ADVERTISEMENT

കൊച്ചി ∙ മുൻ ആഴ്ചയിലെ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക പരിഷ്കരണ പ്രഖ്യാപനങ്ങളുടെ ഫലം മുഴുവൻ ഹൂതി ഭീകരന്മാരുടെ ഡ്രോൺ തകർത്തുകളഞ്ഞെങ്കിലും വെള്ളിയാഴ്ച, വിപണി വ്യാപാരം പുരോഗമിക്കുന്നതിനിടെ ധനമന്ത്രി നടത്തിയ പ്രഖ്യാപനങ്ങൾ വിപണിക്ക് ഗുണം ചെയ്തു. വിപണി ദ്രോഹ നികുതികളും ഒപ്പം കൂടുതൽ കോർപ്പറേറ്റ് നികുതികളും പിൻവലിച്ചത് മറ്റ് രാജ്യാന്തര ചലനങ്ങളൊന്നുമുണ്ടായില്ലെങ്കിൽ വിപണിക്ക് അടുത്ത ദിവസങ്ങളിലും കുതിപ്പു നൽകും.

എന്നാൽ നികുതികൾ കുറയുന്നത് ബജറ്റിനെ എങ്ങനെ ബാധിക്കുമെന്നതു പ്രശ്നമാണ്. കഴിഞ്ഞ ആഴ്ച്ചയിലെ എല്ലാ ദിവസവും ആയിരം കോടി രൂപയ്ക്കടുത്ത് വില്പന നടത്തിയ വിദേശ നിക്ഷേപകർ എഫ്പിഐകളുടെ മേലുള്ള ബജറ്റ് നികുതികൾ ഒഴിവാക്കിയ സാഹചര്യത്തിൽ ഇനിയും അത് തുടർന്നേക്കാനിടയില്ല. വിദേശ നിക്ഷേപകർ പതിയെ തിരികെ വന്നേക്കാം. ഓഹരി വിപണിയിലെ കഴിഞ്ഞയാഴ്ചത്തെ പ്രകടനങ്ങളും പുതിയ ആഴ്ചയുടെ പ്രതീക്ഷകളും വിലയിരുത്തുകയാണ് ബഡ്ഡിങ് പോർട്ഫോളിയൊ ഇൻവെസ്റ്റ്മെന്റ് കൺസൽട്ടന്റ് അഭിലാഷ് പുറവൻ തുരുത്തിൽ.

സ്വദേശ കമ്പനികളുടെയും പുതുതായി വരുന്ന ഉല്പാദന കമ്പനികളുടെയും കോർപറേറ്റ് നികുതിയിൽ ഇളവ് വരുത്തിയത് ഇന്ത്യൻ വിപണിയെ ഉത്തേജിപ്പിക്കുക തന്നെ ചെയ്യും. ജിഎസ്ടി ഇളവ് പ്രതീക്ഷിച്ചിരുന്ന വിപണിക്ക് ഇത് ഇരട്ടി മധുരമായി. ഓഹരി വിൽപനയ്ക്ക് ബജറ്റ് 2019ൽ ഏർപ്പെടുത്തിയ ക്യാപിറ്റൽ ഗെയിൻ ടാക്സും ഓഹരി തിരികെ വാങ്ങൽ നികുതിയും ഒഴിവാക്കിയതാണ് വിപണിയിലെ വെള്ളിയാഴ്ചപ്പൂരത്തിന് യഥാർഥത്തിൽ കാരണമായത്.

പ്രത്യക്ഷ നികുതി വരുമാനം 5.5 ലക്ഷം കോടിമാത്രമാണ് ഇക്കൊല്ലം ഇതുവരെ പിരിക്കാനായത്. കഴിഞ്ഞ വർഷം ഇതേ സമയം 5.25 കോടിയായിരുന്നു കലക്ഷൻ. 17% വളർച്ച പ്രതീക്ഷിച്ചിരുന്നിടത്ത് വളർച്ച 3.7% മാത്രം. കോർപറേറ്റ് നികുതി നഷ്ടമടക്കമുള്ള ഘടകങ്ങൾ നികുതി വരുമാനം ഇനിയും കുറയ്ക്കുന്നത് സാമ്പത്തികാവസ്ഥയെ സാരമായിത്തന്നെ ബാധിച്ചേക്കാം. യുഎസ് ഫെഡ് നിരക്കുകൾ കുറച്ച നടപടി ലോകവിപണിയെ വീണ്ടും ആവേശത്തിലാക്കിയതും വിപണിക്ക് പ്രതീക്ഷയാണ്.

