ADVERTISEMENT

കടലാണ് ക്യാപ്റ്റൻ നോബിൾ പെരേരയുടെ രണ്ടാം വീട്. കണ്ണെത്താ കടലിന്റെ ഉള്ളംകയ്യിലൂടെയുള്ള യാത്രകളാവണം, പ്രകൃതിക്കു മുമ്പിൽ മനുഷ്യൻ എത്ര നിസ്സാരനാണെന്ന വലിയ പാഠം ക്യാപ്റ്റനെ പഠിപ്പിച്ചത്. പ്രകൃതിയോടുള്ള പെരുമാറ്റത്തിലെ ഓരോ ചെറിയ തെറ്റിനും വലിയ പിഴ കൊടുക്കേണ്ടിവരുമെന്ന് ക്യാപ്റ്റൻ നമ്മളെ നിരന്തരം ഓർമിപ്പിക്കുന്നത് അതുകൊണ്ടാണ്.

മെർച്ചന്റ് നേവിയിൽ ക്യപ്റ്റനാണ് നോബിൾ പെരേര. മനുഷ്യൻ പ്രകൃതിക്കു മേൽ നടത്തുന്ന ക്രൂരതകളെയും അതിലൂടെ ഉണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനത്തെയും പറ്റി പഠിക്കുകയും അതിനെതിരെ വാദിക്കുകയും ചെയ്യുന്നയാൾ. എന്തുകൊണ്ടെന്ന ചോദ്യത്തിന് അതാണെന്റെ പാഷൻ എന്നു മറുപടി. അതിനുപിന്നാലെ പോകുന്നതാണ് ഇഷ്ടം. ഇലക്ട്രിക്കൽ ബിടെക് ബിരുദധാരിയെങ്കിലും കടലിനെയും കാലാവസ്ഥാ വ്യതിയാനത്തെയും കുറിച്ച് വിദ്യാർഥികൾക്കു ക്ലാസ് എടുക്കുന്നു; പ്രകൃതിസംരക്ഷണത്തിനായി പോരാടുന്നു.

കോട്ടയം പ്രസ്ക്ലബ് സംഘടിപ്പിച്ച ‘കാലാവസ്ഥാ വ്യതിയാനം: കേരളത്തിന്റെ ഭാവി’ എന്ന സെമിനാറിൽ മാധ്യമ വിദ്യാർഥികളുമായി സംസാരിക്കുന്നതിനിടയിലെ ചെറിയ ഇടവേളയിൽ അദ്ദേഹം പറഞ്ഞു: ‘എനിക്കൊറ്റയ്ക്ക് എല്ലാം ചെയ്യാനാവില്ല, പക്ഷേ നമുക്കൊരുമിച്ച് ഒരുപാടു ചെയ്യാനാകും’. 

∙ കേരളത്തിൽ അടുത്തുതന്നെ ഒരു വൻ പ്രളയത്തിനുകൂടി സാധ്യതയുണ്ടോ?

തീർച്ചയായും ഉണ്ടാകും. ഭൂമിയുടെ മൂന്നിലൊരു ഭാഗമാണ് കര. അറബിക്കടൽ, ഇന്ത്യൻ മഹാസമുദ്രം, ബംഗാൾ ഉൾക്കടൽ എന്നിങ്ങനെ മൂന്നു സമുദ്രങ്ങളാൽ ചുറ്റപ്പെട്ടതാണ് ഇന്ത്യ. അറബിക്കടലും ഇന്ത്യൻ മഹാസമുദ്രവും കേരളത്തെ ചുറ്റി അലയടിക്കുന്നു. ഇതിൽ അറബിക്കടലിൽ ചൂട് ക്രമാതീതമായി കൂടുന്നുണ്ട്. ചൂടു കൂടിയ വായു കേരളത്തിനു മുകളിലെത്തി മഴ പെയ്യിക്കും. വീണ്ടും പ്രളയം ഉണ്ടാകാൻ ഇതു വഴിയൊരുക്കും. പ്രകൃതിയെ കരുതലോടെ കാണണമെന്നതിന്റെ പാഠമായിരുന്നു ഓരോ പ്രളയവും. പക്ഷേ നമ്മളൊന്നും പഠിച്ചിട്ടില്ല. ആലപ്പാട് മണൽ ഖനനം, കളവപ്പാറ ദുരന്തം ഇതൊന്നും മറക്കാൻ പാടില്ല.

