ADVERTISEMENT

കൊച്ചി∙ വൈറ്റില മേൽപാല നിര്‍മാണത്തിലെ ക്രമക്കേടു പുറത്തുകൊണ്ടുവന്ന ഉദ്യോഗസ്ഥയ്ക്കു സസ്‌പെൻഷൻ. മന്ത്രി ജി.സുധാകരന്റെ നിർദേശപ്രകാരമാണു നടപടി. ക്രമക്കേടു സംബന്ധിച്ച റിപ്പോർട്ട് മാധ്യമങ്ങൾക്കു നൽകിയെന്ന് ആരോപിച്ചാണു നടപടി. വൈറ്റില മേൽപാലം ക്രമക്കേടു സംബന്ധിച്ച വാർത്ത പുറത്തുവന്നതിൽ വിജിലൻസ് അന്വേഷണം നടത്തുമെന്നു മന്ത്രി ജി.സുധാകരന്‍ പറഞ്ഞിരുന്നു. ഉദ്യോഗസ്ഥര്‍ മറുപടി നൽകേണ്ടി വരുമെന്നും നടപടി ഉണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പു നല്‍കി. ഉദ്യോഗസ്ഥ യുഡിഎഫിനു വേണ്ടി സർക്കാരിനെതിരെ പ്രവർത്തിച്ചെന്നാണു മന്ത്രിയുടെ നിലപാട്.

മേൽപാല നിര്‍മാണത്തിന്റെ നിലവാരത്തിലും അപാകത ഉണ്ടാകുന്നതായി ആശങ്ക പ്രകടിപ്പിച്ചു പൊതുമരാമത്ത് ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗമാണ് റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ട് ഗൗരവമെന്നും എന്നാല്‍ തുടര്‍പരിശോധനകളുടെ ഫലംവരാന്‍ കാക്കുകയാണെന്നുമാണ് ഔദ്യോഗിക വിശദീകരണം. എന്നിട്ടും ഫലമുണ്ടായില്ലെന്നാണ് ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗം കഴിഞ്ഞയാഴ്ച നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നത്. ഗുണനിലവാരത്തില്‍ ധാരണയുള്ള ഉദ്യോഗസ്ഥരെ നിയോഗിക്കാന്‍ കരാറുകാരനും തയാറാകുന്നില്ല. കമ്പനിയുടെ പ്രതിനിധിയെ വിളിച്ചുവരുത്തി ഇക്കാര്യത്തില്‍ ‍നിര്‍ദേശം നല്‍കേണ്ടി വന്നു.

ഈ വീഴ്ചകളുടെ ഫലമായി പണിയിലുണ്ടായ അപാകതകളുടെ ചില സൂചനകളും ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗം നല്‍കുന്നുണ്ട്. കഴിഞ്ഞമാസം പകുതിയോടെ ചെയ്ത ഗര്‍ഡര്‍, ഡെക്ക് സ്ലാബ് എന്നിവയുടെ കോണ്‍ക്രീറ്റ് സാംപിള്‍ പരിശോധിച്ചതിന്റെ ഫലം തൃപ്തികരമല്ല. ഈമാസം ശേഖരിച്ച സാംപിളുടെ ഫലത്തിനായി കാക്കുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ‌നിര്‍മാണ സാമഗ്രികള്‍ പരിശോധിക്കാന്‍ പ്ലാന്റിനോടൊപ്പം ലാബ് സൗകര്യം ഒരുക്കാന്‍ കരാറുകാരന്‍‍ തയാറാകാത്തതും വീഴ്ചയാണ്.

ഈ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതുവരെ പണികള്‍ നിര്‍ത്തിവച്ചതായി ഈമാസം 17ന് സൂപ്രണ്ടിങ് എന്‍ജിനീയര്‍ അറിയിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കുടിശിക തുക കിട്ടാത്തതിനാല്‍ പണി നിര്‍ത്തുന്നതായി കരാറുകാരന്‍ സര്‍ക്കാരിനെ അറിയിച്ചെന്നു വാര്‍ത്തകള്‍ പുറത്തുവന്നതും ഇതേ ദിവസമായിരുന്നു. തുക അനുവദിച്ചു, പിറ്റേന്നു പണി പുനരാരംഭിച്ചുവെന്ന് ഔദ്യോഗിക അറിയിപ്പും ഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com