കോർപറേറ്റ് സർജിക്കൽ സ്ട്രൈക്ക്

ഇന്ത്യൻ കോർപറേറ്റ് ലോകത്തെ മൊത്തമായും ഉത്സവത്തിമർപ്പിലാക്കിയാണ് ധനമന്ത്രി നിർമ്മല സീതാരാമൻ കോർപറേറ്റ് നികുതി ഇളവുകൾ പ്രഖ്യാപിച്ചത്. കോർപറേറ്റ് നികുതിയിലും മിനിമം നികുതിയിലും ഉണ്ടായ ഇളവുകൾ ഇന്ത്യയെ കുറഞ്ഞ നികുതി മേഖലയാക്കി മാറ്റും. ഇന്ത്യൻ കോർപറേറ്റ് ലോകത്തിന്റെ ദീർഘകാല ആവശ്യമാണ് ഇവിടെ സഫലമായത്. കോർപറേറ്റ് നികുതിയിളവിനെ ഇന്ത്യൻ ഭരണ സംവിധാനം മൊത്തമായും ‘സോഷ്യലിസ്റ്’ ശൈലിയിൽ നിന്നു ‘ക്യാപിറ്റലിസ്റ്’ ശൈലിയിലേയ്ക്ക് മാറുന്നതിന്റെ ആദ്യ പടിയായും കണക്കാകാം. ജിഎസ്ടി ഇളവുകളേക്കാൾ സർക്കാരിന് ലാഭവും കോർപറേറ്റുകൾക്ക് നേരിട്ട് നേട്ടവുമാണ് ഈ നടപടി. ജിഎസ്ടി ഇളവുകൾ ഇനി ഉണ്ടായേക്കില്ല എന്നത് പൗരസമൂഹത്തിന് മാത്രമാണിനി നഷ്ടം. കോർപ്പറേറ്റ് നഷ്ടം സർക്കാർ നികത്തി.

∙ കോർപറേറ്റ് നികുതി 30%ൽ നിന്നു 8% കുറച്ച് 22% ആക്കി. സർച്ചാർജടക്കം 25.17% മാത്രം. അങ്ങനെ കോർപ്പറേറ്റ് നികുതി ആദായ നികുതിയേക്കാൾ കുറഞ്ഞു.

∙ പുതിയ കമ്പനികൾക്ക് ഒക്ടോബർ മുതൽ ഉത്പാദന മേഖലയിൽ ആരംഭിക്കുന്ന കമ്പനികളുടെ കോർപറേറ്റ് നികുതി 25%ൽ നിന്നു 15% ആയി കുറച്ചത് ഇന്ത്യൻ വ്യവസായ മേഖലയുടെ വൻ കുതിച്ച് ചാട്ടത്തിന് വഴി തെളിച്ചേക്കാം.

∙ പുതുതായി തുടങ്ങുന്ന കമ്പനികൾക്കടക്കം മിനിമം ഇടവിട്ടുള്ള നികുതികളും ബാധകമായിരിക്കില്ല. ഇത് ലാഭത്തിലാകുന്നത് വരെ കമ്പനികൾക്ക് ഗുണകരമാണ്.

∙ എഫ്പിഐകളുടെമേൽ അടക്കം ചാർത്തിയ ബജറ്റ് ക്യാപിറ്റൽ ഗെയിൻ നികുതി എടുത്തു മാറ്റിയത് വിപണിയുടെ സ്ഥിരത വീണ്ടെടുക്കുന്നതിനുള്ള ഏക മാർഗമായിരുന്നു. ഒഴിഞ്ഞുപോക്ക് പതിവാക്കിയ വിദേശ നിക്ഷേപകരെ തിരികെയെത്തിക്കാൻ ഈ നടപടികൾക്കാകുമെന്ന് ധനമന്ത്രലയം കണക്ക് കൂട്ടുന്നു. ഫോറിൻ പോർട്ഫോളിയൊ ഇൻസ്റ്റിറ്റ്യൂഷനുകൾക്ക് (എഫ്പിഐ) ഇനി മേൽ ബജറ്റ് ക്യാപിറ്റൽ ഗെയിൽ നികുതിയില്ലാതെ ഫ്യൂച്ചറുകളും ഓപ്‌ഷനുകളും വാങ്ങി വിറ്റ് ലാഭമുണ്ടാകാവുന്നതാണ്.

