ADVERTISEMENT

പെരിയാർ വന്യജീവിസങ്കേതത്തിൽ കാട്ടുനായകളുടെ സംഘം മ്ലാവിനെ ആക്രമിച്ചു കീഴ്പ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയ അനുഭവം സാമൂഹികനീതിവകുപ്പ് സ്പെഷൽ സെക്രട്ടറി ബിജു പ്രഭാകർ വിവരിക്കുന്നു...

വന്യജീവി ഫോട്ടോഗ്രഫി ഇഷ്ടപ്പെടുന്ന ഒരാൾ എന്ന നിലയിൽ ഒരു കാടും ഒരിക്കലും നിരാശപ്പെടുത്തിയിട്ടില്ല. മിക്കപ്പോഴും അപ്രതീക്ഷിതമായ അനുഭവങ്ങൾ സമ്മാനിച്ചിട്ടുമുണ്ട്. അത്തരമൊരു അനുഭവമായിരുന്നു പെരിയാർ കടുവാസംരക്ഷണകേന്ദ്രത്തിൽ എന്നെ കാത്തിരുന്നത്. 

പൊടുന്നനെയാണ് കാട്ടുനായകളെ കൂട്ടം (ഇന്ത്യൻ വൈൽഡ് ഡോഗ് എന്നു ശാസ്ത്രീയനാമം, ചെന്നായയെന്നു പലരും പറയാറുണ്ടെങ്കിലും അതു ശരിയല്ല) മുന്നിൽ പ്രത്യക്ഷപ്പെട്ടത്. കാട്ടിൽ എവിടെനിന്നോ ഒരു മ്ലാവിനെ (സാമ്പാർ ഡീർ) ഓടിച്ചുകൊണ്ടുവരികയായിരുന്നു. ക്യാമറ ഫോക്കസ് ചെയ്തപ്പോഴേയ്ക്കും മ്ലാവിനെ വെള്ളത്തിലിറക്കിയിരുന്നു. 

periyar-3
കാട്ടിൽ നിന്ന് മ്ലാവിനെ ഓടിച്ച് വെള്ളത്തിലിറക്കുന്നു.

15ഓളം നായകളുണ്ടായിരുന്നു അക്കൂട്ടത്തി‍ൽ. സാധാരണ 12 മുതൽ 40 വരെ നായകളുണ്ടാകും ഒരു കൂട്ടത്തിൽ. ഇത് അച്ഛനും അമ്മയും മക്കളുമടങ്ങുന്ന സംഘമാണെന്നാണു തോന്നിയത്. തന്ത്രപരമായിരുന്നു ഓരോ നീക്കവും. മ്ലാവിനെ ഓടിച്ചു വെള്ളത്തിലിറക്കിയത് ഒരു തന്ത്രമായിരുന്നു. ആക്രമിക്കുന്നവരെ പ്രതിരോധിക്കാനുള്ള മ്ലാവിന്റെ ഏക ആയുധം പിൻകാലുകളാണ്. ഒരു തൊഴി കിട്ടിയാൽ വേട്ടക്കാരനു മിക്കവാറും പിന്നെ എണീറ്റുനടക്കാനാകില്ല. തൊഴിയുടെ സാധ്യത ഒഴിവാക്കാനാണ് മ്ലാവിനെ വെള്ളത്തിലിറക്കിയത്. 

periyar-9
കാട്ടുനായക്കൂട്ടം നീന്തിച്ചെന്ന് ആക്രമിക്കുന്നു

പൂർണവളർച്ചയെത്തിയ മ്ലാവ് ആയിരുന്നു അത്. നായകൾക്ക് മ്ലാവിന്റെ കാലുകളുടെയത്ര ഉയരം പോലുമില്ല. വെള്ളത്തിലിറക്കിയ മ്ലാവിനെ കീഴ്പ്പെടുത്തലായിരുന്നു പിന്നീട്. ആറോ ഏഴോ പേരടങ്ങുന്ന ഒരു സംഘം നീന്തിച്ചെന്ന് മുന്നിലും പിന്നിലും വശങ്ങളിലുമായി ഒരേസമയം ആക്രമണം തുടങ്ങി. വേദനിച്ചു കരയുന്നുണ്ടായിരുന്നു മ്ലാവ്. കരയിൽ കയറി രക്ഷപ്പെടാതിരിക്കാൻ മറ്റൊരു സംഘം കാവൽ നിന്നു. ഇതിനിടെ ഞാൻ പടമെടുക്കുന്നതുകണ്ട കൂട്ടത്തിലെ ഇളംപ്രായക്കാരൻ എന്നെത്തന്നെ നിരീക്ഷിച്ചുകൊണ്ട് ഇരിപ്പായി. ഇടയ്ക്ക് മറ്റു ചിലർ വന്ന് നിരീക്ഷണം നടത്തിപ്പോയി. 

periyar-11
പല തവണയായ ശ്രമത്തിനൊടുവിൽ മ്ലാവിനെ വെള്ളത്തിൽ മുക്കിക്കൊല്ലുന്നു

ആക്രമണത്തിൽ തളർന്ന മ്ലാവിനെ വെള്ളത്തിൽ മുക്കിക്കൊല്ലാനായി പിന്നീടുള്ള ശ്രമം. ആദ്യത്തെ നായകളുടെ സംഘം ക്ഷീണിച്ചപ്പോൾ അവർ നീന്തി കരയ്ക്കു കയറി. കരയിൽ നിന്നിരുന്ന സംഘം ഇറങ്ങി. ചെവിയിലും തലയിലുമൊക്കെ മുതുകത്തുമൊക്കെ കടിച്ച് വെള്ളത്തിൽ മുക്കുക തന്നെയായിരുന്നു. കുടഞ്ഞ് രക്ഷപ്പെടാനുള്ള മ്ലാവിന്റെ ശ്രമങ്ങൾ പാഴായി. ഏതാണ്ട് ഒന്നരമണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിൽ മൂന്നുതവണയായാണ് മ്ലാവിനെ കീഴ്പ്പെടുത്തിയത്. 

periyar-18
മ്ലാവിനെ കൂട്ടമായി വലിച്ച് കരയ്ക്കെത്തിക്കുന്നു

ഇര ചാവാൻ കാത്തുനിൽക്കാതെ ചില നായകൾ മാംസം കടിച്ചെടുത്തു തീറ്റ തുടങ്ങിയിരുന്നു. പിന്നീട് എല്ലാവരും ചേർന്ന് കടിച്ചുവലിച്ച് മ്ലാവിനെ കരയിലെത്തിച്ചു. അപ്പോഴും ഫോട്ടോഗ്രഫറെ നിരീക്ഷിക്കാൻ ചുമതലപ്പെടുത്തിയവൻ ജോലിയിൽ നിന്നു പിന്മാറിയിരുന്നില്ല...   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com