പിഎഫ് നിക്ഷേപകർക്ക് 8.65% പലിശ ലഭ്യമാക്കും: കേന്ദ്ര തൊഴിൽമന്ത്രി
Mail This Article
ന്യൂഡൽഹി∙ ഈ ഉത്സവകാലത്തിനു മുൻപ് പിഎഫ് നിക്ഷേപകർക്ക് 8.65% പലിശ ലഭ്യമാക്കുമെന്ന് കേന്ദ്ര തൊഴിൽമന്ത്രി സന്തോഷ് ഗാങ്‍വാർ. വൈകാതെ വിജ്ഞാപനം പുറപ്പെടുവിക്കും.
കഴിഞ്ഞ ഫെബ്രുവരിയിൽ ഈ സാമ്പത്തിക വർഷം പ്രോവിഡന്റ് ഫണ്ട് നിക്ഷേപ പലിശ നിരക്ക് 8.65 ശതമാനമായി കേന്ദ്ര ട്രസ്റ്റി ബോർഡ് തീരുമാനിച്ചിരുന്നു. ഇത് കേന്ദ്രസർക്കാർ അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് പലിശ നിരക്കു കുറയ്ക്കാൻ ധനമന്ത്രാലയം ആവശ്യപ്പെട്ടത് ആശയക്കുഴപ്പത്തിനിടയാക്കി. 2017–18 വർഷം 8.55 ശതമാനമായിരുന്നു പലിശ നിരക്ക്.
ഇപിഎഫ്ഒയുടെ അധികഫണ്ട് പൂർണമായി ചെലവായിപ്പോകുമെന്നു പറഞ്ഞാണ് പലിശ നിരക്കു കുറയ്ക്കണമെന്ന് ധനവകുപ്പ് ജൂൺ ഏഴിനയച്ച കത്തിൽ ആവശ്യപ്പട്ടിരുന്നത്. ഇൻഫ്രാസ്ട്രക്ചർ ലീസിങ് ആൻഡ് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ്(ഐഎൽ ആൻഡ് എഫ്എസ്) പദ്ധതികളിൽ ഇപിഎഫ്ഒ ഫണ്ടിൽ നിന്നെടുത്തു നടത്തിയ നിക്ഷേപങ്ങളിൽ ചിലത് നഷ്ടമായേക്കാനിടയുണ്ടെന്ന കാരണം പറഞ്ഞായിരുന്നു പലിശ കുറയ്ക്കാനുള്ള നിർദേശം. 1700 കോടിയോളം രൂപ ഇപിഎഫ്ഒ ഫണ്ടിൽ നിന്ന് ഐൽആൻഡ്എഫ്എസ് പദ്ധതികളിൽ നിക്ഷേപിച്ചിട്ടുണ്ട്. പൊതു സ്വകാര്യ സംരംഭമാണ് ഇത്.
പിഎഫ് നിക്ഷേപങ്ങൾക്ക് കൂടിയ പലിശ കൊടുത്താലും ഇപിഎഫ്ഒയുടെ അധിക ഫണ്ട് 151.67 കോടി രൂപ ഉണ്ടാകുമെന്ന് പിഎഫുമായി ബന്ധപ്പെട്ടവർ ചൂണ്ടിക്കാണിക്കുന്നു. ഫണ്ടു കുറയുമെന്ന വാദത്തിന് അടിസ്ഥാനമില്ല. തൊഴിലാളി സംഘടനകളും പലിശ കുറയ്ക്കാനുള്ള നീക്കത്തെ എതിർത്തിരുന്നു. ബാങ്ക് നിക്ഷേപങ്ങൾക്കു പലിശ കുറഞ്ഞ സാഹചര്യത്തിൽ പിഎഫ് നിക്ഷേപങ്ങൾക്ക് വലിയ പലിശ നൽകുന്നത് ദോഷകരമായി ബാധിക്കുമെന്ന ബാങ്കുകളുടെ കൺസോർഷ്യത്തിന്റെ വാദത്തോടു ചേർന്നു നിൽക്കുകയായിരുന്നു ധനവകുപ്പ് എന്നും ആക്ഷേപമുയർന്നിരുന്നു.
8.65% പലിശ തന്നെ നൽകാൻ ട്രസ്റ്റി ബോർഡ് തീരുമാനിച്ചതായും ഉടൻ തന്നെ അതു നടപ്പാക്കുമെന്നും മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.