∙ ഓഹരി തിരികെ വാങ്ങുന്നതിനും ഈ ബജറ്റിൽ നികുതി ചാർത്തിയിരുന്നു. എന്നാൽ ജൂലൈ അഞ്ചിന് മുൻപ് തിരികെ വാങ്ങൽ പ്രഖ്യാപിച്ചവർക്ക് ഇളവനുവദിച്ചതും വിപണിക്ക് ഗുണകരമാണ്.

മൊത്ത വില സൂചിക

ഇന്ത്യയുടെ മൊത്ത വില സൂചിക 1.08% ൽ തന്നെ നിൽക്കുന്നു. 38 മാസത്തിലെ കുറഞ്ഞ നിരക്കിൽ തന്നെ വിലക്കയറ്റ സൂചിക ക്രമപ്പെട്ടത് ആർബിഐക്ക് വീണ്ടും അടുത്ത പോളിസി മീറ്റിങ്ങിൽ നിരക്കിളവുകൾ തുടരുന്നതിന് സഹായകമാകും.

യുഎസ് ഫെഡ് നിരക്കുകൾ

വിപണി പ്രതീക്ഷ കാത്തുകൊണ്ട് യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്കിൽ 25 ബേസിക് പോയിന്റുകൾ കുറച്ചത് വിപണിക്ക് ആവേശമായി. ഇതേ തുടർന്ന് ഡൗജോൺസ് 1% നേട്ടം കൈവരിച്ചു. നിലവിലെ രാജ്യാന്തര വിപണിയിലെ സാമ്പത്തിക വ്യതിചലനങ്ങൾക്കെതിരെയുള്ള പരിരക്ഷയായിട്ടാണ് ജെറോം പവൽ നിരക്കിളവിനെകുറിച്ച് പ്രതിപാദിച്ചത്. എന്നാൽ വ്യാഴാഴ്ച നടന്ന മീറ്റിങ്ങുകളിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ടും ബാങ്ക് ഓഫ് ജപ്പാനും പലിശ നിരക്കുകൾ കുറയ്ക്കാതിരുന്നത് വിപണിക്ക് ക്ഷീണമായി.

ഓയിൽ ഡ്രോൺ

ലോകത്തെ ഏറ്റവും വലുതും ആഗോള എണ്ണ ഉത്പാദനത്തിന്റെ 5%വും നടക്കുന്ന സൗദിയുടെ എണ്ണ ഉൽപാദന കേന്ദ്രത്തിനുമേൽ ഹൂതി ഭീകരർ ആക്രമണം നടത്തിയത് വിപണിക്കുമേലുള്ള കടന്നു കയറ്റമായി മാറി. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചർ 19% വർധിച്ച് 71.95 ഡോളർ നിരക്കിലെത്തി. ഇതേ തുടർന്ന് ഡൗൺ ജോൺസും ഹാങ്‌സെങ്ങും നിഫ്റ്റിയുമടക്കമുള്ള സൂചികകൾ 1%ത്തിന്റെ ഏകദിന നഷ്ടം രേഖപ്പെടുത്തിയിരുന്നു. എന്നാൽ ദിവസങ്ങൾക്കകം തന്നെ പ്രവർത്തനം പൂർവ സ്ഥിതിയിലാക്കാൻ അരാംകോയ്ക്ക് കഴിഞ്ഞത് രാജ്യന്തര വിപണിയിൽ എണ്ണ വില ക്രമപ്പെടുത്തുന്നതിന് സഹായിച്ചു.

ഈ വിലവർധന മുതലെടുത്ത അമേരിക്കയുടെ എണ്ണ ശേഖരത്തിലുണ്ടായ കുറവ് വില പിടിച്ചു നിർത്തുന്നതിന് കാരണമായേക്കാം. 67 ഡോളറിനുമുകളിലാണ് ഒപെക് രാഷ്ട്രങ്ങൾ എണ്ണ വില ആഗ്രഹിക്കുന്നത്. ഇറാന്റെ ഭാഗത്തു നിന്നു വലിയ പ്രകോപനങ്ങൾ ഉണ്ടായില്ലെങ്കിൽ ക്രൂഡ് വില 62 ഡോളറിനും 67 ഡോളറിനും ഇടയിൽ സ്ഥിരപ്പെട്ടേക്കാം.