∙ കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനും പ്രകൃതിസംരക്ഷണത്തിലും സർക്കാരുകൾക്കു വലിയ പങ്കു വഹിക്കാനുണ്ട്. പക്ഷേ കേരളത്തിൽ അത് നടപ്പാകുന്നുണ്ടോ?

ഇല്ല എന്നതാണ് വാസ്തവം. മണൽ ഖനനവും ക്വാറികളും ഭൂമിയെ ആവശ്യത്തിലധികം തുരന്നെടുക്കുന്നു. ഈ വർഷം തന്നെ 80 ലധികം ഉരുൾപൊട്ടലുകൾ ഉണ്ടായി. അടുത്ത വർഷം ഇതിനെക്കാൾ കൂടുതലുണ്ടാകാം. കർശനമായ നിയമവ്യവസ്ഥകൾ ഇതിനെതിരെ ഉണ്ടാകേണ്ടത് ആവശ്യമാണ്. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള വികസനമാർഗങ്ങൾ അവലംബിക്കേണ്ടിയിരിക്കുന്നു.

∙ വികസനവും കാലാവസ്ഥാ വ്യതിയാനവും തമ്മിലുള്ള ബന്ധം?

സുസ്ഥിര വികസനം അത്യന്താപേക്ഷിതമാണ്. എന്നാൽ ഭൂമിയെ ചൂഷണം ചെയ്തുള്ള വികസനം ഒഴിവാക്കിയേ മതിയാകൂ. കേരളത്തെ സംബന്ധിച്ച് മുഴുവൻ ഭൂവിസ്തൃതിയുടെ 52.30% കാടും 47.7% വനേതര ഭൂമിയുമാണ്. ഒരു വിമാനത്താവളം പണിയണമെങ്കിൽക്കൂടി 100 ഹെക്ടറോളം ഭൂമി വേണ്ടിവരും. അത്രയും സ്ഥലത്തെ മഴവെള്ളം ഭൂമിക്കടിയിലേക്കു പോകാൻ മാർഗമില്ല. അത് നമ്മുടെ വീട്ടുമുറ്റത്തെത്താം. 

∙ കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനുള്ള മാർഗങ്ങൾ?

എല്ലാ വിഭാഗം ജനങ്ങൾക്കും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും ആഴത്തിലുള്ള അവബോധമുണ്ടാക്കണം.

അതുമാത്രം പോര, സർക്കാരിന്റെ ഭാഗത്തുനിന്നു ശക്തമായ നടപടികൾ ഉണ്ടാകണം. പ്രകൃതിക്ക് ഹാനികരമാകുന്ന വികസനപ്രവർത്തനങ്ങൾ ഒഴിവാക്കണം. മണ്ണും കല്ലും ഉപയോഗിച്ച് വീടു പണിയുന്നതിനു പകരം പുതിയ സാങ്കേതിക വിദ്യകൾ കൊണ്ടുവരണം. വെളളം ഒഴുകിപ്പോകാനുള്ള സംവിധാനങ്ങൾ, ക്വാറികളെ നിരോധിക്കുക തുടങ്ങിയ പദ്ധതികൾ നടപ്പാക്കണം. വികസിത രാജ്യങ്ങളിൽ ഇതിനായി അവലംബിക്കുന്ന രീതികൾ പിന്തുടരണം. 

∙ ജനങ്ങളുടെ മനോഭാവം എങ്ങനെ മാറ്റാം?

