാകും.

വേഗം കൂടിയതും കൂടുതൽ സുരക്ഷിതവുമായ എൽഎച്ച്ബി കോച്ചുകൾക്കു ഒന്നിന് 1.6 കോടി മുതൽ 2 കോടി രൂപ വരെയാണു വില. പരമ്പരാഗത കോച്ചുകളേക്കാൾ സീറ്റുകളുടെ എണ്ണം കൂടുതലുളള സ്റ്റെയിൻലസ് സ്റ്റീൽ കോച്ചുകളുടെ ആയുസ് 35 വർഷമാണ്.  മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാവുന്ന കോച്ചുകൾ അപകടമുണ്ടായാൽ പരസ്പരം ഇടിച്ചു കയറില്ലെന്ന പ്രത്യേകതയുമുണ്ട്. പരമ്പരാഗത ഐസിഎഫ് കോച്ചുകളേക്കാൾ സുരക്ഷിതവും യാത്രാസുഖവും നൽകുന്ന കോച്ചുകളാണിവ. കേരളത്തിനു വൈകിയാണു ഇത്തരം കോച്ചുകൾ ലഭിച്ചു തുടങ്ങിയത്. 

മംഗളൂരു–ചെന്നൈ മെയിൽ, വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്, കന്യാകുമാരി– മുംബൈ സിഎസ്ടി ജയന്തി, എറണാകുളം–നിസാമുദ്ദീൻ മംഗള, കന്യാകുമാരി–വൈഷ്ണോദേവി കത്ര ഹിമസാഗർ എക്സ്പ്രസ്, കൊച്ചുവേളി–ഡറാഡൂൺ എക്സ്പ്രസ്, തിരുവനന്തപുരം–മംഗളൂരു മാവേലി, തിരുവനന്തപുരം–മംഗളൂരു മലബാർ, നാഗർകോവിൽ–മംഗളൂരു പരശുറാം, നാഗർകോവിൽ– മംഗളൂരു ഏറനാട്, തിരുവനന്തപുരം–ഹൈദരാബാദ് ശബരി, ആലപ്പി–ധൻബാദ്, ചെന്നൈ–ആലപ്പി,  എറണാകുളം– ഒാഖ, നാഗർകോവിൽ–ഗാന്ധിധാം ട്രെയിനുകൾക്കാണു ഇനി എൽഎച്ച്ബി അനുവദിക്കാനുളളത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com