പൗരത്വ നിയമം: ചെന്നൈയിലും ബെംഗളൂരുവിലും കൂറ്റൻ റാലികൾ
Mail This Article
ചെന്നൈ ∙ നഗരത്തെ സ്തംഭിപ്പിച്ചു പൗരത്വ നിയമത്തിനെതിരായ ഡിഎംകെ സഖ്യത്തിന്റെ മഹാറാലി. മദ്രാസ് ഹൈക്കോടതിയുടെ കർശന ഉപാധികളോടെ നടന്ന റാലിയിൽ പതിനായിരക്കണക്കിനാളുകൾ പങ്കെടുത്തു. ചെന്നൈ കോർപറേഷൻ ഓഫിസിൽനിന്നു രാജരത്നം സ്റ്റേഡിയം വരെയുള്ള രണ്ടു കിലോമീറ്റർ ദൂരം താണ്ടാൻ എടുത്തത് ഒന്നര മണിക്കൂർ. എം.കെ.സ്റ്റാലിൻ, പി.ചിദംബരം, സിപിഎം, സിപിഐ, മുസ്‌ലിം ലീഗ് സംസ്ഥാന നേതാക്കൾ എന്നിവർ നേതൃത്വം നൽകി. വൻ ജനക്കൂട്ടം റാലിക്കെത്തിയെങ്കിലും അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ല.
ബെംഗളൂരു ∙ പൗരത്വ ഭേദഗതി നിയമം (സിഎഎ), ദേശീയ പൗര റജിസ്റ്റര്‍ (എന്‍ആര്‍സി) എന്നിവയ്ക്കെതിരെ ബെംഗളൂരുവില്‍ പതിനായിരങ്ങളെ അണിനിരത്തി സമാധാനറാലി. 35 മുസ്‌ലിം സംഘടനകളുടെ നേതൃത്വത്തില്‍ കന്റോണ്‍മെന്റ് ഈദ്ഗാഹ് മൈതാനത്തു നടക്കുന്ന റാലിയില്‍ പങ്കെടുക്കാന്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും അന്യജില്ലകളില്‍ നിന്നുമായി ആയിരക്കണക്കിനാളുകളാണ് ദേശീയപതാകയേന്തി വാഹനറാലിയായി എത്തിയത്. ഇതോടെ എംജി റോഡ്, വിധാന്‍സൗധ ഉള്‍പ്പെടുന്ന സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്റ്റില്‍ വന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. കടകള്‍ അടച്ചിട്ട് വ്യാപാരികളും പിന്തുണയുമായെത്തി.
പതിനായിരത്തിലേറെ പൊലീസുകാര്‍ സുരക്ഷയ്ക്കായി രംഗത്തുണ്ട്. ബെംഗളൂരുവില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ക്ക് അനുമതി നല്‍കില്ലെന്നു സിറ്റി പൊലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈദ്ഗാഹ് മൈതാനത്തു നടക്കുന്ന സമാധാന സമ്മേളനമായതിനാല്‍ തടയില്ലെന്നു സിറ്റി പൊലീസ് കമ്മിഷണര്‍ ഭാസ്കര്‍ റാവു പറഞ്ഞു. ജില്ലയില്‍ നിരോധനാജ്ഞയും ഏര്‍പ്പെടുത്തിയില്ല. ആവശ്യമായ മുന്‍കരുതലെടുക്കാന്‍ മുഖ്യമന്ത്രി യെഡിയൂരപ്പ ഡിജിപി നീലമണി രാജുവിനു നിര്‍ദേശം നല്‍കിയിരുന്നു. മില്ലേഴ്സ് റോഡ്, നന്ദിദുര്‍ഗ റോഡ് എന്നിവിടങ്ങളില്‍ ട്രാഫിക് പൊലീസ് ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
English Summary: DMK, allies take out rally against CAA in Chennai