ഓഹരികളും സെക്ടറുകളും

∙ സിഎൽഎസ്എയുടെ ഇന്ത്യൻ സ്ട്രാറ്റജി പ്രഖ്യാപിച്ചു. നിക്ഷേപക സ്ഥാപനം വിപണിയെ ഓവർ വെയ്റ്റ് വിഭാഗത്തിൽപ്പെടുത്തിയിരുന്നു. പൊതുമേഖല ബാങ്കുകൾ, എൻബിഎഫ്സി എന്നിവയിൽ കൂടുതൽ വളർച്ചാ സാധ്യത ഹോങ്കോങ്ങ് കമ്പനി കാണുന്നു. എയർടെലിന് 415 രൂപയാണ് ലക്ഷ്യം കാണുന്നത്. ഗെയ്‌ലിന് 165 രൂപയും മഹാനഗർ ഗ്യാസിന് 1275 രൂപയും ലക്ഷ്യം കാണുന്നു. ഇൻഡിഗോയ്ക്ക് 2400 രൂപയാണ് ലക്ഷ്യം നിശ്ചയിച്ചിരിക്കുന്നത്.

∙ ഇൻഫോസിസ് ഒക്ടോബർ 11ന് രണ്ടാം പാദഫലം പുറത്തുവിടും. കൂടാതെ കമ്പനി അമേരിക്കയിൽ ആറാമത്തെ ഇന്നൊവേഷൻ സെന്റർ കൂടി തുറക്കുന്നത് ഓഹരിയെ കൂടുതൽ ആകർഷകമാക്കും. ഓഹരിക്ക് 900 രൂപ ലക്ഷ്യം കാണാവുന്നതാണ്.

∙ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന് ആകാശ് മിസൈലിന്റെ 5357 കോടി ഓർഡർ ലഭിച്ചത് നേട്ടമായി. കമ്പനിയുടെ ഓർഡർ ബുക്ക് ഓഹരിയെ കൂടുതൽ ആകർഷകമാക്കുന്നു. 116 രൂപയാണ് മോർഗൻ സ്റ്റാൻലി ഓഹരിക്ക് ലക്ഷ്യം വയ്ക്കുന്ന വില.

∙ ഇന്ത്യയുടെ രണ്ടാമത്തെ വലിയ റിഫൈനെറിയും എണ്ണ വിപണന കമ്പനിയുമായ ബിപിസിഎലിന്റെ ഓഹരികൾ വിദേശ സ്ഥാപനത്തിന് വിൽക്കാനൊരുങ്ങുന്നത് മറ്റ് എണ്ണ വിപണന കമ്പനികളുടെ ഓഹരികളെയും ആകർഷകമാക്കുന്നു.

∙ എയർ ഇന്ത്യയെ പൂർണമായും കൈവിടാൻ സർക്കാർ ഒരുങ്ങുന്നു. എയർ ഇന്ത്യ സ്പെസിഫിക് ഒാൾട്ടർനേറ്റീവ് മെക്കാനിസം മീറ്റിങ്ങിന് ശേഷം കൂടുതൽ വിവരങ്ങൾ പുറത്തുവിടും.

∙ ജെകുമാർ ഇൻഫ്രയ്ക്ക് മുംബൈ നഗരവികസന അതോറിറ്റിയുടെ 1998 കോടിയുടെയും മറ്റൊരു 324 കൊടിയുടെയും ഓർഡറുകൾ ലഭ്യമായത് ഓഹരിക്ക് നേട്ടമാണ്.

∙ ക്രെഡിറ്റ് സ്വിസ് കോൾഗേറ്റിന് 1450 രൂപ ലക്ഷ്യം പ്രഖ്യാപിച്ചു.

∙ ഗോൾഡ് മാൻ സാക്‌സ് എൽആൻഡ്ടി ഇൻഫോടെക്കിന് 1850 രൂപയാണ് ലക്ഷ്യം കാണുന്നത്.

∙ യുബിഎസ് പിഡിലൈറ്റ് ഇൻഡസ്ട്രീസിന് 1500 രൂപ ലക്ഷ്യം കാണുന്നു. ഏഷ്യൻ പെയിന്റിന് 1900 രൂപയും ലക്ഷ്യം വയ്ക്കുന്നു.

∙ എൽ& ടിക്ക് 2500 കോടി രൂപയുടെ കൂടി നിർമാണ കരാർ ലഭിച്ചിരിക്കുന്നു. ഓഹരി പ്രത്യേകം ശ്രദ്ധിക്കുക.