കേരളത്തിലെ ജനങ്ങളുടെ വലിയൊരു പ്രശ്നം ആർഭാടമാണ്. ഉപയോഗിക്കുന്നില്ലെങ്കിലും ഒന്നിലധികം വീടുകൾ പണിതുയർത്തുന്നു. കേരളത്തിൽ 20 ലക്ഷത്തിലധികം വീടുകൾ ഉപയോഗിക്കാതെ കിടക്കുന്നുവെന്നാണ് കണക്ക്. ഇത്തരം കാര്യങ്ങളിൽ മറ്റൊരാളെ അനുകരിക്കുന്നത് തീർച്ചയായും തെറ്റാണ്. ഈ ഭൂമി നമ്മുടേതു മാത്രമല്ല. പൂർവികരിൽനിന്നു നമുക്കു കിട്ടി, നമ്മുടെ മക്കൾക്കു കൈമാറേണ്ടതാണ്. അപ്പോൾ അതിനെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. ഗാന്ധിജി പറഞ്ഞിട്ടുള്ളതുപോലെ എല്ലാ മനുഷ്യർക്കും ഉള്ളത് ഈ ഭൂമിയിലുണ്ട്, എന്നാൽ ഒരാളുടെയും അത്യാഗ്രഹത്തിനുള്ളത് ഇവിടെയില്ല. അത് ഓർത്തിരിക്കേണ്ടത് അത്യാവശ്യമാണ്.

∙ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രധാന പ്രശ്നം ചൂട് കൂടുന്നതാണോ?

അതെ. ഏറ്റവും അധികം കാർബൺ ഡയോക്സൈഡ് പുറത്തുവിടുന്നത് ചൈനയിൽ നിന്നാണ്– 21%, തൊട്ടുപിന്നിൽ അമേരിക്ക– 13%. 7% ആണ് ഇന്ത്യ പുറത്തുവിടുന്നത്. ഇത് അന്തരീക്ഷ താപനില വർധിക്കാൻ കാരണമാകുന്നു. ക്രമാതീതമായി ചൂട് വർധിക്കുന്നതിനനുസരിച്ച്, പ്രത്യാഘാതങ്ങളും ഉണ്ടാകും. ഓസോൺ പാളിയിലെ വിള്ളൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാം. ചൂട് കാരണം അന്റാർട്ടിക്കയിലെ ഹിമപാളികൾ ഉരുകുന്നത് സമുദ്രജലനിരപ്പ് ഉയർത്തും. ഇത് പല തീരപ്രദേശങ്ങളും വെള്ളത്തിനടിയിലാകാൻ കാരണമാകും. ഭൂമി ചൂടുപിടിച്ചു എന്നതിനുള്ള 2400 ഓളം അടയാളങ്ങൾ ഇതിനോടകം  ശാസ്ത്രജ്ഞൻമാർ രേഖപ്പെടുത്തിക്കഴിഞ്ഞു. പ്രളയം, ഓഖി, മഹ എന്നിങ്ങനെ പല തരത്തിൽ നമ്മളും അത് അനുഭവിച്ചു കഴിഞ്ഞു. കാലാവസ്ഥയെ സംബന്ധിച്ചിടത്തോളം അടിയന്തരാവസ്ഥയാണിത്.

ക്യാപ്റ്റൻ നോബിൾ പെരേര പറഞ്ഞുനിർത്തി. തിരിച്ചിറങ്ങുമ്പോൾ ഒഎൻവിയുടെ വരികൾ മുഴങ്ങുന്നതുപോലെ....

ഹരിതമൃദുകഞ്ചുകം തെല്ലൊന്നു നീക്കി നീ-

യരുളിയ മുലപ്പാല്‍ കുടിച്ചു തെഴുത്തവര്‍-

ക്കൊരു ദാഹമുണ്ടായ് (ഒടുക്കത്തെ ദാഹം!)-

തിരുഹൃദയ രക്തം കുടിക്കാന്‍!

English Summary: Another Flood Should happen, says Captain Noble Pereira

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com