രാജ്യത്ത് തൊഴിൽ കുറഞ്ഞുവെന്ന് കാണിക്കാൻ കാരണങ്ങൾ ഇല്ല: കേന്ദ്രമന്ത്രി
Mail This Article
ന്യൂഡൽഹി ∙ രാജ്യത്ത് തൊഴിൽ കുറയുന്നുവെന്നു പറയാൻ കാരണങ്ങളൊന്നുമില്ലെന്ന് കേന്ദ്രമന്ത്രി സന്തോഷ് കുമാർ ഗാംഗ്‌വർ. നോട്ടുനിരോധനം തൊഴിലവസരങ്ങളെ സാരമായി ബാധിച്ചുവെന്ന പ്രതിപക്ഷത്തിന്റെ വാദത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി സർക്കാർ വിവിധ പദ്ധതികൾ നടപ്പാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ നിയോജകമണ്ഡലത്തിലെ ആയിരക്കണക്കിന് തൊഴിലാളികൾക്ക് നോട്ടുനിരോധനം മൂലം ജോലി നഷ്ടപ്പെട്ടുവെന്നും ഇക്കാര്യത്തിൽ സർക്കാർ നടപടികൾ സ്വീകരിക്കുമോ എന്നും ടിഎംസി അംഗം കല്യാൺ ബാനർജിയുടെ ചോദ്യത്തിനാണ് അദ്ദേഹത്തിന്റെ പ്രതികരണം. ബംഗാളിലെ സെറാംപുരിൽനിന്നുള്ള എംപിയാണ് കല്യാൺ ബാനർജി.
മെച്ചപ്പെട്ട തൊഴിലവസരങ്ങളും സാധ്യതകളും തേടി രാജ്യത്തിന്റെ ഏത് ഭാഗത്തേക്കും സഞ്ചരിക്കാന്‍ ഓരോ പൗരനും ഭരണഘടന അവകാശം നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
2016 നവംബറിലാണ് കേന്ദ്രസർക്കാർ പഴയ 500, 1000 രൂപ കറൻസി നോട്ടുകൾ അസാധുവാക്കിയത്. കഴിഞ്ഞമാസം പുറത്തിറക്കിയ പഠന റിപ്പോർട്ടിൽ, ആറു വർഷത്തിനിടെ രാജ്യത്തെ 90 ലക്ഷം തൊഴിലവസരങ്ങൾ കുറഞ്ഞതായി പറഞ്ഞിരുന്നു. കാർഷിക–നിർമാണ മേഖലകളിലെ മന്ദഗതിയിലുള്ള വളർച്ചയാണ് തൊഴിലവസരങ്ങൾ കുറയുന്നതിനുള്ള കാരണമായി ചൂണ്ടിക്കാട്ടിയത്.
English Summary: No Reason That Employment Has Come Down: Union Minister