∙ അദാനി ഓഹരികളിൽ വലിയ തോതിലുള്ള വിദേശ പങ്കാളിത്തം വരുന്നത് ശ്രദ്ധിക്കുക.

∙ സെയിലിനു സ്വന്തം മൈനുകളിൽ നിന്നുമുള്ള ഇരുമ്പയിര് വിൽപന നടത്താൻ സർക്കാർ അനുമതി ലഭിച്ചത് ഓഹരിക്ക് ഗുണകരമാണ്.

∙ ഡോക്ടർ റെഡ്‌ഡീസ്‌ ലാബിന് ക്രെഡിറ്റ് സ്വിസ് 3055 രൂപയാണ് ലക്ഷ്യം ഉറപ്പിച്ചിരിക്കുന്നത്.

∙ എയു സ്‌മോൾ ഫിനാൻസ് ബാങ്കിന് സിറ്റി 720 രൂപ ലക്ഷ്യം കാണുന്നു.

∙ കമ്പനികളുടെ ലയന പ്രക്രിയകളിലൂടെ റിലയൻസ് ഇൻഡസ്ട്രീസിൽ മുകേഷ് അംബാനിയുടെ ഓഹരി വിഹിതം 48.8% ആയി ഉയർന്നു. വെള്ളിയാഴ്ച ഓഹരി വൻ കുതിച്ചു ചട്ടം നടത്തി. 1350 രൂപ ഓഹരിക്ക് കുറഞ്ഞ ലക്ഷ്യമായി കാണാവുന്നതാണ്. എച്ച്എസ്ബിസി ഓഹരിക്ക് 1475 രൂപയാണ് വെള്ളിയാഴ്ചയ്ക്ക് മുൻപ് കണ്ട ലക്ഷ്യ വില. ഓഹരി ആകർഷകമാണ്.

∙ 11 ലക്ഷം റെയിൽവേ ജീവനക്കാർക്ക് 78 ദിവസത്തെ വേതനം ബോണസ് ആയി ലഭിക്കുന്നത് ഇരു ചക്ര വാഹന വിപണി കൊതിയോടെ നോക്കുന്നു. ടി വി എസ്, ഐഷർ മോട്ടോർസ് എന്നിവ ശ്രദ്ധിക്കുക.

∙ അവന്യൂ സൂപ്പർ മാർട്ടിൽ ഗോൾഡ് മാൻ സാക്‌സ് അടക്കമുള്ള നിക്ഷേപകർ വാങ്ങൽ തുടരുന്നു. ഓഹരിക്ക് 2050 രൂപ ലക്ഷ്യം വയ്ക്കാവുന്നതാണ്. 1816 രൂപയാണ് വെള്ളിയാഴ്ചക്ക് മുമ്പ് ഗോൾഡ് മാൻ സാക്സിന്റെ പ്രഖ്യാപിത ലക്ഷ്യം.

∙ റാണ കപൂർ യെസ് ബാങ്കിന്റെ 2.3 % ഓഹരികൾ 337 കോടി രൂപയ്ക്ക് വിൽപന നടത്തി.

∙ എച്ഡിഎഫ്സി ബാങ്കിന്റെ ഓഹരിയുടെ മുഖ വില ഒരു രൂപയാക്കി. ഒക്ടോബർ ഒമ്പതിന് ബാങ്കിന്റെ റാൻഡം പാദ ഫലം പുറത്തു വരും. ഓഹരി ദീർഘ കാല നിക്ഷേപത്തിന് അനുയോജ്യമാണ്.

∙ അലുവാലിയ കോൺട്രാക്ടസ് 457 കോടി രൂപയുടെ ഓർഡറുകൾ സ്വന്തമാക്കി. ഓഹരി ശ്രദ്ധിക്കുക.

∙ ഗ്ലെൻമാർക് ഫാർമയുടെ റേറ്റിങ് എസ്&പി കുറച്ചത് ഓഹരിക്ക് തിരിച്ചടിയാണ്.

∙ എൻസിസിയുടെ കൂടുതൽ ഓഹരികൾ ഫണ്ടുകൾ വാങ്ങുന്നത് ഓഹരി വില സ്ഥിരപ്പെടുന്നതിനു കാരണമാകും.

∙ ബാങ്ക് ഓഫ് അമേരിക്ക ബയോകോണിന് 310 രൂപയാണ് വിലയിട്ടിരിക്കുന്നത്.

