ADVERTISEMENT

തിരുവനന്തപുരം∙ വഞ്ചിയൂർ കോടതിയിൽ വനിതാ മജിസ്ട്രേറ്റിനെ അഭിഭാഷകർ ചേംബറിൽ തടഞ്ഞുവച്ച സംഭവം ഒത്തുതീർപ്പിലേക്ക്. കേസിന്റെ തുടർ നടപടികളുമായി മുന്നോട്ടുപോകാനില്ലെന്നും കേസ് പിന്‍വലിക്കുന്നതായും മജിസ്ട്രേറ്റ് വഞ്ചിയൂർ പൊലീസിനെ അറിയിച്ചു.

അഭിഭാഷകർക്കെതിരെ ഹൈക്കോടതിയുടെ ഇടപെടൽ ആവശ്യപ്പെട്ട് കേരള ജുഡീഷ്യൽ ഓഫിസേഴ്സ് അസോസിയേഷൻ ഹൈക്കോടതി റജിസ്ട്രാർക്ക് കത്തയച്ചിരുന്നു. ഹൈക്കോടതി നിലപാട് കടുപ്പിച്ചതോടെ ബാർ അസോസിയേഷൻ മജിസ്ട്രേറ്റിനോട് മാപ്പു പറഞ്ഞു. തുടർന്നാണ് അവർ പരാതി പിൻവലിച്ചത്.

ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലെ മജിസ്ട്രേറ്റ് ദീപ മോഹനനെതിരെയാണ് അഭിഭാഷകരുടെയും ബാർ അസോസിയേഷന്റെയും പ്രതിഷേധമുണ്ടായത്. വാഹനാപകടക്കേസിലെ പ്രതിക്കു ദീപ മോഹനൻ ജാമ്യം നിഷേധിച്ചത് ചട്ടവിരുദ്ധമാണെന്ന് ആരോപിച്ച അഭിഭാഷകർ കോടതി മുറി പൂട്ടാനും ശ്രമം നടത്തി. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എത്തിയാണ് മജിസ്ട്രേറ്റിനെ രക്ഷിച്ചത്.

പാപ്പനംകോട് ഡിപ്പോയിലെ കെഎസ്ആർടിസി ഡ്രൈവർ രഘുകുമാറിൻറെ ജാമ്യമാണ് മജിസ്ട്രേറ്റ് റദ്ദാക്കിയത്. 2015ൽ രഘു ഓടിച്ചിരുന്ന കെഎസ്ആർടിസി ബസ് ബ്രേക്കിട്ടപ്പോൾ യാത്രക്കാരി ലതാകുമാരിക്ക് പരുക്കേറ്റതിന്റെ പേരിലുള്ളതായിരുന്നു കേസ്. പ്രതി തന്നെ ഭീഷണിപ്പെടുത്തിയെന്നു ലതാകുമാരി അറിയിച്ചതോടെയാണ് രഘുവിൻറെ ജാമ്യം റദ്ദാക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com