∙ ഇൻഡിഗോക്ക് സിഎൽഎസ്എ 2400 രൂപ ലക്ഷ്യം കാണുമ്പൊൾ ഗോൾഡ് മാൻ സാക്‌സ് 1830 രൂപ മാത്രമാണ് ലക്ഷ്യം കാണുന്നത്. ഉത്സവകാല യാത്രകൾ ഉയർന്ന ടിക്കറ്റ് നിരയ്ക്കും ടിക്കറ്റ് വില്പനയും ഉറപ്പു വരുത്തുന്നത് ഓഹരിക്ക് ഗുണകരമാണ്.

∙ വോൾട്ടാസിന് സിറ്റി 717 രൂപയും ഹാവെൽസിന് ജെഫേരിസ് 770 രൂപയും ലക്ഷ്യം കാണുന്നു.

∙ ഭാരത് ഫോർജ് അമേരിക്കയിലും യുറോപ്പിലും പ്രവർത്തനം വ്യാപിപ്പിക്കുന്നു. ഓഹരി ശ്രദ്ധിക്കുക .

∙ 70 പുതിയ സ്റ്റോറുകളാണ് ഫ്യൂച്ചർ റീറ്റെയ്ൽ ഇന്ത്യയൊട്ടാകെ ഈ കൊല്ലം തുറക്കുന്നത്. ഓഹരി ശ്രദ്ധിക്കുക.

∙ ഇ സിഗരറ്റ് നിരോധിച്ച സർക്കാർ നടപടി ഐടിസി, ഗോഡ്ഫ്രെ ഫിലിപ്സ് എന്നിവയ്ക്ക് തൽക്കാലം നേട്ടമാണ്.

വിപണി ഈയാഴ്ച

അനാവശ്യ ബജറ്റ് നികുതികളിലൂടെ നിക്ഷേപകന്റെ വിപണി ധനം നശിപ്പിച്ചശേഷം വെള്ളിയാഴ്ചത്തെ കോർപറേറ്റ് നികുതി സർജിക്കൽ സ്ട്രൈക്കിലൂടെ ഒരു മണിക്കൂറിനുള്ളിൽ അഞ്ചു ലക്ഷം കോടി രൂപയാണ് നിക്ഷേപകന് ധനമന്ത്രി തിരികെ നൽകിയത്. കോർപറേറ്റ് നികുതിയുടെ മറവിൽ എഫ്പിഐകളുടെമേൽ ചാർത്തിയിരുന്ന നികുതിയും എടുത്ത് മാറ്റിയത് വിദേശ നിക്ഷേപം തിരിച്ചൊഴുകുന്നതിന് തുടക്കമായേക്കാം. എന്നാൽ ഇന്ത്യൻ വിപണിയുടെ മത്സര ക്ഷമതാ കുറവും വിദേശ വിപണികളുടെ സാധ്യതകളും ഇതിന് തടസമാണ് താനും. എങ്കിലും ആഴ്ചയുടെ ആദ്യ ദിവസങ്ങളിൽ വിപണി മുന്നേറ്റം തുടരുക തന്നെ ചെയ്യും.

ന്യായമായ ലാഭങ്ങൾ ബുക്ക് ചെയാനായിരിക്കും ഫണ്ട് മാനേജർമാർ ആഴ്ചയുടെ രണ്ടാം ദിനം മുതൽ ശ്രദ്ധിക്കുക. ഈ ആഴ്ചയിൽ എക്സിറ്റ് പ്ലാനുകൾ അനിവാര്യമാണ്. എഫ്എംസിജി, ഓട്ടോ, എണ്ണ വിപണന ഓഹരികൾ, ബാങ്ക് എന്നീ സെക്ടറുകൾ ശ്രദ്ധിക്കുക. ഇൻഫോസിസ്, ടൈറ്റാൻ, ബജാജ് ഫിനാൻസ്, ജെകുമാർ ഇൻഫ്രാ, എൽആൻഡ്ടി, എച്ച്ഡിഎഫ്സി ബാങ്ക്, റിലയൻസ്, ഐസിഐസിഐ ബാങ്ക്, ഇൻഡിഗോ, ഭാരത് ഫോർജ്, ഫ്യൂച്ചർ റീറ്റെയ്ൽ, അവന്യൂ സൂപ്പർമാർട്ട്, ഫ്യൂച്ചർ ലൈഫ് സ്റ്റൈൽ, ബ്രിട്ടനിയ മുതലായ ഓഹരികളും പരിഗണിക്കാവുന്നതാണ്.

ഇമെയിൽabhipkurian@gmail.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com